News

ലോകത്തെ ഏറ്റവും മികച്ച സഞ്ചാര സൗഹൃദ രാജ്യമായി ശ്രീലങ്ക

2019-ലെ ലോകത്തെ ഏറ്റവും മികച്ച സഞ്ചാര സൗഹൃദ രാജ്യമായി ശ്രീലങ്കയെ ലോണ്‍ലിപ്ലാനറ്റ് തിരഞ്ഞെടുത്തു. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം കഴിഞ്ഞ് പത്തു വര്‍ഷം തികഞ്ഞിരിക്കുന്നു. മികച്ച ഗതാഗത സൗകര്യം, ഹോട്ടലുകള്‍, മറ്റു പുതിയ മാറ്റങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ശ്രീലങ്ക ഒന്നാമതെത്തിയത്.

Kandy, Srilanka

‘പല മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള ഒത്തുചേരല്‍, ക്ഷേത്രങ്ങള്‍, വന്യമൃഗങ്ങള്‍ അങ്ങനെ എല്ലാം കൊണ്ടും സമ്പുഷ്ടമാണ് ശ്രീലങ്ക. വര്‍ഷങ്ങളായി നടന്ന ആഭ്യന്തരയുദ്ധത്തില്‍ തളരാതെ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ചവരാണ് ഈ രാജ്യത്തുള്ളവര്‍.’- ലോണ്‍ലി പ്ലാനറ്റ് ലേഖകന്‍ എതാന്‍ ഗെല്‍ബര്‍ പ്രസിദ്ധീകരിച്ച ബെസ്റ്റ് ഇന്‍ ട്രാവല്‍ 2019 എന്ന പുസ്തകത്തില്‍ പറയുന്നു.

മിന്നെരിയ ദേശീയോദ്യാനത്തിലെ ഒത്തുകൂടുന്ന 300 ആനകള്‍, ആയിരം വര്‍ഷം പഴക്കമുള്ള ബുദ്ധ സ്മാരകങ്ങള്‍, ഹില്‍ കണ്‍ട്രിയിലെ തേയില തോട്ടത്തിലൂടെ ഒരു ട്രെയിന്‍ യാത്ര തുടങ്ങിയതാണ് ഇവിടുത്തെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍.

26 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തരയുദ്ധത്തിന് ശേഷം ശ്രീലങ്കയിലെ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 2009-ല്‍ 447,890 സഞ്ചാരികളില്‍ നിന്നും കഴിഞ്ഞ വര്‍ഷം 2.1മില്യണ്‍ സഞ്ചാരികളായാണ് ഉയര്‍ന്നത്. ഇത് 2020-ഓടെ ഇരട്ടിയാകുമെന്നാണ് ശ്രീലങ്ക ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. 1990-ന് ശേഷം ആദ്യമായി ജാഫ്‌നയിലെ മറ്റു വടക്കന്‍ പ്രദേശങ്ങളിലെയും റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. ഏറ്റവും അപകടകരമായ സ്ഥലമായിരുന്നു ഇത്. ലോകത്തെ മനോഹരമായ റെയില്‍ യാത്രകളില്‍ ഒന്ന് ശ്രീലങ്കയിലേതാണ്. ഡൊമസ്റ്റിക് ഫ്ളൈറ്റുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഹോംസ്റ്റേയ്, റിസോര്‍ട്ട് എന്നിവയ്ക്ക് വല്യ നിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലകളായ ഷാന്‍ഗ്രി ലാ, മോവന്‍പിക്, ഷെരാടോണ്‍, ഗ്രാന്‍ഡ് ഹ്യാത് തുടങ്ങിയവര്‍ പുതിയ ഹോട്ടലുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

ശ്രീലങ്കയിലെ തീര പ്രദേശങ്ങളും സജീവമായി തുടങ്ങിയിട്ടുണ്ട്. ജംഗിള്‍ ഹൈക്കിംങ്, യോഗ, പരമ്പരാഗത ആയുര്‍വേദ ചികിത്സ തുടങ്ങിയവയും ടൂര്‍ ഓപ്പറേറ്ററുകള്‍ നല്‍കുന്നു. ട്രിങ്കോമാലിയിലെ കോനേശ്വരം കോവിലിലെ വര്‍ണാഭമായ പൂജ, കൊളംബോയിലെ പേട്ട മാര്‍ക്കറ്റ്, ചരിത്ര പ്രസിദ്ധമായ ഗാലെ നഗരം എന്നിവയാണ് മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സഞ്ചാരികളും സ്ഥലവാസികളും തമ്മിലുള്ള അനുപാതം വളരെ കുറവാണ്. അതേസമയം, ഇവിടുത്തെ വര്‍ദ്ധിച്ചു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി സംരക്ഷകര്‍ ആശങ്ക പ്രകടിപ്പിച്ചു.

‘രാജ്യത്തെ പ്രധാന വരുമാന മാര്‍ഗമാണ് ടൂറിസം. സഞ്ചാരികളുടെ എണ്ണത്തിലാണ് കൂടുതലും ടൂറിസം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, അവര്‍ രാജ്യത്ത് നല്‍കുന്ന നിക്ഷേപത്തിലല്ല.’- ശ്രീലങ്ക ആസ്ഥാനമായ ഓഷ്യന്‍സ്വെല്‍ സ്ഥാപകനും ജീവശാസ്ത്രജ്ഞനുമായ ആഷാ ഡി വോസ് പറഞ്ഞു.

‘കൂടുതല്‍ സഞ്ചാരികളെ സ്വീകരിക്കാനായി കൂടുതല്‍ ഹോട്ടലുകളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നു. വികസനം വളരുന്നത് പ്രകൃതിയും വന്യമൃഗങ്ങളെയും ദോഷകരമായി ബാധിക്കുന്നു. ആസൂത്രണം ഇല്ലാതെയുള്ള ഈ നിര്‍മ്മാണങ്ങള്‍ ഉടനെ അവസാനിപ്പിച്ചില്ലെങ്കില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാകും. തീരപ്രദേശങ്ങളെയും നാഷണല്‍ പാര്‍ക്കുകളെയും വികസനം വല്ലാതെ ബാധിക്കുന്നു. മലിനീകരണവും മാലിന്യവും വര്‍ധിക്കുന്നു.’- ഡി വോസ് വ്യക്തമാക്കി.

‘ടൂറിസം ശ്രീലങ്കയ്ക്ക് പ്രയോജനകരമാണ്. വികസന പരിപാടികള്‍ സര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടെ വേണം നടത്താന്‍. കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരണം. പുതിയതായി സൃഷ്ടിക്കുന്ന ഓരോ ടൂറിസം ഉല്‍പ്പനത്തിനും സുസ്ഥിരത പ്രധാന ഘടകമായിരിക്കണം.’- ഡി വോസ് പറഞ്ഞു.