India

ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; ‘ട്രെയിന്‍ 18’മായി റെയില്‍വേ

ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യത്തെ എഞ്ചിനില്ലാ ട്രെയിനായ ‘ട്രെയിന്‍ 18’ ഉടന്‍ ട്രാക്കിലിറങ്ങും. ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍സിറ്റി യാത്രകള്‍ക്കായി പുറത്തിറക്കിയ സെമിഹൈ സ്പീഡ് ട്രെയിനാണിത്. ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിന്‍ ഒരാഴ്ചക്കുള്ളില്‍ പരീക്ഷണഓട്ടംതുടങ്ങും.

പരിശീലനഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരമായി ഇവ സര്‍വീസ് നടത്താനാണ് തീരുമാനം.

ഒക്ടോബര്‍ 29ന് ട്രെയിന്‍ 18 പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച് തുടങ്ങും. ആദ്യം ഫാക്ടറിക്കകത്തും പിന്നീടുള്ള മൂന്നോ നാലോ ദിവസം ഫാക്ടറിക്കു പുറത്തും പരീക്ഷണ ഓട്ടം നടത്തും. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന് (ആര്‍എസ്ഡിഒ) കൈമാറും. ട്രെയിന്‍ നിര്‍മ്മാതാക്കളായ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറി അധികൃതര്‍ അറിയിച്ചു.

മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ‘ട്രെയിന്‍ 18’ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് ‘ട്രെയിന്‍ 18’ ഉപയോഗിക്കുക. ഇത്തരത്തിലുള്ള ആറെണ്ണം നിര്‍മ്മിക്കുമെന്നാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അറിയിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം സ്ലീപ്പര്‍ കോച്ചുകളായിരിക്കും.

ഓട്ടോമേറ്റിക് ഡോറുകളും സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്ലെറ്റ് സംവിധാനം തുടങ്ങിയവ ഉണ്ടാകും. മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍ രീതിയില്‍ രൂപകല്‍പന ചെയ്ത, യാത്രികര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.

രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിന്‍ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും. എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. അതിനാലാണ് ഈ വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തതും. സാധാരണ മെയില്‍ എക്‌സ്പ്രസ് വണ്ടികളില്‍ എന്‍ജിന് സമീപത്തായിരിക്കും വൈദ്യുതി വിതരണത്തിനുള്ള സംവിധാനം ക്രമീകരിക്കുക.

ട്രെയിന്‍-18 ല്‍ ഇടവിട്ടുള്ള ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ട് കുതിപ്പിക്കാനുള്ള മോട്ടോറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 16 കോച്ചുകളാണ് ട്രെയിനിന് ആകെ ഉള്ളത്. ഇതില്‍ 2 എണ്ണം എക്സിക്യൂട്ടീവ് വിഭാഗത്തിലും 14 എണ്ണം നോണ്‍ എക്സിക്യൂട്ടീവ് വിഭാഗത്തിലുമാണുള്ളത്. ചെയര്‍ കാര്‍ മോഡലിലാണ് സീറ്റുകളുടെ നിര്‍മാണം. 56 യാത്രക്കാര്‍ക്ക് എക്സിക്യൂട്ടീവിലും 78 പേര്‍ക്ക് നോണ്‍ എക്സിക്യൂട്ടീവിലും ഒരേ സമയം യാത്ര ചെയ്യാം. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണ് കോച്ചുകള്‍.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് ബേസ് ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്. മറ്റു ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി തുടര്‍ച്ചയായ ജനാലകളും ഇതിന്റെ
പ്രത്യേകതയാണ്. ട്രെയിനിന്റെ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈനുകളും തികച്ചും പുതുമ ഉള്ളതാണ്. ഓരോ യാത്രക്കാരനും വൈഫൈ സൗകര്യവും
ഇതിനുള്ളില്‍ ലഭ്യമാണ്.

ഓട്ടോമാറ്റിക് ഡോറുകളും ഫുട്സ്റ്റെപ്പുകളും ട്രെയിന്‍ 18ന്റെ മറ്റൊരു പ്രത്യേകതയാണ്. ഓട്ടോമാറ്റിക് ഇന്റര്‍ കണക്ടിങ് ഡോറുകളും വിശാലമായ കണക്ടിങ്
ഏരിയയും യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ നടക്കുവാന്‍ സഹായിക്കുന്നു. കോച്ചുകളെ ചേര്‍ക്കുന്ന ഓരോ സ്ഥലവും പൂര്‍ണമായും സീല്‍ ചെയ്തിരിക്കുന്നു.
അംഗവൈകല്യമുള്ള യാത്രക്കാര്‍ക്കു വേണ്ടി വീല്‍ചെയര്‍ കാര്‍ സൗകര്യവും ലഭ്യമാണ്.