News

ട്രെയിന്‍ നിര്‍ത്തിയത് മൂര്‍ഖന്‍; സംഭവം വൈക്കം റോഡ്‌ സ്റ്റേഷനില്‍

റെയിൽവേ വൈദ്യുതി ലൈനില്‍ പാമ്പ‌് വീണ‌് വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന‌് ട്രെയിൻ നിന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം വ്യാഴാഴ്ച രാവിലെ ഏഴരയോടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിശ‌്ചലമായത‌്. ദിബ്രൂ​ഗഡിൽനിന്നും കന്യാകുമാരിക്ക് പോവുകയായിരുന്ന വിവേക് എക്സ്പ്രസാണ് വൈദ്യുതിനിലച്ച‌തിനാൽ നിശ‌്ചലമായത‌്. ലൈനില്‍ വീണ പാമ്പ‌് ചത്ത‌് ബോഗിയുടെ മുകളിൽ വൈദ്യുതി സ്വീകരിക്കുന്ന ഭാഗത്ത‌് (പാന്റോഗ്രാഫ‌്) ചുറ്റിക്കിടക്കുന്ന നിലയിലായിരുന്നു. ഇതേതുടർന്ന‌് രണ്ട‌് മണിക്കൂർ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവിധയിടങ്ങളിൽ ട്രെയിനുകൾ പിടിച്ചിട്ടു.

പിറവം റോഡിൽനിന്നും വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് ഒന്നാം ലൈനിലൂടെ വണ്ടി എത്തുമ്പോഴായിരുന്നു സംഭവം. പെട്ടെന്ന‌് എൻജിൻ നിന്നതിനെതുടർന്ന‌് ലോക്കോ പൈലറ്റും റെയിൽവേ ഉദ്യോ​ഗസ്ഥരും നടത്തിയ പരിശോധനയിലാണ് ട്രെയിനിന്റെ പാന്റോ​ഗ്രാഫില്‍ പാമ്പ‌് ചുറ്റിക്കിടക്കുന്നത് കണ്ടത‌്. ഉന്നത ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ലൈൻ ഓഫാക്കിയശേഷം ചത്ത പാമ്പിനെ  നീക്കംചെയ്യുകയായിരുന്നു. രണ്ട് മണിക്കൂറുകൾക്കുശേഷം 9.30 ഓടെ ട്രെയിൻ യാത്ര തുടർന്നു. ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട് എക്സ്പ്രസ്, കൊല്ലം എറണാകുളം മെമു, എറണാകുളം – കായംകുളം പാസഞ്ചർ, പരശുറാം, ശബരി എക്സ്പ്രസുകളെല്ലാം മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തിയത്.