നവകേരളത്തിന്റെ പുതുപിറവിയില്‍ സംഗീത ആല്‍ബവുമായി ടൂറിസം വകുപ്പ്

മഹാ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ കേരളപ്പിറവി ദിനത്തില്‍ തകര്‍പ്പന്‍ വീഡിയോ ആല്‍ബം പുറത്തിറക്കി ടൂറിസം വകുപ്പ്.


പരമ്പരാഗത വാദ്യോപകരണങ്ങളും നാടന്‍പാട്ടിന്റെ പശ്ചത്താലത്തില്‍ തയ്യാറാക്കിയ ആല്‍ബത്തിന് ‘ശബ്ദത്തെ പിന്‍തുടരുന്ന പെണ്‍കുട്ടി’യെന്നാണ് പേര്.

നിഖില്‍ കുറ്റിങ്ങല്‍ സംവിധാനം ചെയ്ത സംഗീത ആല്‍ബത്തിന്റെ ആശയം അലന്‍ ടോമിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ലിയോ ടോമിയാണ് രശ്മി സതീഷ് പാടിയ പാട്ടിന് നടിയും മോഡലുമായ കേതകി നാരയണനാണ് ശബദത്തെ പിന്‍തുടരുന്ന പെണ്‍കുട്ടിയായി അഭിനയിച്ചിരിക്കുന്നത്.

കേരളത്തിന്റെ ശബ്ദങ്ങള്‍ എന്ന കാഴ്ചപാടില്‍ തയ്യാറാക്കിയിരിക്കുന്ന ആല്‍ബത്തില്‍ കേരള വിനോദസഞ്ചാരത്തിന്റെ ബ്രാന്റിങിന്റെ ഭാഗമായി വീഡിയോ തയ്യാറാക്കാനുളള കരാറെടുത്തത് മീഡിയലാപ്സ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ഭാഗമായിരുന്നു നിഖിലും അലനും ലിയോയുമെല്ലാം. ജിഷ്ണു വെടിയൂരാണ് മീഡിയാലാപ്സിന്റെ ഉടമ.

ഏപ്രില്‍-മെയ് മാസങ്ങളിലായിരുന്നു ഈ മ്യൂസിക് ആല്‍ബം ചിത്രീകരിച്ചത്. എന്നാല്‍ അതിന് ശേഷം പ്രളയം ടൂറിസം രംഗത്തെ വലിയ തോതില്‍ തകര്‍ത്തു. നവകേരള നിര്‍മ്മാണത്തില്‍ ടൂറിസം രംഗത്തെ പരിപോഷിപ്പിക്കാനാണ് ശ്രമം. ഇതിനായാണ് കേരളപ്പിറവി ദിനത്തില്‍ വീഡിയോ ടൂറിസം വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

കേരള ടൂറിസം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടും വിധം മികച്ച ബ്രാന്റായി മാറിയിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് കേരളത്തിലേക്കുളള വിനോദസഞ്ചാരികളുടെ ഒഴുക്കില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി ചരിത്രത്തിലെ ഏറ്റവും വലിയ വെളളപ്പൊക്കത്തില്‍ തകരാതെ തളരാതെ ഇപ്പോഴും ഉണ്ടെന്ന വിവരം ലോകത്തെ അറിയിക്കാന്‍ സംഗീത ആല്‍ബം സഹായിക്കുമെന്നാണ് കരുതുന്നത്.