സര്‍ക്കാര്‍ ഇടപെടല്‍ തേടി മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അറ്റോയ് നിവേദനം
പ്രളയത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര രംഗത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) നിവേദനം നല്കി. പ്രസിഡന്റ് സിഎസ് വിനോദ്, സെക്രട്ടറി പി വി മനു, ജോയിന്റ് സെക്രട്ടറി ജനീഷ് ജലാല്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, മുൻ പ്രസിഡന്റ് പി കെ അനീഷ് കുമാർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
നിവേദനത്തിന്റെ പൂര്‍ണ രൂപം
കേരളത്തിന് വന്‍ വരുമാനം നേടിത്തന്ന കേരളത്തിലെ ടൂറിസം മേഖല ഇക്കഴിഞ്ഞ പ്രളയത്തിനു ശേഷം അനക്കമറ്റ നിലയിലാണ്. ആളൊഴിഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും, ബുക്കിംഗോ അന്വേഷണമോ ഇല്ലാതെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രളയശേഷം ശമ്പളം കിട്ടാതെ ആയിരക്കണക്കിന് ജീവനക്കാര്‍, തീരത്തു ഒരേ കിടപ്പ് കിടക്കുന്ന ഹൗസ് ബോട്ടുകള്‍, പ്രതിസന്ധിയിലായി ടാക്സി ഡ്രൈവര്‍മാര്‍, ജീപ്പ് ഡ്രൈവര്‍മാര്‍, അലക്കു തൊഴിലാളികള്‍.. അങ്ങനെ അനുബന്ധ തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍, വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ലാതെ വലയുന്ന വിനോദ സഞ്ചാര സംരംഭകര്‍.. ഇങ്ങനെ വിവരണാതീതമായ ഭീതിദ അവസ്ഥയാണ് കേരളത്തിലെ ടൂറിസം രംഗത്ത്.
കേരളത്തിന് വന്‍ വരുമാനം നേടിത്തന്ന ടൂറിസം മേഖല പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണെന്ന് പറയാം. മദ്യ നിരോധനം, നോട്ട് നിരോധനം, ജിഎസ്ടി, നിപ്പ വൈറസ് ബാധ എന്നിവയൊക്കെ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം മെല്ലെ തലയുയര്‍ത്തി വരുന്നതിനിടെ ഓര്‍ക്കാപ്പുറത്ത് തലയ്ക്കേറ്റ അടിയായി പ്രളയവും തുടര്‍ന്നുള്ള അലര്‍ട്ടുകളും. പ്രളയാനന്തര കേരളത്തില്‍ പൂര്‍ണമായും നിശ്ചലമായത് ടൂറിസം മേഖല മാത്രമാണ്. വിനോദ സഞ്ചാര രംഗവുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ട് മൂന്നു മാസമാകുന്നു. അനുബന്ധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പട്ടിണിയിലായി.
ടൂറിസം – കേരളത്തിന്റെ വരദാനം
കേരളത്തിലെ വിനോദ സഞ്ചാര രംഗം സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്നു. പോയ വര്‍ഷം 34,000 കോടി രൂപയാണ് വിനോദ സഞ്ചാര മേഖലയില്‍ നിന്ന് ലഭിച്ചത്. ഇതില്‍ എണ്ണായിരം കോടി രൂപയുടെ വിദേശനാണ്യവും പെടും. ഈ കണക്കു മാത്രം പരിശോധിച്ചാല്‍ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മൂന്നു മാസത്തെ മാത്രം വരുമാന നഷ്ടം 9000 കോടി രൂപയാണ്. കേരളത്തിലെ ടൂറിസം മേഖലയില്‍ ജോലിയെടുക്കുന്നവരുടെ എണ്ണം 15 ലക്ഷമാണ്. എന്നാല്‍ ഈ ആണ്ട് പ്രതിസന്ധി നിറഞ്ഞതായിരുന്നു. ആദ്യ പ്രഹരം നിപ വൈറസ് ബാധയില്‍ നിന്ന്. കോവളത്ത് വിദേശ സഞ്ചാരി ലിഗയുടെ കൊലപാതക വാര്‍ത്ത മറ്റൊരു തിരിച്ചടിയായി. ഈ പ്രതിസന്ധികളില്‍ നിന്ന് കേരള ടൂറിസം കരകയറുന്നതിനിടെയാണ് പ്രളയം എത്തിയത്. ഇതോടെ വിനോദ സഞ്ചാര രംഗം കൂപ്പുകുത്തി.
നിരാശയുടെ നീലക്കുറിഞ്ഞി
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലക്കുറിഞ്ഞിക്കാലത്തിനായി കേരളത്തിലെ വിനോദ സഞ്ചാര മേഖല കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പത്തു ലക്ഷത്തോളം സഞ്ചാരികള്‍ നീലക്കുറിഞ്ഞി കാണാന്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തോരാമഴയില്‍ മൊട്ടുകള്‍ കരിഞ്ഞുണങ്ങി. രാജമലയെ വയലറ്റില്‍ പുതച്ചുള്ള നീലക്കുറിഞ്ഞിക്കാലം ഓര്മ മാത്രമായി. സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച മൂന്നാറിലെയും തേക്കടിയിലേയും സംരംഭകരും ജീപ്പ് ഡ്രൈവര്‍മാരുമൊക്കെ നിരാശയിലായി. സഞ്ചാരികള്‍ ഒഴിഞ്ഞ മൂന്നാറില്‍ തെരുവും ശൂന്യമായി.
അടിയായി അലര്‍ട്ടും
പ്രളയശേഷം മഴയ്ക്ക് മുന്നോടിയായി നല്കുന്ന അലര്‍ട്ടുകള്‍ കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവിനു തടയിടുന്നതില്‍ വലിയ പങ്കുണ്ട്. റെഡ് അലര്‍ട്ട്, യെല്ലോ അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ട് എന്നിങ്ങനെ പലതരം അലര്‍ട്ടുകള്‍ പ്രളയശേഷം വ്യാപകമായി. മൂന്നാറിലേക്ക് സഞ്ചാരികള്‍ പോകരുതെന്ന റെഡ് അലര്‍ട്ട് മുഖ്യമന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അലര്‍ട്ട് പിന്‍വലിച്ചതിന് ഈ വാര്‍ത്താ പ്രാധാന്യം ഉണ്ടായതുമില്ല. അലര്‍ട്ടുകള്‍ വരുമ്പോള്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് പോകരുതെന്ന ട്രാവല്‍ മുന്നറിയിപ്പ് പല രാജ്യങ്ങളും നല്‍കും.. പ്രളയാനന്തര കേരളത്തിന് സഹായം തേടി ദേശീയ മാധ്യമങ്ങളില്‍ ഇപ്പോഴും പരസ്യം പോകുന്നതും വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയാണ്. കേരളം ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടപ്പെന്നാണ് ഇതിലൂടെ പലരും വിശ്വസിക്കുന്നത്.
ആശങ്കയോടെ സംരംഭകര്‍
ടൂറിസം മേഖലയുടെ നിലവിലെ പ്രതിസന്ധിയുടെ ആഴമറിയാന്‍ ഈ രംഗത്തുള്ളവര്‍ അടയ്ക്കുന്ന ജിഎസ്ടിയുടെ കണക്ക് മാത്രം എടുത്താല്‍ പ്രളയത്തിനു മുന്‍പ് വരെ വന്‍ തുകകള്‍ ജിഎസ്ടി അടച്ചിരുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ നിസാര തുക മാത്രമാണ് അടയ്ക്കുന്നത് എന്നറിയുമ്പോള്‍ പ്രതിസന്ധി എത്ര ഗുരുതരമെന്ന് ബോധ്യമാകും.ജിഎസ്ടി ഇനത്തില്‍ മാത്രം രണ്ടായിരം കോടി രൂപ കഴിഞ്ഞ മൂന്നു മാസത്തിനകം ടൂറിസം സംരംഭകര്‍ അടയ്ക്കേണ്ടതായിരുന്നു എന്നറിയുമ്പോഴാണ് വരുമാന നഷ്ടം എത്ര ഭീമമാണെന്ന് അറിയുക.
ചില നിര്‍ദേശങ്ങള്‍
1, സഞ്ചാരികളെ കിട്ടാതായതോടെ മിക്ക ടൂറിസം സംരംഭകര്‍ക്കും വായ്പാ തിരിച്ചടവ് മുടങ്ങി. ടൂറിസം സംരംഭകര്‍ക്ക് തിരിച്ചടവിന് സാവകാശം നല്കാന് സര്‍ക്കാര്‍ ഇടപെടല്‍ വേണം.
2, കേരളം വിനോദ സഞ്ചാരത്തിനു സജ്ജമെന്ന പ്രചരണം വ്യാപകമായി നടത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശ രാജ്യങ്ങളിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും പ്രചരണം ശക്തമാക്കണം. അച്ചടി, ദൃശ്യ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഓണ്‍ ലൈന്‍ മാധ്യമങ്ങളിലും എഫ് എം റേഡിയോകളിലും പരസ്യം നല്‍കണം. ശക്തമായ ബ്രാണ്ടിംഗിന് കേരള പുനര്‍ നിര്‍മാണത്തില്‍ പങ്കാളിയായ കെപിഎംജി പോലുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹകരണം ഉറപ്പാക്കുക.
3, വിദേശ രാജ്യങ്ങളില്‍ കേരള ടൂറിസത്തിന് അനുഗുണമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പ്രൊഫഷണല്‍ എജന്‍സികളെ ചുമതലപ്പെടുത്തുക.
4, കേരളത്തിലെ നിരവധി സ്ഥാപനങ്ങള്‍ അവരുടെ ടൂറുകളും യോഗങ്ങളും നടത്തുന്നത് മറ്റു സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ഒക്കെയാണ്. സംസ്ഥാനത്തെ ടൂറിസം മേഖലയെ സഹായിക്കാന്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് ഇത്തരം യാത്രകളും യോഗങ്ങളും കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നടത്തണമെന്ന് സ്ഥാപന മേധാവികളോട് സര്‍ക്കാര്‍ അഭ്യര്‍ഥിക്കുക.
5, സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ വിനോദ സഞ്ചാര യാത്രകള്‍ പലതും അയല്‍ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ്. ഇതും രണ്ടു വര്‍ഷത്തേക്ക് കേരളത്തില്‍ മാത്രമായി ചുരുക്കാന്‍ വിദ്യാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കുക.
സംസ്ഥാനത്തെ ടൂറിസം മേഖലയുടെ ഗുരുതര പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു