സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മഹാബലേശ്വര്‍
പശ്ചിമ മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മഹാബലേറിലും പാഞ്ച്ഗണിയിലും സന്ദര്‍ശക പ്രവാഹം തുടങ്ങി. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നു കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്തെ പ്രധാന സീസണില്‍ സന്ദര്‍ശകര്‍ കുറഞ്ഞതിന്റെ ആഘാതത്തില്‍നിന്ന് ഇത്തവണ തിരിച്ചുകയറാനാകുമെന്ന കണക്കുകൂട്ടലിലാണു ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടലുടമകളും കച്ചവടക്കാരും.ദീപാവലി അവധിയോടെയാണു സീസണു തുടക്കമാകുന്നത്. സമുദ്രനിരപ്പില്‍നിന്നു 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വതമേഖലയാണു മഹാബലേശ്വര്‍.
വേനലില്‍ സംസ്ഥാനം വെന്തുരുകുമ്പോഴും തണുപ്പുള്ള ഇവിടെ അക്കാലമാണു പ്രധാന സീസണ്‍. ക്ലീന്‍ സിറ്റിയെന്ന് അറിയപ്പെടുന്ന പാഞ്ച്ഗണിയില്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കുറവാണെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബോര്‍ഡിങ് സ്‌കൂളുകളുള്ള കേന്ദ്രങ്ങളിലൊന്നാണിത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌ട്രോബെറി കൃഷിയുള്ളതും മഹാബലേശ്വറിലാണ്. പാഞ്ചഗണിയില്‍ കച്ചവട മേഖലയിലും സ്‌കൂളുകളിലുമായി ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഇവിടെ 60 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അപ്‌സര ഹോട്ടലിലെ ഉസ്മാന്‍ വടക്കുമ്പാട് പറഞ്ഞു