കുറഞ്ഞ ചിലവില്‍ പോകാവുന്ന ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍
വിവാഹം കഴിഞ്ഞാല്‍ എല്ലാവരുടെയും ചോദ്യം ഹണിമൂണ്‍ ട്രിപ്പ് എവിടേക്കായിരിക്കുമെന്നാണ്. മിക്കവരുടെയും മനസ്സിലുള്ള ആഗ്രഹമാണ് പങ്കാളിയുമൊത്ത് ഇഷ്ടയിടത്തേക്കുള്ള യാത്ര. നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഹണിമൂണ്‍ യാത്രകള്‍.
വിവാഹത്തിനു മുന്നേ തന്നെ ഇഷ്ടപ്പെട്ടയിടങ്ങള്‍ പരസ്പരം അറിഞ്ഞ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുമുണ്ട്. ചിലയിടത്തേക്കുള്ള യാത്രയ്ക്കായി വഹിക്കേണ്ടിവരുന്ന ഭീമമായ തുക ഓര്‍ക്കുമ്പോള്‍ മിക്കവരും ആ യാത്രയില്‍ നിന്നും പിന്നോട്ടു വലിയും.
വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂണ്‍ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. യാത്രക്കായി പോക്കറ്റിന്റെ കനം പോരാതെ വരും എന്നാതാണ് മിക്കവരുടെയും പരാതി. കുറഞ്ഞ ചിലവില്‍ സുന്ദരകാഴ്ചകളുമായി നിരവധിയിടങ്ങള്‍ ഭൂമിയിലുണ്ട്. കീശകാലിയാക്കാതെ ഹണിമൂണ്‍ യാത്രക്കായി ഒരുങ്ങാം.
ബാലി
വര്‍ഷങ്ങള്‍ എത്ര പോയാലും ഹണിമൂണ്‍ യാത്രയിലെ കാഴ്ചകളും ഓര്‍മകളും ആരും മറക്കില്ല. മികച്ച ഹണിമൂണ്‍ ഡെസിറ്റിനേഷനാണ് ബാലി. അതിമനോഹരമായ കടല്‍ത്തീരങ്ങളും, കുന്നുകളും പര്‍വതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലോലകളും, മഴക്കാടുകളും, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനില്‍ക്കുന്ന സമ്പന്നമായ സംസ്‌കാരവും നിറഞ്ഞ ബാലി വിനോദസഞ്ചാരികളുടെ പറുദീസയെന്നു പറയുന്നതില്‍ തെറ്റില്ല.
സഞ്ചാര സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് എഴുതിയ ‘ബാലി ദ്വീപ്’ എന്ന യാത്രാ വിവരണത്തിലൂടെയാണ് ഈ ദ്വീപിനെ കേരളീയരറിഞ്ഞ് തുടങ്ങിയത്. എന്നാല്‍ കേട്ടറിവിനേക്കാള്‍ വലുതാണ് ബാലി എന്ന സത്യം. കാഴ്ചകളുടെ നിധികുംഭമാണ് ബാലി. പോക്കറ്റ് കാലിയാക്കാതെ യാത്രചെയ്യാന്‍ പറ്റിയയിടമാണ് ബാലി. ഏത് കാലാവസ്ഥയിലും യാത്രചെയ്യാന്‍ പറ്റിയയിടമാണ് ബാലി. അങ്ങോട്ടേക്കും മടക്കയാത്രക്കുമായിഒരു മാസം മുമ്പേ തന്നെ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്താല്‍ യാത്രാ നിരക്ക് കുറഞ്ഞിരിക്കും. ലോക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടാക്‌സികളുടെ നിരക്കും ബാവിയില്‍ കുറവാണ്. യാത്രികരുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഹോട്ടലുകളും ലഭ്യമാണ്.
ഫിജി ദ്വീപ്
ദ്വീപും കടല്‍തീരങ്ങളും ഇഷ്ടപ്പെടാത്താവരായി ആരുമില്ല. മണിക്കൂറുകളോളം പഞ്ചാരമണല്‍ വിരിച്ച തീരത്ത് ആര്‍ത്തുല്ലസിക്കാന്‍ എല്ലാവര്‍ക്കും പ്രിയമാണ്. ദ്വീപുകള്‍ ഹണിമൂണിന് പറ്റിയ സ്ഥലങ്ങളാണ്. ബജറ്റിലൊതുങ്ങുന്ന റിസോര്‍ട്ടുകളാണ് ഫിജി ദ്വീപിലുള്ളത്.
ഫിജി തെക്കന്‍ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹം സഞ്ചാരികളുടെ പ്രിയയിടമാണ്. അതിമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും തെളിമയാര്‍ന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായലും ഫിജിയെ ഏറെ ആകര്‍ഷണീയമാക്കുന്നു. സ്‌കൂബ ഡൈവിംങ്ങും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഫിലിപ്പീന്‍സ്
ചെലവു കുറഞ്ഞ യാത്ര സാധ്യമാകുന്നൊരു നാടാണു ഫിലിപ്പീന്‍സ്. ആയിരക്കണക്കിനു ബീച്ചുകള്‍ നിറഞ്ഞ ഇവിടം പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ്. ഇന്ത്യയിലെ പല നഗരങ്ങളിലെയും മുന്തിയ ഭക്ഷണശാലകളില്‍ ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കു ഭക്ഷണവും താമസവും ഉറപ്പാക്കാം. പാനീയങ്ങളും സുലഭം. പെട്രോളിനും താരതമ്യേന വില കുറവാണ്.
സംസ്‌കാരത്തനിമയും ഭക്ഷണ വൈവിധ്യവും അടുത്തറിഞ്ഞു ഷോപ്പിങ്ങും നടത്തന്‍ പറ്റിയയിടമാണ്. ചൂട് കൂടുതലുള്ള നാടാണ് ഫിലിപ്പൈന്‍സ്. എന്നാല്‍ ആ നാട്ടില്‍ തണുപ്പുള്ള കാലാവസ്ഥയുള്ള ഇടങ്ങളുമുണ്ട്. ഏഴായിരം ദ്വീപുകള്‍ കൊണ്ട് സമ്പന്നമാണ് ഫിലിപ്പൈന്‍സ്. അതിലേറ്റവും സുന്ദരമായ ദ്വീപാണ് ബോറക്കേയ്. രാത്രി ജീവിതം ആസ്വദിക്കാനും രസകരമായ പാര്‍ട്ടികള്‍ നടത്താനും ഏറ്റവും പറ്റിയ ദ്വീപാണ് ബോറക്കേയ്. സ്രാവുകള്‍ക്കൊപ്പം നീന്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബൊഹോള്‍ അതിനേറ്റവും ഉചിതമായൊരിടമാണ്.
യാത്രക്കൊരുങ്ങുമ്പോള്‍ കാലാവസ്ഥ എപ്രകാരമുള്ളതാണെന്നു മനസിലാക്കി അതിനനുസരിച്ചുള്ള തയാറെടുപ്പ് നടത്തേണ്ടതാണ്. യാത്ര ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയിലേക്കാണെങ്കില്‍ ഏതെങ്കിലും ട്രാന്‍സ്പോര്‍ട്ട് ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സഞ്ചാരികള്‍ക്ക് ഏറെ ഗുണകരമായിരിക്കും. മനില ഒരു മെട്രോപൊളിറ്റന്‍ സിറ്റി ആണ്. അതുകൊണ്ടു തന്നെ അതിന്റെതായ തിരക്കുകള്‍ നിറഞ്ഞ ഒരു നഗരവും കൂടിയാണിത്. ഫിലിപ്പൈന്‍സ് സന്ദര്‍ശനം ആദ്യമായാണെങ്കില്‍, നഗരത്തിരക്കുകളില്‍ ടാക്‌സികള്‍ ലഭിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഊബര്‍, ഗ്രാബ് കാര്‍, വേസ് എന്നീ ആപ്പുകള്‍ ഫോണില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ യാത്രകള്‍ എളുപ്പമുള്ളതാക്കും. കൊച്ചിയില്‍നിന്നു മനിലയിലേക്ക് നേരിട്ടു ഫ്‌ലൈറ്റ് ഇല്ല. സിംഗപ്പൂരിലോ ക്വാലലംപൂരിലോ മാറിക്കയറണം.
സ്‌പെയിന്‍
ചെലവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വളരെ മുമ്പിലാണെങ്കിലും അതിനൊരപവാദമാണ് സ്‌പെയിന്‍. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ചെലവ് വളരെ കുറവുള്ള ഒരു രാജ്യമാണിത്.
കൂടാതെ മനോഹരമായ കാഴ്ചകളും ഈ രാജ്യത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കി മാറ്റുന്നു. വയറു നിറയെ ഭക്ഷണം കഴിക്കാന്‍ 10 – 15 ഡോളര്‍ മാത്രമാണ് സ്‌പെയിനിലെ ചെലവ് ബീയറിന് സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു ഡോളറും വൈനിനു ബാറുകളില്‍ അഞ്ചു ഡോളറും മാത്രമാണ് നിരക്ക്. നല്ലതുപോലെ ഭക്ഷണം കഴിച്ചും കുടിച്ചും സ്‌പെയിനിന്റെ മനോഹാരിത കണ്ടു മടങ്ങുമ്പോഴും പോക്കറ്റ് കാലിയാകില്ല എന്നത് ഉറപ്പ്.
മെക്‌സിക്കോ
വൈവിധ്യമാര്‍ന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും സൗഹൃദം പ്രകടിപ്പിക്കുന്ന ജനങ്ങളുമാണ് മെക്‌സിക്കോയിലെ പ്രധാനാകര്‍ഷണങ്ങള്‍. മനോഹരമായ കാഴ്ചകള്‍ നിറഞ്ഞ ഇവിടം കയ്യിലൊതുങ്ങുന്ന ചെലവില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നൊരു നാട്. ഒരു യു എസ് ഡോളറിന് പകരമായി 19 ‘പെസോ’ ലഭിക്കും. മെക്‌സിക്കോയിലേക്കു വണ്ടി കയറുന്നതിനു മുന്‍പ് ഒരു കാര്യം ശ്രദ്ധിക്കുക, നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്തു ഇവിടം സന്ദര്‍ശിച്ചാല്‍ ചിലപ്പോള്‍ പോക്കറ്റ് കാലിയാകാന്‍ സാധ്യതയുണ്ട്. അന്നേരങ്ങളില്‍ ധാരാളം വിദേശികള്‍ മെക്‌സിക്കോ സന്ദര്‍ശിക്കുന്നതിനായി എത്തുന്നതും ഇവിടെ സീസണ്‍ ആരംഭിക്കുന്നതും. അന്നേരങ്ങളില്‍ മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറില്‍. ഹോട്ടല്‍ മുറികെളല്ലാം നേരത്തെ തന്നെ ബുക്കുചെയ്തു കഴിഞ്ഞിട്ടുണ്ടാകുമെന്നുള്ളതുകൊണ്ടു തന്നെ സീസണില്‍ മെക്‌സിക്കോ സന്ദര്‍ശിക്കാതിരിക്കുന്നതാണ് ഉചിതം.
ഭക്ഷണത്തിനു അധികവില നല്‍കേണ്ടതില്ലയെന്നത് മെക്‌സിക്കോയുടെ പ്രത്യേകതയാണ്. മല്‍സ്യവിഭവങ്ങള്‍ ചേരുന്ന വിഭവങ്ങള്‍ക്കെല്ലാം ഏറ്റവും കൂടിയ വില മൂന്നു ഡോളര്‍ മാത്രമാണ്.ആ രാജ്യത്തിനകത്തു സഞ്ചരിക്കുന്നതിനു കുറഞ്ഞ ചെലവില്‍ ഫ്‌ലൈറ്റുകള്‍ ലഭ്യമാണ്. റോഡ് യാത്രയോടാണ് പ്രിയമെങ്കില്‍ ദീര്‍ഘദൂര ബസ് സര്‍വീസുകളുമുണ്ട്. ഇത്തരം യാത്രകള്‍ക്കും ചെറിയൊരു തുക മാത്രം നല്‍കിയാല്‍ മതിയെന്നതും മെക്‌സിക്കോയുടെ പ്രത്യേകതയാണ്.
മൗറീഷ്യസ്
ബീച്ചുകളുടെ മൗറീഷ്യസ്. നവദമ്പതികള്‍ പോകാന്‍ ഏറെ ഇഷ്ടമുളളയിടമാണ് മൗറീഷ്യസ്. വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് സന്ദര്‍ശന സമയത്ത് വീസ നല്‍കുന്നതാണ്. അതിനായി സന്ദര്‍ശകരുടെ കൈവശം പാസ്പോര്‍ട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസില്‍ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടല്‍ മല്‍സ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത.
നാലുവശവും ജലത്താല്‍ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകള്‍ കൊണ്ട് മാത്രമല്ല പ്രശസ്തമായത്. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവര്‍ ഗോര്‍ജസ് , നിരവധി സസ്യ, മൃഗ ജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സര്‍ഫസ് എന്നറിയപ്പെടുന്ന നിര്‍ജീവമായ അഗ്‌നിപര്‍വതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും.
കൊളംബിയ
വളരെ സൗഹാര്‍ദ്ദപരമായി പെരുമാറുന്ന ജനങ്ങളും പച്ചപ്പിന്റെ സൗന്ദര്യം വാരിപ്പൂശി നില്‍ക്കുന്ന വനങ്ങളും ശ്വസിക്കുന്ന വായുവിനെ പോലും തന്റെ അഭൗമായ സൗന്ദര്യത്താല്‍ വശീകരിക്കുന്ന കടലുകളും പഴയ സ്പാനിഷ് കോളനിയുടെ പ്രൗഢിയുമെല്ലാം സംഗമിക്കുന്ന ഭൂമിയാണ് കൊളംബിയ. മിക്ക സഞ്ചാരികളുടെയും സ്വപ്നമായിരിക്കും കൊളംബിയ സന്ദര്‍ശിക്കുകയെന്നത്.താമസത്തിനും ഭക്ഷണത്തിനും ചെറുഷോപ്പിങ്ങുകള്‍ക്കുമൊക്കെ ചെലവ് വളരെ കുറവായതു കൊണ്ട് തന്നെ ആ നാട്ടിലേക്കുള്ള സന്ദര്‍ശനം ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കും. പെസോ തന്നെയാണ് ഇന്നാട്ടിലെയും നാണയം. ഒരു യു എസ് ഡോളറിന് പകരമായി ഏകദേശം 3000 പെസോ ലഭിക്കും.
കടല്‍ മല്‍സ്യങ്ങള്‍ നിറഞ്ഞ മീന്‍വിഭവങ്ങള്‍ ബീച്ചിനടുത്തുള്ള റെസ്റ്റോറന്റുകളില്‍ നിന്നും ലഭിക്കും. വിലയേറെ കുറവും രുചിയിലേറെ മുമ്പിലുമാണ് ഇത്തരം വിഭവങ്ങള്‍. സ്പാനിഷ് രീതിയില്‍ നിര്‍മിച്ചിട്ടുള്ള മനോഹരമായ ഗസ്റ്റ് ഹൗസുകളിലെ താമസത്തിനു 30 ഡോളറിനടുത്തു ചെലവ് വരും. സ്‌കൂബ ഡൈവ് ചെയ്യുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് ഇതിനുള്ള സൗകര്യങ്ങളുണ്ട്. സിയുഡാഡ് പെരിഡിഡ ട്രെക്കും സലേന്റ്റൊയിലേക്കുള്ള കോഫി ടൂറും കൊളംബിയയിലെത്തുന്ന സഞ്ചാരികള്‍ക്ക് പുത്തനനുഭവങ്ങള്‍ സമ്മാനിക്കും.
മാല ദ്വീപുകള്‍
മധുവിധു ആഘോഷിക്കാനാണ് കൂടുതല്‍ പേരും ഈ രാജ്യം തെരഞ്ഞെടുക്കുന്നത്. മനോഹരമായ ബീച്ചുകളാണ് ഇവിടുത്തെ പ്രധാനാകര്ഷണം. ഇന്ത്യക്കാര്‍ക്ക് മുപ്പതു ദിവസം വരെ സൗജന്യ വീസയില്‍ താമസിക്കാന്‍ കഴിയുന്ന അയല്‍രാജ്യമാണിത്.പാസ്പോര്‍ട്ടും തിരിച്ചുവരുന്നതിനുള്ള ടിക്കറ്റും കയ്യില്‍ കരുതണം.
ലോകത്തിലെ തന്നെ അതിമനോഹരമെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ബീച്ച് റിസോര്‍ട്ടുകള്‍ക്കു പേരുകേട്ട നാടാണ് മാലദ്വീപുകള്‍. അതുകൊണ്ടു തന്നെ അവിടുത്തെ താമസം സഞ്ചാരികളെല്ലാം ഇഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്. യാത്ര അതിന്റെ പരിപൂര്ണതയില്‍ ആസ്വദിക്കണമെങ്കില്‍ വാട്ടര്‍ വില്ലകളില്‍ താമസിക്കണം. സുന്ദരമായ പ്രകൃതിയും കടല്‍ കാഴ്ചകളും ബീച്ചുകളും ഇവിടെയെത്തുന്നവരെ ഏറെ രസിപ്പിക്കും. സ്നോര്‍ക്ലിങ്, സെയ്ലിംഗ്, അണ്ടര്‍വാട്ടര്‍ ഡൈവിംഗ് തുടങ്ങിയ രസകരമായ കളികള്‍ക്കെല്ലാം ഇവിടെ അവസരമുണ്ട്.