ഹൗസ് ബോട്ട് റാലി നവംബർ 2ന്; നെഹ്രുട്രോഫിക്ക് അതിഥികൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾ


ആലപ്പുഴയിലെ ടൂറിസം മേഖല തിരിച്ചു വരുന്നു. വിനോദ സഞ്ചാരത്തിന് ആലപ്പുഴ പൂർണ സജ്ജമെന്ന് പ്രഖ്യാപിച്ച് നവംബർ 2ന് ഹൗസ് ബോട്ട് റാലി നടക്കും. ഹൗസ് ബോട്ടുകൾ, ശിക്കാരകൾ തുടങ്ങി ചെറുവള്ളങ്ങൾ വരെ അണിനിരക്കുന്ന റാലി ലോകചരിത്രത്തിൽ തന്നെ ആദ്യമാണ്. നേരത്തെ ഈ മാസം 5 ന് നടത്താനിരുന്ന റാലി കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. നവംബർ 2ലെ ഹൗസ് ബോട്ട് റാലിക്കു പിന്നാലെ 10 ന് നെഹ്രു ട്രോഫി വള്ളംകളിയും വരുന്നുണ്ട്.ഇതോടെ ആലപ്പുഴയിലെ ഹൗസ് ബോട്ട് അടക്കമുള്ള വിനോദ സഞ്ചാര രംഗം പൂർവ സ്ഥിതിയിലാകുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി എം മാലിൻ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

വള്ളംകളിക്ക് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അതിഥികളായെത്തും. നവംബർ 1ന് ഇന്ത്യ – വിൻഡീസ് ഏകദിനം തിരുവനന്തപുരത്ത് നടക്കുന്നതിനാൽ ഹൗസ് ബോട്ട് റാലിക്ക് ക്രിക്കറ്റ് താരങ്ങളെ അതിഥികളായി കിട്ടുമോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും എം മാലിൻ പറഞ്ഞു.

നവംബർ 2 ന് രാവിലെ 10.30ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹൗസ് ബോട്ട് റാലി ഫ്ലാഗ് ഓഫ് ചെയ്യും. ടൂറിസം ഡയറക്ടർ പി. ബാലകിരൺ ചടങ്ങിൽ സന്നിഹിതനാകും.

200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍,ചെറു വള്ളങ്ങൾ എന്നിവ റാലിയിൽ പങ്കെടുക്കും. റാലി നടക്കുന്ന മൂന്ന് മണിക്കൂര്‍ കായല്‍ ഭംഗികള്‍ ആസ്വദിക്കാം. നേരത്തെ ഹൗസ് ബോട്ട് സ്ഥാപനങ്ങളിൽ റാലി യാത്ര ബുക്ക് ചെയ്യാൻ അവസരമുണ്ട്. ചിലർ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.

‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന പേരിലാണ് ആലപ്പുഴ ഡി ടി പി സി നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കുന്നത്.

നവംബർ 2 ന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി ഫിനിഷിങ് പോയിന്‍ിലേക്ക് എത്തും. പ്രളയത്തെ ആലപ്പുഴ അതിജീവിച്ചതെങ്ങനെ എന്ന ഫോട്ടോ പ്രദര്‍ശനവും ഡി ടി പി സി സംഘടിപ്പിക്കുന്നുണ്ട്.

പ്രളയം പഴങ്കഥയെന്നും വിനോദ സഞ്ചാര യാത്രക്ക് ആലപ്പുഴ സുരക്ഷിതമെന്നുമാണ് ബോട്ട് റാലിയിലൂടെ ഡി ടി പി സി മുന്നോട്ട് വെക്കുന്ന സന്ദേശം.

ആലപ്പുഴയിലെ ഹൗസ് ബോട്ട് മേഖല പ്രളയത്തിനു മുമ്പുള്ള സജീവ നിലയിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗൺസിൽ സെക്രട്ടറി എം മാലിന്‍ പറഞ്ഞു.