News

പെറുവിലെ നഗരത്തില്‍ കണ്ടെത്തിയ്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തു ശേഖരം

പുരാവസ്തു വിസ്മയങ്ങളുടെ കാഴ്ചകളാല്‍ നിറഞ്ഞയിടമാണ് പെറു. 15ാം നൂറ്റാണ്ടിലെ ഇന്‍കന്‍ സാമ്രാജ്യ ശേഷിപ്പുകളുള്ള മാക്ചുപിച്ചു, നാസ്‌ക വരകള്‍, ചാന്‍ചാന്‍ നഗരശേഷിപ്പുകള്‍ അടക്കമുള്ളവ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ചരിത്രകാലത്തേക്ക് വഴിതുറക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടിയുണ്ടായിരിക്കുന്നു. വിചിത്രമായ 19 ശില്‍പങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്. 20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി.ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം ഈ പ്രതിമകളെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.

എല്ലാ പ്രതിമകളുടെ കയ്യിലും ഒരു ദണ്ഡും പരിചയ്ക്ക് സമാനമായ വസ്തുവും ഉണ്ട്. 70 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത് മരത്തിലാണ്. കളിമണ്‍ നിര്‍മിതമായ മുഖം മൂടിയും അതിനുണ്ട്.കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ചരിത്രകാലശേഷിപ്പുകളില്‍ ഏറ്റവും വലിയ നഗരമാണിത് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ നഗരത്തില്‍ പെറൂവിയന്‍ പുരാവസ്തുഗവേഷകര്‍ ഉദ്ഖനനം നടത്തുന്നുണ്ട്.