Auto

ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനിയുമായി ഇന്‍ഡസ് മോട്ടേഴ്‌സ് രംഗത്ത്

ഡ്രൈവറുടെ സേവനമില്ലാതെ വാടക കാര്‍ സ്വന്തമായി ഓടിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. വാടക കാറുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് എത്താന്‍ ഇനി ഒരു ക്ലിക്കിന്റെ അകലം മാത്രം. സംസ്ഥാനത്തുടനീളം വാടക കാറുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ ഡീലറായ ഇന്‍ഡസ് മോട്ടോഴ്‌സ് ആണ് സര്‍വീസിന് പിന്നില്‍.

ഇനി കാറുകള്‍ ഒരു ക്ലിക്കിനരികെ നിങ്ങളുടെ അടുത്തെത്തും. ഇന്‍ഡസ് ഗോ എന്നാണ് സംസ്ഥാനമൊട്ടാകെ ലഭ്യമാകുന്ന ഈ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പേര്. അംഗീകൃത വാഹനത്തില്‍ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്താണ് ഇന്‍ഡസ് ഗോയുടെ രംഗപ്രവേശം.

വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്‌ക്കെല്ലാം പുറമെ വീടുകളിലും കാറുകള്‍ എത്തിച്ചു തരും എന്നതാണ് ഇന്‍ഡസ് ഗോയുടെ പ്രധാന പ്രത്യേകത. വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വിശാലമായ വാഹനനിരയും ഒരുക്കിയിട്ടുണ്ട്. പ്രീമിയം ലക്ഷുറി വാഹനങ്ങള്‍, എക്‌സിക്യൂട്ടീവ് സെഡാനുകള്‍, എസ് യുവികള്‍ തുടങ്ങി വിവിധ കമ്പനികളുടെ കാറുകളും ഇന്‍ഡസ് ഗോയില്‍ ലഭ്യമാണ്. നിലവില്‍ കേരളത്തില്‍ 40 കേന്ദ്രങ്ങളാണ് തുറന്നത്. വരും മാസങ്ങളില്‍ ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ സര്‍വീസിന് തുടക്കം കുറിച്ചു. കേരളത്തിലെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇന്‍ഡസ് ഗോ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ യാത്രികര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാകും ഇന്‍ഡസ് ഗോയുടെ സേവനം എന്ന് ഇന്‍ഡസ് മോട്ടോഴ്‌സ് എം ഡി അബ്ദുള്‍ വഹാബും വ്യക്തമാക്കി.