ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി കൊല്ലം ഡി ടി പി സി
പ്രളയത്തെതുടര്‍ന്ന് മന്ദഗതിയിലായ കൊല്ലം ജില്ലയിലെ ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി ഡിടിപിസി. സഹ്യപര്‍വതത്തിന്റെ കിഴക്കന്‍ ചരിവിലെ മനോഹാരിതയുടെ മടിത്തട്ടായ മൂന്നാറും സാഹസികത ഇഷ്ടടപ്പെടുന്ന സഞ്ചാരികള്‍ക്കായി ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമായ ജടായുവും ഉള്‍പ്പെടെ സന്ദര്‍ശിക്കാനും പുഴയും തോടും ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന മണ്‍റോതുരുത്തിന്റെ വശ്യതയു ആസ്വദിക്കാന്‍ പര്യാപ്തമാംവിധം ടൂര്‍ പാക്കേജ് ഒരുക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രംഗത്തുവന്നത്.
ഗ്രാമീണ ടൂറിസം രംഗത്ത് വന്‍ ചലനം സൃഷ്ടിക്കാനുതകുംവിധം ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ചടയമംഗലം ജടായു എര്‍ത് സെന്ററുമായി ബന്ധപ്പെടുത്തിയും കൊല്ലത്തുനിന്ന് മൂന്നാര്‍, ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കുള്ള പാക്കേജുകള്‍ക്കുമാണ് തുടക്കമായത്. സര്‍വീസ് എം മുകേഷ് എംഎല്‍എ ഫ്‌ലാഗ്ഓഫ് ചെയ്തു.
വിവിധ വാഹന പാക്കേജുകളുടെ ബ്രോഷര്‍ ഡിടിപിസി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എക്‌സ് ഏണസ്റ്റിനും സാമ്പ്രാണിക്കോടി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ ബോട്ടിങ് പാക്കേജുകളുടെ ബ്രോഷര്‍ ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ശങ്കരപ്പിള്ളയ്ക്കും നല്‍കി എംഎല്‍എ പ്രകാശനംചെയ്തു. ഡിടിപിസി സെക്രട്ടറി സി സന്തോഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു.
കൊല്ലം ജടായുപാറ എര്‍ത്‌സെന്റര്‍ യാത്ര അരദിവസത്തെ പാക്കേജാണ്. ജടായു എര്‍ത്‌സെന്ററും മണ്‍റോതുരുത്ത് ഉള്‍ക്കൊള്ളുന്ന കൊല്ലത്തെ ഹൗസ്‌ബോട്ട് യാത്രയും ഒരു ദിവസം വീതമുള്ള രണ്ടു പാക്കേജുകളാണ്.
മൂന്നാര്‍ പാക്കേജ് രണ്ടു ദിവസത്തേക്കാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊല്ലത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഇനി അലയേണ്ട. കരകൗശല ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ ഗ്രാമീണര്‍ ഒരുക്കുന്ന വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും അഷ്ടമുടിയില്‍ സ്ഥിരംകേന്ദ്രം ഒരുങ്ങുന്നു.
അഷ്ടമുടി ക്ഷേത്രത്തിലെ ഉരുള്‍ മഹോത്സവത്തോട് അനുബന്ധിച്ച് നിരവധി നാടന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകുന്ന ഇടം എന്ന പരിഗണന കൂടി കണക്കിലെടുത്താണ് ഇവിടം വില്ലേജ് ക്രാഫ്ട് മ്യൂസിയമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത് എം മുകേഷ് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 49.5ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമീണ ടൂറിസം വികസനത്തിന്റെ ഭാഗമായി വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ഡിടിപിസി നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ഇവിടെ തകര്‍ച്ചയിലുള്ള ഡിടിപിസിയുടെ കെട്ടിടം നവീകരിച്ചാണ് കേന്ദ്രം സജ്ജമാക്കുക.
അഷ്ടമുടിയുടെ തീരപ്രദേശങ്ങളിലെ കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുക്കുന്ന കരകൗശല വസ്തുക്കളും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. സമീപത്തെ ബോട്ട് ജെട്ടി എംഎല്‍എ ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് നേരത്തെ നവീകരിച്ചിരുന്നു.
ജില്ലയിലെ കായല്‍ ടൂറിസത്തില്‍ ആകൃഷ്ടരായി എത്തുന്നവരുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമായ മണ്‍റോതുരുത്തിലേക്കുള്ള യാത്രാ മധ്യേ ഇറങ്ങാനും വിശ്രമിക്കാനും ഇത്തരം കേന്ദ്രം സഹായകരമാകും. സാമ്പ്രാണിക്കോടിയും ഇത്തരം കേന്ദ്രമായി ഉയര്‍ത്തും