Kerala

ഇന്ത്യ-വിന്‍ഡീസ് ടീമുകള്‍ ഇന്ന് കേരളത്തിലെത്തും

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലെ പോരാട്ടത്തിന് ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും ക്രിക്കറ്റ് ടീമുകള്‍ ഇന്നെത്തും. വ്യാഴാഴ്ച 1.30 മുതല്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലാണു മല്‍സരം.

കഴിഞ്ഞ വര്‍ഷമാണു സ്‌പോര്‍ട്‌സ് ഹബില്‍ അരങ്ങേറ്റമല്‍സരം നടന്നത്. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മല്‍സരത്തില്‍ വിജയിക്കാനായത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

മുംബൈയില്‍ നിന്ന് ഇന്ന് ഉച്ചക്ക് 12.30ന് എത്തുന്ന ടീമുകള്‍ കോവളം റാവിസ് ലീലയിലാണു താമസിക്കുന്നത്. നാളെ രാവിലെ 9 മുതല്‍ 12 വരെ ഇരുടീമുകളും സ്പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും.  ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മുന്‍ ഇന്ത്യന്‍ താരങ്ങള്‍ എന്നിവര്‍ മത്സരം കാണാനെത്തും.

www.paytm.com, www.insider.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ടിക്കറ്റ് വില്‍പന. രാവിലെ 11 മണി മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കും. സ്റ്റേഡിയത്തില്‍ കയറാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.

മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിക്കുകയും പരമ്പര സമനിലയിലാകുകയും ചെയ്തതോടെ ടിക്കറ്റ് വില്‍പന കുതിച്ചുയര്‍ന്നു.