Kerala

ഹൗസ് ബോട്ടുകളുടെ കൂറ്റൻ റാലി; വരൂ .. ആസ്വദിക്കൂ ആലപ്പുഴ കായൽ സൗന്ദര്യം

പ്രളയത്തിന്റെ ഓർമകളെ വിസ്മൃതിയിലേക്ക് ഒഴുക്കി അതിജീവനത്തിന്റെ കരുത്ത് വിളിച്ചോതി ആലപ്പുഴയിൽ ഹൗസ് ബോട്ട് റാലി. പല തരം റാലികൾ കണ്ടു ശീലിച്ച ജനങ്ങൾക്ക് നവ്യാനുഭവമായി  ഹൗസ് ബോട്ട് റാലി.

ജില്ലാ ഭരണകൂടത്തിന്റേയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും നേതൃത്വത്തിലായിരുന്നു ഹൗസ് ബോട്ട് റാലി.  തുഴയെറിഞ്ഞ് കുതിച്ചു പായുന്ന വള്ളംകളിയുടെ നാട്ടിൽ  ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യന്ത്രവൽകൃത ഹൗസ് ബോട്ടുകളുടെ റാലി. ലോക ചരിത്രത്തിൽ തന്നെ ആദ്യമായ ഹൗസ് ബോട്ട് റാലി ഗിന്നസ് ബുക്കിലും ഇടം നേടിയേക്കും .

 

പ്രളയത്തിനു ശേഷം ജില്ലയിലെ കായലോര ടൂറിസം മേഖലകള്‍ സുരക്ഷിതമെന്ന്  ലോകത്തോട് വിളിച്ചു പറഞ്ഞ്  ‘ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ്’ എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 220 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍ എന്നിവ വേമ്പനാട് കായലിൽ ഒന്നിന്നു പിറകെ ഒന്നായി അണിചേർന്നപ്പോൾ അത് കാഴ്ചക്കും വിരുന്നായി.

  • വിനോദ-സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് മുഖ്യാത്ഥിയായിരുന്നു  ജില്ല കലക്ടര്‍ എസ് സുഹാസ്,  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എം മാലിന്‍ എന്നിവര്‍ പങ്കെടുത്തു.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മൂവ്വായിരത്തോളം ആളുകള്‍ക്കാണ് സൗജന്യ യാത്രയക്കുള്ള അവസരം ലഭിച്ചത്. പതിനഞ്ചിനു മുകളില്‍ ആളുകളാണ് ഓരോ ബോട്ടിലുമായി യാത്ര നടത്തിയത്.   കായല്‍ ഭംഗി ആസ്വദിക്കുന്നതിനൊപ്പം തനി നാടന്‍ സദ്യയും വിഭവങ്ങളുമായ കരിമീന്‍ വറുത്തത്, കോഴി കറി തുടങ്ങിയവ സൗജന്യമായി അതത് ഹൗസ് ബോട്ട് ഉടമകളുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള തനത് കലാരൂപങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രദര്‍ശനങ്ങളും ഇതിനോടനുബന്ധിച്ച് അരങ്ങേറി. ഹൗസ് ബോട്ട് റാലിയുടെ ഉദഘാടനത്തിന് ശേഷം ‘അതിജീവനത്തിന്റെ നാളുകള്‍ എന്ന പേരില്‍ പ്രളയ ദുരിതത്തിന്റെ രക്ഷാപ്രവര്‍ത്തങ്ങളുടേയും’ ഫോട്ടോ പ്രദര്‍ശനവും വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഹൗസ് ബോട്ട് റാലിയുടെ പ്രചരണാര്‍ത്ഥം ആലപ്പുഴ ബീച്ചില്‍ നിന്നും പുന്നമട ഫിനിഷിംഗ് പോയിന്റിലേക്ക് നടത്തിയ ബൈക്ക് റാലിയില്‍ 50ഓളം ബൈക്കുകള്‍ പങ്കെടുത്തു. സ്‌കേറ്റിംഗ്, ബി.എം.ഡബ്ല്യൂ. ബൈക്ക് റാലി എന്നിവയും ഇതോടനുബന്ധിച്ച് നടത്തി .പുന്നമട ഫിനിഷിംഗ് പോയിന്റില്‍ നിന്നും ആരംഭിച്ച ഹൗസ് ബോട്ടുകള്‍ വേമ്പനാട് കായല്‍, കൈനകരി, കുട്ടമംഗലം, മുട്ടേല്‍ തോട്, എന്നിവടങ്ങളിലൂടെ യാത്ര നടത്തി തിരികെ ഫിനിഷിംഗ് പോയിന്റിലെത്തി.