ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ 23-ാം സീസണിന് നാളെ തുടക്കമാകും
ലോക സഞ്ചാരികള്‍ക്കായി ആഗോളഗ്രാമം വീണ്ടും സജീവമാകുന്നു. ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തി മൂന്നാം സീസണിന് നാളെ തുടക്കമാവും. 159 ദിവസം നീണ്ടു നില്ക്കുന്ന രാജ്യാന്തര മേള ഏപ്രില്‍ ആറിന് സമാപിക്കും.
ഗ്ലോബല്‍ വില്ലേജില്‍ നടന്ന വര്ണപ്പകിട്ടാര്ന്ന ചടങ്ങിലാണ് ഇരുപത്തിമൂന്നാം പതിപ്പിന്റെ പ്രഖ്യാപനം നടന്നത്. നാളെ മുതല്‍ 2019 ഏപ്രില്‍ ആറുവരെയായി 159 ദിവസം മേള നീണ്ടുനില്‍ക്കും. ഇന്ത്യയുള്‍പ്പെടെ 78 രാജ്യങ്ങളുടെ പവലിയനുകള്‍ ഈ വര്‍ഷം സന്ദര്‍ശകരെ സ്വീകരിക്കും. 1.7 കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ വേദിയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ഉല്പന്നങ്ങളും അണിനിരക്കും. അറുപത് ലക്ഷത്തിലേറെ സഞ്ചാരികള്‍ ഇക്കുറി ആഗോള ഗ്രാമത്തിലേക്കെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
ലോക റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ‘വീല്‍ ഓഫ് ദ് വേള്‍ഡ്, സര്‍ക്കസ്, മ്യൂസിക് ഫൗണ്ടന് തുടങ്ങിയവ ഇത്തവണത്തെ പുതുമകളാണ്. അവതരണ രീതിയിലെ വ്യത്യസ്ഥത കൊണ്ട് സ്റ്റഡ് ഷോ ഇരുപത്തി മൂന്നാം പതിപ്പിലും വിസ്മയം തീര്‍ക്കും
പവലിയനിലെ കലാപരിപാടികള്‍ക്കുപുറമെ കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട്. 12,000 ലേറെ കലാസാംസ്കാരിക പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രജനീകാന്തടക്കമുള്ള സൂപ്പര്‍താരങ്ങളും ഇത്തവണ ആഘോഷങ്ങളുടെ ഭാഗമാകും.15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക് കുട്ടികള്‍ക്കും 65വയസ്സിനു മുകളിലുള്ളവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.