തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന്, വരുന്നത് വന്‍ വികസനം;സ്വാഗതം ചെയ്ത് ടൂറിസം മേഖല
മുംബൈ, ഡല്‍ഹി, ബംഗലൂരു വിമാനത്താവള വികസന മാതൃകയില്‍ തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നു. ഇവയടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്കാന് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നടത്തിപ്പ്,വികസനം എന്നിവ പാട്ടമെടുക്കുന്ന കമ്പനി ഉത്തരവാദിത്വമാണ്.
അഹമ്മദാബാദ്, ജയ്പൂര്‍,ലക്നോ,ഗുവാഹത്തി എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍. വന്‍ വിദേശ നിക്ഷേപം ഈ തീരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
തീരുമാനം നടപ്പാക്കുന്നതിലൂടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂടുമെന്നും തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവള വികസനം കേരളത്തിലെ ടൂറിസം മേഖലയ്ക്കു പ്രയോജനം ചെയ്യുമെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രതികരിച്ചു. തുടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോയ് പ്രസിഡന്റ് സി എസ് വിനോദും സെക്രട്ടറി പി വി മനുവും ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.