News

വൈക്കം-എറണാകുളം അതിവേഗ ബോട്ട് 4 മുതല്‍

സൂപ്പര്‍ ഫാസ്റ്റ് ബസിനു പിന്നാലെ ഇനി സൂപ്പര്‍ ഫാസ്റ്റ് ബോട്ടും.  സംസ്ഥാന ജലഗതാഗത വകുപ്പാണ് സൂപ്പര്‍ ഫാസ്റ്റ് ബോട്ടുമായി വരുന്നത്. വൈക്കം ‐എറണാകുളം എ സി സൂപ്പർഫാസ്റ്റ് ബോട്ട് സർവീസ് നവംബർ നാലിന് ആരംഭിക്കും. വൈക്കം ബോട്ടുജെട്ടിയിൽ ഉച്ചയ്ക്ക്  രണ്ടിന് മന്ത്രി തോമസ് ഐസക്  സർവീസ‌് ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും.
ബോട്ടിന്‍റെ അവസാനഘട്ട മിനുക്ക് പണികള്‍ പുരോഗമിക്കുകയാണ്. അതിവേഗ ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ ഒന്നര മണിക്കൂർകൊണ്ട് വൈക്കത്തു നിന്ന് എറണാകുളത്ത് എത്താനാവും. ഇതിനായി സ്റ്റോപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വൈക്കത്തുനിന്ന് എറണാകുളത്തേക്ക് റോഡുമാർഗം ഒന്നര മണിക്കൂറാണ് യാത്രാ സമയമെങ്കിലും ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും ഇത് രണ്ട് മണിക്കൂർ വരെ ആവാറുണ്ട്. എസി യുടെ കുളിരില്‍ കായല്‍ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം എന്നതാണ് ഈ ബോട്ടിന്‍റെ പ്രത്യേകത.
സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ബോട്ട് പരീക്ഷണഓട്ടം നടത്തിയിരുന്നു. ഇതിനുശേഷം പോർട്ട് അധികൃതർ ബോട്ടിന്റെ സുരക്ഷ സംബന്ധിച്ച് ചില നിർദേശങ്ങൾ നൽകി. മേൽക്കൂരയിൽ സീൽ ചെയ്ത രീതിയിൽ അഗ്നിസംരക്ഷണ സംവിധാനമൊരുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പോർട്ട് അധികൃതർ നിർദേശിച്ചിരുന്നത്. ഇതനുസരിച്ചുള്ള പണികളാണ് ഇപ്പോള്‍ നടക്കുന്നത്.
വൈക്കം, ചെമ്മനാകരി, പെരുമ്പളം, പാണാവള്ളി, തേവര, നേവൽബേസ് വഴി എറണാകുളം ജെട്ടിയിലെത്തുന്ന റൂട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. 1.90 കോടി രൂപ ചെലവഴിച്ചു നിർമിച്ച ബോട്ടിൽ 120 പേർക്ക് യാത്ര ചെയ്യാം. 40 പേർക്കിരിക്കാവുന്ന ക്യാബിൻ ശീതീകരിച്ചതാകും. എസി യാത്രാനിരക്ക് സാധാരണയിലും കൂടുതലാവും. വിനോദസഞ്ചാര വികസനംകൂടി കണക്കിലെടുത്താണ് എ സി ബോട്ട് സർവീസ് ആരംഭിക്കുന്നത്. വേമ്പനാട്ടു കായലിന്റെ വശ്യസൗന്ദര്യം യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വദിച്ച് യാത്ര ചെയ്യാനാവും.