Kerala

ബേപ്പൂര്‍ ടൂറിസം വികസനത്തിന് സമഗ്രപദ്ധതി വരുന്നു

വിനോദ സഞ്ചാര മേഖലയില്‍ ബേപ്പൂരിന്റെ സാധ്യതകള്‍ വിനിയോഗിക്കാന്‍ സമഗ്രപദ്ധതി വരുന്നു. ബേപ്പൂരിന്റെ ചരിത്രവും പൈതൃകവും നിലനിര്‍ത്തി ബേപ്പൂര്‍ പുലിമുട്ട് തീരവും പ്രദേശങ്ങളും എല്ലാ സൗകര്യങ്ങളോടുംകൂടി വികസിപ്പിക്കാനാണ് പദ്ധതി.

ഏകദേശം 10 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ഉത്തരവാദ, -സാംസ്‌കാരിക ടൂറിസം, ജല ടൂറിസം, തുറമുഖ -മത്സ്യബന്ധന മേഖലകള്‍, കപ്പല്‍ യാത്രാ സൗകര്യങ്ങള്‍, പരമ്പരാഗത – കലാ-സാംസ്‌കാരിക, കരകൗശല മേഖലകള്‍ തുടങ്ങിയവയെ കൂട്ടിയിണക്കും.

ഇതിനായി വി കെ സി മമ്മദ് കോയ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നു. ടൂറിസം വകുപ്പ് നിയോഗിച്ച കണ്‍സള്‍ട്ടന്റ് ആര്‍ക്കിടെക്ട് എ വി പ്രശാന്തും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇരിങ്ങല്‍ സര്‍ഗാലയയുടെ പ്രതിനിധികളും പങ്കെടുത്തു.

നേരത്തെ കോടികള്‍ ചെലവിട്ട് നടപ്പിലാക്കിയ പുലിമുട്ട് തീരത്തെ ടൂറിസം വികസന പദ്ധതികള്‍ക്ക് കൃത്യമായ തുടര്‍ച്ചയും യഥാസമയം അറ്റകുറ്റപ്പണികളുമില്ല. മികച്ച ഭോജന ശാലകള്‍, ഷോപ്പിങ് സെന്റര്‍ തുടങ്ങിയവയുമില്ല. ഇതിനെല്ലാം പരിഹാരം കാണുകയാണ് ലക്ഷ്യം.

തീരത്തെ വടക്കുഭാഗത്തേക്കുള്ള നടപ്പാത നീട്ടി ഇതിന് സമീപത്തായി കുട്ടികളുടെ ഉല്ലാസ കേന്ദ്രമൊരുക്കും. ക്രൂയിസ് കപ്പല്‍ സര്‍വീസും വാട്ടര്‍ ടൂറിസത്തിനും ഇതിനകം ധാരണയായതായി പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ കെ അശ്വനി പ്രതാപ് ചര്‍ച്ചയില്‍ അറിയിച്ചു.

സാംസ്‌കാരിക വകുപ്പ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 22 പൈതൃക ഗ്രാമങ്ങളിലുള്‍പ്പെടുത്തി നടപ്പാക്കുന്ന ‘റൂറല്‍ ആര്‍ട്ട് ഹബ്’ പദ്ധതിയുടെ ഭാഗമായി പ്രധാന കരകൗശല നിര്‍മാണ കേന്ദ്രം ആര്‍ട് ഗ്യാലറിയുള്‍പ്പെടെ ടൂറിസത്തിന്റെ ഭാഗമാക്കി ഉള്‍പ്പെടുത്തും.

ബേപ്പൂരിനൊപ്പം ചാലിയാറിന്റെ മറുകരയായ ചാലിയവും ഫറോക്കും സമീപ പ്രദേശങ്ങളും കൂട്ടിയോജിപ്പിച്ചുള്ള പദ്ധതികളും പരിഗണനയിലുണ്ട്. വിശദമായ ചര്‍ച്ചക്കുശേഷം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത ബജറ്റിനകം പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനായേക്കും.

ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അനിതകുമാരി, ഡെപ്യൂട്ടി ഡയറക്ടര്‍ അനിത, ക്യാപ്റ്റന്‍ കെ കെ ഹരിദാസ്, ഇരിങ്ങല്‍ സര്‍ഗാലയ പ്രോജക്ട് മേധാവി കെ ചന്ദ്രന്‍, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ പ്രദീപ്, പോര്‍ട്ട് ജൂനിയര്‍ സൂപ്രണ്ട് അബ്ദുല്‍ മനാഫ്, ഖൊരഖ്പൂര്‍ ഐഐടി വാസ്തുശില്പ, ഗവേഷണ വിദ്യാര്‍ഥി അനുപമ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പദ്ധതി പ്രദേശവും സംഘം സന്ദര്‍ശിച്ചു.