Kerala

ആലപ്പുഴ ബീച്ചില്‍ തുറമുഖ മ്യൂസിയം ഒരുങ്ങുന്നു

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ കഴിഞ്ഞ കാല പ്രൗഢിയും ശേഷിപ്പുകളും കോര്‍ത്തിണക്കി തുറമുഖ മ്യൂസിയം ആലപ്പുഴ ബീച്ചില്‍ ഒരുങ്ങും. മ്യൂസിയത്തിന്റെ രൂപകല്‍പനയെക്കുറിച്ചും നിര്‍മാണ പദ്ധതികളെക്കുറിച്ചുമുള്ള പ്രാഥമിക ചര്‍ച്ച ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ സംഘടിപ്പിച്ചു. ധന കാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് അധ്യക്ഷനായിരുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്രപരിപാടിയുടെ ഭാഗമാണ് തുറമുഖ മ്യൂസിയം. പൈതൃകപദ്ധതിയില്‍ നഗരറോഡുകളും പാലങ്ങളും നവീകരിക്കും. കനാല്‍ക്കരകളിലൂടെ നടപ്പാതയും സൈക്കിള്‍ട്രാക്കും ഉള്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി. കേന്ദ്രീകരിച്ചുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബ്, കനാലുകളുടെ നവീകരണം, നഗരശുചിത്വം എന്നിവയും നടപ്പാക്കും.

പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായി നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള 50 മന്ദിരങ്ങള്‍ സംരക്ഷിക്കും. ഈ മന്ദിരങ്ങള്‍ 20 എണ്ണം മ്യൂസിയങ്ങളാക്കി മാറ്റും. ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ചെറു മ്യൂസിയങ്ങളായിരിക്കും ഇവ. ഇതിനോടനുബന്ധിച്ച് സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങളും നടത്തും.

പൈതൃകപദ്ധതിയില്‍ ഒരുക്കുന്ന മ്യൂസിയങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷണീയവുമായത് തുറമുഖ മ്യൂസിയമാണ്. ആലപ്പുഴ തുറമുഖത്തിന്റെ പശ്ചാത്തലവും ഉദയവും, തുറമുഖ പട്ടണമായി വളര്‍ന്നതിന്റെ ചരിത്രം, കനാല്‍ ശൃംഖലയും ജലഗതാഗതവും എന്നിവ തുറമുഖ മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തും. പല രേഖകളും പുരാതനവസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പഴമയോടെ അത് പുനര്‍നിര്‍മിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും.

ആലപ്പുഴ കടല്‍പ്പാലമുള്‍പ്പെടെ പുനഃസൃഷ്ടിക്കാനാണ് നീക്കം. ആലപ്പുഴയില്‍ വ്യാപാരത്തിന് എത്തിയ വ്യാപാരി വ്യവസായി സമൂഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തുറമുഖമ്യൂസിയത്തില്‍ ഉണ്ടായിരിക്കണമെന്ന് ശില്പശാലയില്‍ അഭിപ്രായമുയര്‍ന്നു.

ഇന്നും ജീവിച്ചിരിക്കുന്ന പഴയകാല തുറമുഖ തൊഴിലാളികളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പ്രത്യേക ഭാഗവും അവരുടെ ഫോട്ടോകളും വീഡിയോകളും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.

തുറമുഖ മ്യൂസിയത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഇനം ആലപ്പുഴയില്‍ വന്നുകൊണ്ടിരുന്ന കപ്പലുകളുടെ മാതൃകകളുടെ പ്രദര്‍ശനമായിരിക്കും. അറബി ഉരുക്കള്‍, പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് പായ് കപ്പലുകള്‍, പഴയരീതിയിലെ കപ്പലകുള്‍, ആധുനിക കപ്പലുകള്‍ എന്നിവയുടെ മാതൃകയും പ്രദര്‍ശിപ്പിക്കും. ഒരു പഴയകപ്പല്‍ കടല്‍പ്പാലത്തിന് അടുത്തായി സ്ഥിരമായി നങ്കുരമിട്ട് പ്രദര്‍ശിപ്പിക്കും. ആലപ്പുഴയില്‍ ഉപയോഗത്തിലിരുന്ന എല്ലാത്തരം മത്സ്യബന്ധന യാനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ടായിരിക്കും.

ആലപ്പുഴ ബീച്ചും കടല്‍പ്പാലവുമായി ബന്ധപ്പെടുത്തി ഒട്ടനവധി സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അവയുടെ പ്രസക്തഭാഗങ്ങള്‍ തുടര്‍ച്ചയായി ഒരു മുറിയില്‍ പ്രദര്‍ശിപ്പിക്കും. അടുത്തവര്‍ഷം മാര്‍ച്ചോടെ മ്യൂസിയത്തിന്റെ നല്ലൊരുഭാഗം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.