Kerala

സുവര്‍ണ പുരസ്‌ക്കാര നേട്ടത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍

കുമരകത്തെ ഉത്തരവാദിത്ത ടൂറിസം വീണ്ടും ലോകത്തിന്റെ നെറുകയില്‍. ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കുമരകത്തെ ഉത്തരവാദിത്ത ടൂറിസം മിഷന് സുവര്‍ണ പുരസ്‌ക്കാരം ലഭിച്ചു. ടൂറിസം രംഗത്തെ ഏറ്റവും വലിയ അവാര്‍ഡ് നേട്ടമാണ് ഇതോടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കൈവരിച്ചത്.


ഇന്നലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.

ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തി നാടിന്റെ പൈതൃകം ലോകത്തിന്റെ നെറുകയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. 2007 ഡിസം ബറിലാണ് കുമരകത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആരംഭിക്കുന്നത്.

ടൂറിസത്തിന്റെ ഗുണപരമായ അംശങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ ഉത്തരവാദിത്വ ടൂറിസം ലോകവ്യാപകമായി സ്വീകരിക്കപ്പെടുന്നു.

പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താതെ ടൂറിസ്റ്റുകള്‍ക്കും തദ്ദേശവാസികള്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കാനുള്ള സമഗ്രസമീപനമാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളത്. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഉത്തരവാദിത്ത ടൂറിസം തദ്ദേശീയ സമൂഹത്തിന്റെ ജീവിതാവസ്ഥകളെ അത്ഭൂതകരമാം വിധം മെച്ചപ്പെടുത്തി.

അവാര്‍ഡ്‌ നേട്ടത്തിലൂടെ ജനകീയ ടൂറിസം മൂവ്‌മെന്റിനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ വളരെ അഭിമാനം തോന്നുന്നു. ഇനിയും ഒരുപാട് പദ്ധതികള്‍ ഉത്തരവാദിത്ത ടൂറിസത്തിലൂടെ മുന്നോട്ട് വെയ്ക്കാനുണ്ട്. അതിലേക്കുള്ള ചവിട്ട് പടിയാണ് ഈ പുരസ്‌ക്കാരങ്ങള്‍. പ്രളയാനന്തരം കുമരകത്തെ ടൂറിസം മേഖല അപ്പാടെ തകര്‍ന്ന് പോയി എന്നാല്‍ നാട് മുഴുവന്‍ ഒന്നിച്ച് കൈകോര്‍ത്തതിലൂടെ വീണ്ടും മേഖല സജീവമായി. ഒക്ടോബര്‍ മുതല്‍ സജീവ പ്രവര്‍ത്തനമാണ് നടക്കുന്നത്. അത് വളരെ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

മഹത്തായൊരു നേട്ടമാണ് കേരള ടൂറിസം കൈവരിച്ചത്. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ പുരസ്‌ക്കാര നേട്ടത്തിലൂടെ നമ്മുടെ ടൂറിസം ലോകത്തിന്റെ നെറുകയിലെത്തി. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബഹുമാനപ്പെട്ട ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജിനും, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാറിനും മിഷന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘത്തിനും ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഉത്തരവാദിത്ത മിഷന്റെ ആത്മാര്‍ത്ഥവും സമര്‍പ്പിതമായ പരിശ്രമത്തിന്റെ ഫലമാണ് ഈ അവാര്‍ഡ് നേട്ടം. മിഷന് വേണ്ടി പ്രവര്‍ത്തിച്ച് രൂപേഷ് കുമാറിന് ഈ നേട്ടം തികച്ചും അഭിമാനാര്‍ഹമാണ്. ഇതിലൂടെ കേരള ടൂറിസം ലോകത്തിന്റെ നെറുകയിലെത്തി. നാട് കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നാടിന്റെ പൈതൃകവും പ്രാദേശിക ജനങ്ങളുമായി ഇടപഴകാന്‍ സാധിക്കുന്നു ഇത് തന്നെ ആണ് ഈ പദ്ധതിയെ വ്യത്യസ്്തമാക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആത്മാര്‍ത്ഥ സേവനം ടൂറിസത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ശക്തിപ്പെടുത്തുന്നു എന്ന് അവാര്‍ഡ് നേട്ടത്തിന് ശേഷം ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു

ഏതാനും മാസം മുന്‍പാണ് ഇന്ത്യയിലെ മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള ദേശീയ അവാര്‍ഡ് കുമരകത്തിനു ലഭിച്ചത്. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിന്റെ സുവര്‍ണ പുരസ്‌ക്കാരം കൂടി ലഭിച്ചതോടെ ലോക ടൂറിസം രംഗത്തെ മിക്കവാറും അവാര്‍ഡുകളെല്ലാം ലഭിച്ച പദ്ധതിയായി കുമരകം ഉത്തരവാദിത്ത ടൂറിസം പദ്ധതി മാറി.