പോകാം പൂക്കളുടെ കൊടുമുടിയിലേക്ക് …
(വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന പൂക്കളുടെ താഴ്വരയിലേക്ക് (താഴ്വര എന്ന് പറയുമെങ്കിലും മലകയറി കൊടുമുടിയില്‍ എത്തണം) മാധ്യമ പ്രവര്‍ത്തക പി എസ് ലക്ഷ്മി നടത്തിയ യാത്രാനുഭവം)
ഹിമാലയത്തിലേക്കൊരു യാത്ര വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു. പത്തോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ എസ് കെ പൊറ്റെക്കാടിന്‍റെ ഹിമാലയസാമ്രാജ്യത്തില്‍ എന്ന പുസ്തകം ആദ്യമായി വായിച്ചപ്പോള്‍ കണ്ടുതുടങ്ങിയ സ്വപ്നം. അതുകൊണ്ടൊക്കെത്തന്നെയാണ് വനിതാ സഞ്ചാരി കൂട്ടായ്മയായ അപ്പൂപ്പന്‍താടിയുടെ വാലി ഓഫ് ഫ്ളവേഴ്സ് യാത്രയെക്കുറിച്ച് കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ രജിസ്റ്റര്‍ ചെയ്തത്.
യാത്രയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞുതുടങ്ങിയപ്പോഴാണ് ട്രെക്കിംഗിനെക്കുറിച്ചും അതിനായി നടത്തേണ്ട തയാറെടുപ്പുകളെക്കുറിച്ചുമെല്ലാം ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്. സഹയാത്രികരില്‍ പലരും മാസങ്ങള്‍ക്കുമുമ്പേ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നറിഞ്ഞിട്ടും യാത്രക്ക് രണ്ടാഴ്ചമാത്രം ശേഷിക്കെയാണ് ഞാന്‍ സായാഹ്നനടത്തമെങ്കിലും ആരംഭിച്ചത്.
അങ്ങനെ ജൂണ്‍ 21ന് ഉച്ചയോടെ ഞാനുള്‍പ്പെടുന്ന ആദ്യ സംഘം വാലി ഓഫ് ഫ്ളവേഴ്സ് യാത്രക്കായി ഡെറാഡൂണില്‍ പറന്നിറങ്ങി. നാട്ടിലെ തോരാതെ പെയ്യുന്ന മഴയ്ക്കിടയിലൂടെ പറന്നുപൊങ്ങിയ ഞങ്ങളിറങ്ങിയതാകട്ടെ അസഹനീയമായ ചൂടിലേക്ക്. വാങ്ങിക്കൂട്ടിയ സ്വെറ്ററും, ജാക്കറ്റുമെല്ലാം വെറുതെയായോ എന്ന് സംശയിച്ച് ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സിയില്‍ ഋഷീകേശിലേക്ക്. ആ യാത്രയില്‍ത്തന്നെ ഗംഗയുടെ ആദ്യ ദര്‍ശനവും ലഭിച്ചു.
ഋഷീകേശിലും സഹിക്കാനാവാത്ത ചൂടായിരുന്നു. ആദ്യദിനം തന്നെ യാത്രാക്ഷീണം കൊണ്ട് തളര്‍ന്നുപോയെങ്കിലും വലിഞ്ഞിഴഞ്ഞ് ഗംഗാ ആരതി കാണാനായി പരമാര്‍ത്ഥനികേതനിലേക്ക് പുറപ്പെട്ടു. ആരതി നടക്കുന്ന കടവിന് തൊട്ടടുത്തുള്ള ഒരു ചെറിയ പെട്ടിക്കടയിലെ ചായയാണ് എനിക്ക് താത്കാലികാശ്വാസം നല്‍കിയത്. ആ ചായ നല്‍കിയ ഊര്‍ജത്തില്‍ ആരതി കണ്ടു, ഫോട്ടോകളെടുത്തു. രാം ഝൂലയും ലക്ഷ്മണ്‍ ഝൂലയുമെല്ലാം കണ്ട് തിരിച്ച് താമസിക്കുന്ന അപ്പാര്‍ട്മെന്‍റിലെത്തി.
രണ്ടാം ദിവസം രാവിലെയായപ്പോഴേക്കും സഹയാത്രികരെല്ലാം എത്തിയിരുന്നു. രണ്ട് ട്രാവലറുകളിലായി ഞങ്ങള്‍ വ്യത്യസ്ത പ്രായക്കാരായ 29 സ്ത്രീകള്‍ യാത്ര പുറപ്പെട്ടു. 219 കിലോമീറ്റര്‍ അകലെ പീപ്പല്‍കോട്ടിയാണ് ആദ്യ ലക്ഷ്യം.
ആദ്യ ദിവസം തന്നെ രോഗിയായതിനാല്‍ മരുന്നിന്‍റെ മയക്കത്തിലായിരുന്നു എന്‍റെ യാത്ര. പക്ഷേ പുറകിലേക്ക് പാഞ്ഞുപോയിക്കൊണ്ടിരുന്ന കാഴ്ചകള്‍ ഏത് വിധേനയും കണ്ണ് തുറന്നിരിക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കി.
ഒരു വശത്ത് ചെങ്കുത്തായ പാറക്കെട്ടുകള്‍. മറുവശത്ത് അത്യഗാധതയില്‍ കുത്തിയൊലിച്ചൊഴുകുന്ന ഗംഗ. ദേവപ്രയാഗില്‍ വെച്ചാണ് അളകനന്ദയും ഭഗീരഥിയും ഒരുമിച്ചുചേര്‍ന്ന് ഗംഗയായി ഒഴുകുന്നത്. ചുറ്റും വളര്‍ന്നുനില്‍ക്കുന്ന കോണ്‍ക്രീറ്റ് കാടിന് നദീസംഗമത്തിന്‍റെ മനോഹാരിത ഒട്ടും കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഠദവപ്രയാഗില്‍ നിന്ന് ആര്‍ത്തലച്ചൊഴുകുന്ന അളകനന്ദക്ക് സമാന്തരമായാണ് യാത്രാപഥം.
കര്‍ണപ്രയാഗിനും നന്ദപ്രയാഗിനുമപ്പുറം പീപ്പല്‍കോട്ടി. പീപ്പല്‍കോട്ടിയില്‍ നിന്ന് 36 കിലോമീറ്റര്‍ ദൂരമാണ് ജോഷിമഠിലേക്ക്. ജോഷി മഠില്‍ നിന്നാണ് ബദരീനാഥിലേക്കും മാനാ ഗ്രാമത്തിലേക്കുമെല്ലാമുള്ള പാത പിരിഞ്ഞുപോകുന്നത്.
മൂന്നാംദിനം അതിരാവിലെത്തന്നെ പീപ്പല്‍കോട്ടിയില്‍ നിന്ന് ഗോവിന്ദ്ഘട്ടിലേക്ക് പുറപ്പെട്ടു. റോഡിലെ യാത്രികരില്‍ ഭൂരിപക്ഷവും ഹേമ്കുണ്ഡ് സാഹിബിലേക്കുള്ള സിഖ് തീര്‍ത്ഥാടകര്‍. ട്രക്കിംഗ് ആരംഭിക്കാന്‍ തയാറായി ഗോവിന്ദ്ഘട്ടില്‍ നില്‍ക്കെയാണ് അന്നോളം കാണാന്‍ കൊതിച്ച ആ കാഴ്ച ഞാന്‍ കാണുന്നത്. ദൂരെ ദൂരെയായി മഞ്ഞണിഞ്ഞ, പുലര്‍വെയിലില്‍ തിളങ്ങുന്ന പര്‍വതശിഖരം. അത് ഹാഥി പര്‍വത് ആണെന്ന് പിന്നീടറിഞ്ഞു.
പൂക്കളുടെ താഴ്വരയുടെയും ഹേമ്കുണ്ഡ് സാഹിബിന്‍റെയും ബേസ് ക്യാമ്പായ ഗംഗാരിയയിലേക്കാണ് ആദ്യത്തെ ട്രക്കിംഗ്. 13 കിലോമീള്‍ക്ത. 6233 അടി ഉയരത്തില്‍ നിന്നും 9843 അടിയിലേക്ക്. ആദ്യ മൂന്ന് കിലോമീറ്റര്‍ ദൂരം, പുല്‍നാ വരെ ജീപ്പില്‍ പോകാം. പുല്‍നായില്‍ നിന്നാണ് ട്രക്കിംഗ് തുടങ്ങിയത്. ബാഗുകളെല്ലാം പോണിയില്‍ കൊടുത്തയച്ചു. പതിയെ അവരവരുടെ താളത്തില്‍ ഓരോരുത്തരായി നടന്നു തുടങ്ങി.
വളരെ പതുക്കെ, ഒച്ചിഴയുന്ന വേഗത്തില്‍ ഏറ്റവും പുറകിലായിട്ടായിരുന്നു എന്‍റെ നടത്തം.നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ദൂരെ തെളിഞ്ഞിരുന്ന മഞ്ഞണിഞ്ഞ പര്‍വതശിഖരവും യാത്രാസംഘത്തിന് നേതൃത്വം നല്‍കുന്ന പൗര്‍ണമി വിജയനും എന്നെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.
മാഗിയും ആലൂപറാത്തയുമായിരുന്നു വഴിയില്‍ ലഭ്യമായിരുന്ന ഭക്ഷണം. പ്രായഭേദമന്യേ അനായാസം നടന്നുകയറുന്ന സിഖ് തീര്‍ത്ഥാടകരായിരുന്നു കൂടുതലുണ്ടായിരുന്നത്. സ്ത്രീകള്‍ മാത്രമടങ്ങുന്ന യാത്രാസംഘം അവരില്‍ പലര്‍ക്കും കൗതുകമായിരുന്നു. ഓടിക്കയറുന്ന പോണികള്‍ക്കടിയില്‍പ്പെടാതിരിക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടിവന്നു.അങ്ങനെ ഏതാണ്ട് എട്ട് മണിക്കൂര്‍ സമയമെടുത്ത്, ഞങ്ങളുടെ ആദ്യ സംഘമെത്തിയതിന് ഏതാണ്ട് മൂന്ന് മണിക്കൂറോളം പുറകിലായി ഗംഗാരിയ ഹെലിപാഡിന് സമീപമെത്തിയപ്പോഴുണ്ടായ സന്തോഷം വിവരാണാതീതമായിരുന്നു.ഗംഗാരിയയിലെ ഗുരുദ്വാരക്കെതിര്‍വശത്തുള്ള ഹോട്ടല്‍ കുബേറിലായിരുന്നു പിന്നെ മൂന്ന് രാത്രികളിലെ ഞങ്ങളുടെ താമസം.
യാത്രയുടെ നാലാം ദിവസമായിരുന്നു കാത്തുകാത്തിരുന്ന വാലി ഓഫ് ഫ്ളവേഴ്സ് ട്രക്കിംഗ്. കോളേജ് വിദ്യാര്‍ത്ഥികളായ രണ്ട് ചെറുപ്പക്കാരാണ് ഞങ്ങള്‍ക്കൊപ്പം ഗൈഡുമാരായി എത്തിയത്. കൂട്ടത്തിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആള്‍റ്റിറ്റ്യൂഡ് സിക്ക്നെസിനുള്ള ഡയമോക്സ് ടാബ്ലറ്റ് ഞാന്‍ കഴിച്ചിരുന്നെങ്കിലും ട്രക്കിങ്ങിന്‍റെ തുടക്കത്തില്‍ തന്നെ കടുത്ത തലവേദന അനുഭവപ്പെട്ടുതുടങ്ങി. തലവേദനയ്ക്കുള്ള ഗുളികകൂടി കഴിച്ചതോടെ എന്‍റെ ക്ഷീണമെല്ലാം മുഴുവനായും മാറി.
അഞ്ച് കിലോമീറ്ററോളം കയറ്റം, 9843 അടിയില്‍ നിന്നും 11,483 അടി ഉയരത്തിലേക്ക്. ആദ്യമായി ഹിമാലയം കാണുന്ന എന്നെ സംബന്ധിച്ച് എല്ലാം കൗതുകമായിരുന്നു. പുഷ്പാവതി നദിയും ശുദ്ധജലം തരുന്ന ഗ്ലേഷ്യറുകളുമെല്ലാം കടന്ന് മനോഹരമായ താഴ്വരയിലെത്തിയപ്പോള്‍ വെളുപ്പും നീലയും നിറത്തിലുള്ള ചെറിയ പൂക്കള്‍ മാത്രമാണ്ടായിരുന്നത്. വഴിയില്‍ ഒന്നുരണ്ടിടത്ത് ബ്ലൂ പോപ്പി പുഷ്പങ്ങളും കണ്ടു. താഴ്വര അതിന്‍റെ പൂര്‍ണമായ ശോഭയിലേക്കെത്താന്‍ ഒന്നോ രണ്ടോ മാസം കൂടി കഴിയണം. ബ്രഹ്മകമലമുള്‍പ്പെടയെുള്ള അപൂര്‍വ പുഷ്പങ്ങള്‍ അപ്പോഴാണ് വിരിഞ്ഞുനില്‍ക്കുക.
ഞങ്ങള്‍ക്കൊപ്പം കനത്ത മഴകൂടി എത്തിയതോടെ ദേശിയോദ്യാനത്തിനകത്തെ ആറുകിലോമീറ്ററോളം വരുന്ന ദൂരം മുഴുവനായി ചുറ്റിക്കാണുക എന്നത് അസാധ്യമായിത്തീര്‍ന്നു. ജോണ്‍ മാര്‍ഗരറ്റ് ലെഗ്ഗി എന്ന ബൊട്ടാണിസ്റ്റിന്‍റെ ശവകുടീരം താഴ്വരയില്‍ ഒരറ്റത്തായി കാണാം. പൂക്കളെക്കുറിച്ച് പഠിക്കാന്‍ ഇവിടെയെത്തിയ അവര്‍ കാല്‍വഴുതി കൊക്കയില്‍ വീണ് മരിക്കുകയായിരുന്നു. പീന്നീട് ഇവിടെയെത്തിയ അവരുടെ സഹോദരിയാണ് ഈ സ്മൃതി കുടീരം പണികഴിപ്പിക്കുന്നത്.
ഇരുട്ടുംമുമ്പ് താഴെയെത്തിയില്ലെങ്കില്‍ അപകടമാണെന്നും കരടികളുടെ ആക്രമണമുണ്ടാകുമെന്നുമെല്ലാം ഗാര്‍ഡുമാര്‍ പറഞ്ഞതോടെ മനസില്ലാമനസോടെയാണ് തിരിച്ചിറങ്ങിത്തുടങ്ങിയത്. വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചതിന്‍റെ സന്തോഷമായിരുന്നു മനസുനിറയെ. ഹേമ്കുണ്ഡ് സാഹിബ് കൂടി കയറാതെ ഗംഗാരിയയില്‍ നിന്ന് താഴോട്ടിറങ്ങില്ലെന്ന് മനസിലുറപ്പിക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയാണ് ഹേമ്കുണ്ഡ് സാഹിബ്. ഗുരു ഗോവിന്ദ് സിംഗിന്‍റെ പേരിലുള്ള ഈ ഗുരുദ്വാരയും, താഴെയുള്ള ഗംഗാരിയ ഗ്രാമവുമെല്ലാം വര്‍ഷത്തില്‍ ആറ് മാസം മഞ്ഞിനടിയിലായിരിക്കും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നാല് മാസക്കാലമാണ് തീര്‍ത്ഥാടകരം സഞ്ചാരികളുമെല്ലാം ചമോളി ജില്ലയിലെ ഈ ചെറുഗ്രാമത്തിലേക്ക് കൂടുതലായി എത്തുന്നത്. 2013ലെ ഉത്തരാഖണ്ഡ് പ്രളയം ഗാംഗരിയയിലും വാലി ഓഫ് ഫ്ളവേഴ്സ്, ഹേമ്കുണ്ഡ് സാഹിബ് ട്രക്കിംഗ് പാതകളിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഗംഗാരിയയിലെ ടിബറ്റന്‍ സ്റ്റോറിലുണ്ടായിരുന്ന വിവരണങ്ങളും ചിത്രങ്ങളുമാണ് വിവധ മാസങ്ങളിലെ പ്രദേശത്തിന്‍റെ അവസ്ഥയെക്കുറിച്ച് വ്യക്തമായ അറിവുകള്‍ തന്നത്.
ആള്‍റ്റിറ്റ്യൂഡ് സിക്ക്നെസും യാത്രാക്ഷീണവും സഹയാത്രികരില്‍ പലരേയും തളര്‍ത്തിയിരുന്നു. മറ്റുചിലര്‍ ഒരു ദിവസം കൂടി പൂക്കളുടെ താഴ്വരക്കായി മാറ്റിവെക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമാണ് ഹേമ്കുണ്ഡ് സാഹിബിലേക്ക് പോകാന്‍ തീരുമാനിച്ചത്.
കുത്തനെയുള്ള കയറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുകള്‍ കിട്ടിയിരുന്നതിനാലും ഉച്ചകഴിഞ്ഞാല്‍ മഴയുടെ ഭീഷണിയുള്ളതുകൊണ്ടും മുകളിലേക്ക് പോണിയില്‍ കയറാനായിരുന്നു തീരുമാനം. ഉയരങ്ങളോട് പൊതുവെ ഭയമുള്ള എനിക്ക് കിട്ടിയ കിക്കു എന്ന പോണിക്കുതിരയാകട്ടെ വഴിയുടെ അറ്റത്തുകൂടി മാത്രം നടന്നും ഇടയ്ക്കിടയ്ക്ക് കാലിടറി വീഴാന്‍പോയുമെല്ലാം എന്നെ കൂടുതല്‍ പേടിപ്പിച്ചുകൊണ്ടിരുന്നു. മുകളിലേക്ക് പോകും തോറും മഞ്ഞണിഞ്ഞ പര്‍വതശിഖരങ്ങള്‍ കൂടുതല്‍ അടുത്തടുത്തായി വന്നു.
സമുദ്രനിരപ്പില്‍ നിന്ന് 15,197 അടി ഉയരത്തിലുള്ള ഹേമ്കുണ്ഡ് സാഹിബിന്‍റെ പരിസരത്ത് അവിടവിടയൊയി മഞ്ഞ് കൂടിക്കിടപ്പുണ്ട്. ആ തണുപ്പിലും ഗുരുദ്വാരക്കു സമീപമുള്ള ചെറുതടാകത്തിലെ കൊടുംതണുപ്പജല്പ വെള്ളത്തില്‍ നിരവധിപേര്‍ ഭക്തിപൂര്‍വ്വം കുളിക്കുന്നുണ്ടായിരുന്നു. ഗുരുദ്വാരയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് അവിടെ നിന്നുലഭിച്ച ഭക്ഷണവും ചായയും കഴിച്ച് തിരിച്ചിറങ്ങിത്തുടങ്ങിയതോടെ മഴയും കാറ്റും പിറകെയെത്തി. ചുറ്റും നോക്കാതെ ഒറ്റയടിക്കായിരുന്നു ആറ് കിലോമീറ്റര്‍ ദൂരം താഴേക്കിറങ്ങിയത്.
പിറ്റേന്ന് ഗാംഗരിയയില്‍ നിന്ന് ഗോവിന്ദ്ഘട്ടിലേക്ക് തിരിച്ചിറക്കം. കയറിയതിന്‍റെ പകുതി സമയംകൊണ്ട് തിരിച്ചിറങ്ങി വൈകുന്നേരത്തോടെ പീപ്പല്‍കോട്ടിയിലേക്ക്. വീണ്ടും ഈ വഴി വരുമെന്ന് മനസില്‍ പറഞ്ഞ് , അപരിചതരായി വന്ന് ഒരാഴ്ചകൊണ്ട് പ്രിയപ്പെട്ടവരായി മാറിയവരോടെ യാത്ര പറഞ്ഞ്, ഹൃഷീകേശിലേക്കും അവിടുന്ന് ഡെറാഡൂണ്‍, ഡെല്‍ഹി വഴി നാട്ടിലേക്കും മടക്കം.