Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബുക്കിങ് ഈയാഴ്ച മുതല്‍

അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ലൈന്‍ കമ്പനികള്‍. ഇതിന്റെ ഭാഗമായി കണ്ണൂരില്‍നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഈയാഴ്ച തുടങ്ങുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

കണ്ണൂരില്‍നിന്ന് ഗള്‍ഫിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ സമയപട്ടികയ്ക്ക് രണ്ടുദിവസത്തിനകം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ലഭിക്കുമെന്നാണ് എയര്‍ഇന്ത്യ അധികൃതരുടെ പ്രതീക്ഷ. ഇത് ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാനാകുമെന്ന് എയര്‍ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു.

എയര്‍ഇന്ത്യയുടെ ആദ്യ സര്‍വീസ് ഡിസംബര്‍ ഒമ്പതിന് അബുദാബിയിലേക്ക് ആയിരിക്കുമെന്നാണ് സൂചന. സമയപട്ടികയില്‍ അംഗീകാരം ലഭിച്ചാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. അബുദാബിക്ക് പുറമെ ദുബായ്, ഷാര്‍ജ, റിയാദ്, മസ്‌ക്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് ഉണ്ടാകും.

എയര്‍ ഇന്ത്യ എക്പ്രസ് കൂടാതെ സ്വകാര്യ വിമാന സര്‍വീസ് കമ്പനികളായ ഗോഎയര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവരും കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ആഭ്യന്തരസര്‍വീസുകളാകും ഈ കമ്പനികള്‍ നടത്തുക.

ഗോഎയര്‍ സര്‍വീസ് ഉദ്ഘാടന ദിവസം മുതല്‍ ഉണ്ടാകും. എന്നാല്‍ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ കമ്പനികളുടെ പ്രതിനിധികളുമായി കിയാല്‍ എം.ഡി വി തുളസീദാസ് നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും സര്‍വീസ് സംബന്ധിച്ചുള്ള ധാരണയുണ്ടാകുക.