Kerala

ഉത്തരമലബാറിലേക്കാണോ യാത്ര? എന്നാലിനി വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

ഉത്തര മലബാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ വിരല്‍ത്തുമ്പിലൊതുക്കുന്ന ‘സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ്’ പുറത്തിറങ്ങി. ഈ പ്രദേശത്തെ ടൂറിസം വികസനം പരമവാധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ കഥാരുപേണ ലഭ്യമാക്കുകയും യാത്രികരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവരസാങ്കേതികവിദ്യയുടെ എല്ലാ നൂതന സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.

യാത്രാമാര്‍ഗങ്ങള്‍, ടൂര്‍ പ്ലാനിങ്, ഓര്‍മ്മപ്പെടുത്തലിനുള്ള അലാറം നോട്ടിഫിക്കേഷന്‍, സുഹൃത്തുക്കളുമായി വിവരവിനിമയം, താമസ സൗകര്യങ്ങള്‍, റിസര്‍വേഷന്‍, സ്ത്രീകള്‍ക്ക് ഹെല്‍പ്ലൈന്‍, ആംബുലന്‍സ് വിവരം തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധമുള്ള മിക്ക കാര്യങ്ങള്‍ക്കും ഗൈഡ് ഉപയോഗിക്കാം.

ടൂറിസം വകുപ്പിനു കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പറേഷനാണ് (ബിആര്‍ഡിസി) പദ്ധതി നടപ്പിലാക്കിയത്. ടൂറിസ്റ്റുകള്‍, വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍, സേവന ദാതാക്കള്‍ എന്നീ മൂന്ന് ഘടകങ്ങളെ ബന്ധിപ്പിക്കുന്നതാണ് ടൂര്‍ ഗൈഡ്.

ആമപ്പള്ളം, അറക്കല്‍ കൊട്ടാരം, ബേക്കല്‍ കോട്ട, ബ്രണ്ണന്‍ കോളേജ്, നീലേശ്വരം പാലസ്, മാടായിപ്പാറ, മടിയന്‍ കൂലം, മൂശാരിക്കൊവ്വല്‍, കണ്ണൂര്‍ ഫോര്‍ട്ട്, ഓവര്‍ബറിസ് ഫോളി, പൊസഡി ഗുംബെ, പുരളി മല, ധര്‍മ്മടം, ശൂലാപ്പ് കാവ്, തേജസ്വിനിപ്പുഴ തുടങ്ങി 40 ആകര്‍ഷണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഉത്തര മലബാര്‍ മേഖലയുടെ സമഗ്ര മാറ്റത്തിന് നാന്ദിയാകാവുന്ന പല പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്നും ഇതില്‍ ആദ്യത്തെ ബൃഹത് പദ്ധതിയാണ് ‘വെര്‍ച്ച്വല്‍ ടൂര്‍ ഗൈഡ്’ എന്നും സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്രളയം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കു കടുത്ത ആഘാതമായെങ്കിലും, ഇത് ഉത്തര മലബാറിനെ കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ സീസണില്‍ ഉത്തര മലബാറിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസ്റ്റുകളുടെ വരവ് വര്‍ദ്ധിപ്പിക്കുക, പുതിയ ടൂറിസം സംരംഭങ്ങളിലൂടെ ഉയര്‍ന്ന തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ അടിസ്ഥാന ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നവീന പദ്ധതികളുടെ ഗണത്തില്‍ പെടുത്തിയാണ് ബിആര്‍ഡിസി പദ്ധതിക്ക് 50 ലക്ഷം രൂപ ചെലവില്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളുടെ ചരിത്രം, സംസ്‌കാരം, മറ്റു പ്രത്യേകതകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന ഓഡിയോ-വീഡിയോകള്‍ക്കൊപ്പം, വാക്രൂപത്തിലും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതത് ടൂറിസം ആകര്‍ഷണങ്ങളുമായി ബന്ധപ്പെട്ടുള്ള താമസ സൗകര്യങ്ങളും മറ്റു സേവനങ്ങളും നല്‍കുന്ന വ്യവസായ സംരംഭകരുടെ (സ്‌മൈല്‍) വിവരങ്ങളും സഞ്ചാരികള്‍ക്ക് ലഭ്യമാകും. ടൂറിസം ആകര്‍ഷക കേന്ദ്രങ്ങളെ കുറിച്ചുള്ള ‘കഥകള്‍’ കേള്‍ക്കാനും കാണാനും സാധിക്കുന്നതിലൂടെ സഞ്ചാരികള്‍ക്ക് അവ കൂടുതല്‍ അനുഭവവേദ്യമാകും. ജിപിഎസ് സൗകര്യമുള്ളതുകൊണ്ട് വഴി തെറ്റാതെ വിനോദ കേന്ദ്രത്തില്‍ എത്തിച്ചേരാനുമാകും.

വിനോദസഞ്ചാര കേന്ദ്രത്തിനുള്ളിലാണെങ്കില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചും അതിനുള്ളിലെ പ്രത്യേക ആകര്‍ഷണ കേന്ദ്രത്തിലാണെങ്കില്‍ ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്തും, ആഗോള തലത്തില്‍ വെബ്‌സൈറ്റിലൂടെയും ഗൈഡ് ഉപയോഗിക്കാം.

ഗൈഡിന്റെ പൂര്‍ണ്ണാനുഭവം ലഭ്യമാകണമെങ്കില്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഉപയോഗിക്കണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ് ഡൗണ്‍ലോഡ് ചെയ്യാം. ഉത്തര മലബാര്‍ ടൂറിസം ലക്ഷ്യകേന്ദ്രത്തിലാണെങ്കില്‍ ആപ്പ് ഉപയോഗിക്കുന്ന സ്ഥലത്തിന് ചുറ്റും 30 കിലോമീറ്ററിനുള്ളില്‍ സഞ്ചാരികളുടെ ആകര്‍ഷണങ്ങള്‍ ലഭ്യമാകും. ഓരോ ആകര്‍ഷക കേന്ദ്രം തെരഞ്ഞെടുക്കുമ്പോഴും അവയുടെ 30 കിലോമീറ്ററിനുള്ളില്‍ സ്‌മൈല്‍ സേവന ദാതാക്കളുടെ വിവരങ്ങളും ലഭിക്കും. ഡെസ്റ്റിനേഷന് പുറത്താണെങ്കില്‍ ലൈററ് മോഡ് ഉപയോഗിച്ച് വിമാനത്താവളമോ റെയില്‍വെ സ്റ്റേഷനോ തെരഞ്ഞെടുക്കുമ്പോള്‍ 30 കിമീ പരിധിയിലുള്ള ആകര്‍ഷക കേന്ദ്രങ്ങളുടെയും സേവന ദാതാക്കളുടെയും വിവരങ്ങള്‍ ലഭ്യമാകും.

ഓരോ പ്രദേശത്തും ക്യുആര്‍ കോഡ് പതിച്ച സൈനേജ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത് മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ ഈ കേന്ദ്രത്തെ കുറിച്ചും ചുറ്റുമുള്ള സേവന ദാതാക്കളെ കുറിച്ചുമുള്ള വിവരങ്ങള്‍ അടങ്ങിയ വെബ് പേജുകളില്‍ നേരിട്ടെത്താം. ബിആര്‍ഡിസി വെബ്‌സൈറ്റ് വഴിയും വെര്‍ച്വല്‍ ടൂര്‍ ഗൈഡ് ഉപയോഗിക്കാം.