പൂക്കോടും കര്‍ലാടും കൂടുതല്‍ ബോട്ടുകള്‍ വരുന്നു
സന്ദര്‍ശകര്‍ക്ക് ജലാശയ സൗന്ദര്യം നുകരാന്‍ പൂക്കോടും കര്‍ലാടും പുതിയ ബോട്ടുകള്‍ ഇറക്കും. 40 തുഴബോട്ടുകളാണ് പുതുതായി വാങ്ങുന്നത്. ഇതില്‍ 20 എണ്ണത്തില്‍ നാലു വീതം ഇരിപ്പിടങ്ങളുണ്ട്. രണ്ടു വീതം സീറ്റുള്ളതാണ് മറ്റുള്ളവ. പുതിയ ബോട്ടുകള്‍ ഈ മാസം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തും. തുഴബോട്ടുകള്‍ക്കു പുറമേ 17 ഫൈബര്‍ കയാക്കിംഗ് ബോട്ടുകളും അഞ്ച് ഫൈബര്‍ ഡിങ്കികളുമാണ് വാങ്ങുക.
പുതിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകും. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാ-ര കേന്ദ്രങ്ങളാണ് പൂക്കോടും കര്‍ലാടുമുള്ള ശുദ്ധജല തടാകങ്ങള്‍. നിലവില്‍ പൂക്കോട് 25 ബോട്ടുകളാണ് ഉള്ളത്. ഇതില്‍ എട്ടെണ്ണം എക്‌സിക്യുട്ടീവ് ബോട്ടുകളാണ്. കര്‍ലാട് ബോട്ടിംഗ് സൗകര്യം ഇപ്പോള്‍ പരിമിതമാണ്.
സമുദ്രനിരപ്പില്‍ നിന്നു ഏകദേശം 770 മീറ്റര്‍ ഉയരത്തിലാണ് കേരളത്തില്‍ വിസ്തൃതിയില്‍ രണ്ടാംസ്ഥാനത്തുള്ള പൂക്കോട് തടാകം. വൈത്തിരിക്കു സമീപം ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചത്. നാല് പതിറ്റാണ്ടു മുന്‍പ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി.
പരമാവധി ആഴം 12 മീറ്ററും. നിലവില്‍ ഇത് 5.172 ഹെക്ടറും 6.5 മീറ്ററുമാണ്. നൈസര്‍ഗിക സൗന്ദര്യത്തിനു പുറമേ ജൈവ വൈവിധ്യ സമൃദ്ധിക്കും പുകള്‍ പെറ്റതാണ് പൂക്കോട് തടാകവും പരിസരവും. ഇവിടെ മാത്രം കാണുന്ന മീന്‍ ഇനമാണ് പൂക്കോട് പരല്‍. തടാകത്തെ ചുറ്റിയുള്ള വനപ്രദേശം 70ല്‍പരം ഇനം പക്ഷികളുടേയും നിരവധി ഇനം പൂമ്പാറ്റകളുടേയും ആവാസവ്യവസ്ഥയാണ്.
തരിയോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് കര്‍ലാട് തടാകം. കല്‍പ്പറ്റയില്‍നിന്നു 18 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.11 ഏക്കര്‍ വിസ്തൃതിയും ശരാശരി ആറ് മീറ്റര്‍ ആഴവുമാണ് കര്‍ലാട് തടാകത്തിനുള്ളത് സ്വകാര്യ ഉടമസ്ഥതയിലായിരുന്ന താടാകവും ഇതോടുചേര്‍ന്നു മൂന്നര ഏക്കര്‍ കരയും 1999ല്‍ തരിയോട് പഞ്ചായത്ത് വിലയ്ക്കുവാങ്ങിയതാണ്. വിനോദസഞ്ചാര വികസനത്തിനായി 2002ലാണ് തടാകവും ചേര്‍ന്നുള്ള കരയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കൈമാറിയത്.