Kerala

നഗരത്തില്‍ ഇനി സൗജന്യ സൈക്കിള്‍ സവാരി ചെയ്യാം

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സൗജന്യമായി സൈക്കിള്‍ യാത്രകള്‍ ഒരുക്കുന്ന പദ്ധതി വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് ആദിസ് ബൈസിക്കിള്‍ ക്ലബ്ബ് ആരംഭിച്ചു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള സൈക്കിള്‍ റാക്കുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാം.

ആദ്യഘട്ടത്തില്‍ ശംഖുംമുഖം ബീച്ചിന് സമീപം, സ്റ്റാച്യു ജങ്ഷനിലെ വൈ.എം.സി.എ. ഹാളിനു സമീപം, തമ്പാനൂര്‍, പാളയം, വഴുതക്കാട്, ബേക്കറി ജങ്ഷന്‍, കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബിനു സമീപം എന്നിവിടങ്ങളിലാണ് സൈക്കിള്‍ റാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാവുകയാണ് ആദ്യംവേണ്ടത്. പിന്നീട് സൈക്കിള്‍ പാര്‍ക്കുകളിലെത്തി സൈക്കിളുകള്‍ വാടകയ്‌ക്കെടുക്കാം. ഉപയോഗശേഷം മറ്റേതെങ്കിലും സൈക്കിള്‍ പാര്‍ക്കില്‍ തിരിച്ചേല്‍പ്പിക്കണം. കൂടാതെ സൈക്കിള്‍ ക്ലബ്ബ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കും.

സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാകാന്‍ പേര്, വിലാസം, ഇ-മെയില്‍ ഐ.ഡി., തൊഴില്‍ എന്നിവ 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ച് രജിസ്റ്റര്‍ ചെയ്യണം. സൈക്കിളുകളുടെ ലോക്ക് മാറ്റാന്‍ റാക്കിന്റെ കോഡും സൈക്കിളിന്റെ ഐ.ഡി.യും (റാക്ക് കോഡ് സ്‌പേസ് സൈക്കിള്‍ ഐ.ഡി.) 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയക്കണം. അപ്പോള്‍ സൈക്കിളിന്റെ ലോക്ക് കോഡ് മെസേജ് അയച്ച നമ്പറിലേക്ക് ലഭിക്കും.

സൈക്കിളുകള്‍ ഒരാള്‍ക്ക് മാസത്തില്‍ 100 മണിക്കൂര്‍ സൗജന്യമായി ഉപയോഗിക്കാം. സൈക്കിളുകളിലും റാക്കുകളിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന പരസ്യത്തിലൂടെയാണ് ക്ലബ്ബിന്റെ നടത്തിപ്പിനാവശ്യമായ വരുമാനം ലഭിക്കുന്നത്. ഉപയോഗത്തിനിടെ സൈക്കിളുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ സൈക്കിള്‍ ക്ലബ്ബിനെ അറിയിക്കുകയോ അടുത്തുള്ള ഏതെങ്കിലും റാക്കുകളില്‍ എത്തിക്കുകയോ ചെയ്താല്‍ മതി. നിലവില്‍ ഒരുദിവസം 60 ഓളം ആവശ്യക്കാരാണ് സൈക്കിളിനുള്ളത്.

സൈക്കിള്‍യാത്രയെ നഗരവാസികളിലേക്ക് കൂടുതല്‍ അടുപ്പിക്കുകെയന്ന ലക്ഷ്യത്തോടെ 2011-ലാണ് ആദ്യമായി നഗരത്തില്‍ ആരംഭിക്കുന്നത്. പിന്നീട് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ആരംഭിച്ചതോടെ നഗരത്തിലെ പ്രവര്‍ത്തനം നിര്‍ത്തി. പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലകളില്‍ സൈക്കിള്‍ ക്ലബ്ബുകള്‍ ആരംഭിക്കാനാണ് ടൂറിസം വകുപ്പ് നിര്‍ദേശിച്ചത്. എന്നാല്‍, നഗരവാസികളെയാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ആദിസ് ബൈസിക്കിള്‍ ക്ലബ്ബ് ഫൗണ്ടര്‍ അനിരുദ്ധ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലും സമാനമായ സൈക്കിള്‍ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.