അറിഞ്ഞോ …ഓണക്കാലം വീണ്ടും; ‘ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ’വുമായി മാധ്യമങ്ങള്‍; ലക്‌ഷ്യം വിപണി സജീവമാക്കല്‍
കേരളത്തിലുണ്ടായ പ്രളയം ജനജീവിതത്തെ മാത്രമല്ല ബാധിച്ചത്. വിവിധ തൊഴില്‍ മേഖലകളെയും സാരമായി ബാധിച്ചിരുന്നു. കേരളത്തിന് വന്‍ വരുമാനം നേടിത്തന്ന ടൂറിസം മേഖല കനത്ത പ്രതിസന്ധിയിലാണ്. മാധ്യമങ്ങളും വലിയ പ്രതിസന്ധിയില്‍ തന്നെ. പ്രളയത്തെത്തുടര്‍ന്ന് പരസ്യ വരുമാനത്തില്‍ വന്‍ കുറവുണ്ടായി. ഇത് മറികടക്കാന്‍ മുന്‍നിര മാധ്യമങ്ങള്‍ കണ്ടെത്തിയ മാര്‍ഗമാണ് വിപണിയെ സജീവമാക്കുക എന്നത്. കച്ചവടം നടന്നാല്‍ പരസ്യവും വരും. അങ്ങനെ ‘ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവവു’മായാണ് മാധ്യമങ്ങള്‍ വരുന്നത്.
പ്രളയത്തില്‍ ഓണവിപണി നിറം മങ്ങിയിരുന്നു. കേരളീയരുടെ വലിയ ഷോപ്പിംഗ് കാലമാണ് ഓണം. മാധ്യമങ്ങളുടെ പരസ്യങ്ങളില്‍ വലിയൊരു പങ്ക് ലഭിച്ചിരുന്നത് ഓണക്കാലത്താണ്. വിപണിയിലെ മാന്ദ്യം പരസ്യങ്ങളിലും ഇടിവു വരുത്തുന്നു എന്നു കൂടി തിരിച്ചറിഞ്ഞാണ് കേരളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ ഷോപ്പിംഗ് ഉത്സവത്തെക്കുറിച്ചു ആലോചിച്ചത്. ഇത്തവണ നഷ്ടപ്പെട്ട ഓണ വിപണിയെ തിരിച്ചെത്തിക്കുക കൂടിയാണ് ലക്‌ഷ്യം.
മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ് എന്നിവര്‍ പദ്ധതിയിട്ട ഈ ഷോപ്പിംഗ് ഉത്സവത്തില്‍ മിക്ക മാധ്യമങ്ങളും പങ്കാളിയായിട്ടുണ്ട്.
കേരളം തിരിച്ചു വന്നു(കേരള ഈസ് ബാക്ക്) എന്നതാണ് ഷോപ്പിംഗ് മേളയുടെ മുദ്രാവാക്യം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെയാണ് ഗ്രേറ്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍.
25 കോടി രൂപയാണ് മാധ്യമങ്ങള്‍ ഈ മേളയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പുറമേ ഷോപ്പിംഗ് മേളയ്ക്ക് വന്‍ വാര്‍ത്താ പ്രാധാന്യവും നല്‍കും.ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സാംസംഗ്,എല്‍ജി,വാഹന നിര്‍മാതാക്കള്‍ എന്നിവര്‍ മേളയോട് സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വിപണിയെ ഉണര്‍ത്താന്‍ മാധ്യമങ്ങള്‍ കൈകോര്‍ക്കുന്നത് ലോകചരിത്രത്തില്‍ ഇതാദ്യമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. മൂന്നരക്കോടിയോളം രൂപയുടെ ബമ്പര്‍ സമ്മാനവും പരിഗനയിലാണ്. ആയിരം രൂപയ്ക്കെങ്കിലും ഷോപ്പ് ചെയ്യുന്നവരില്‍ നിന്ന് നറുക്കിട്ടാകും സമ്മാനം.
കേരളപ്പിറവി ദിനമായ നവംബര്‍ 1നാകും ഷോപ്പിംഗ് ഉത്സവത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം.