News

ട്രെയിന്‍ യാത്രക്കിടെയുള്ള ദുരനുഭവങ്ങളില്‍ ഭയപ്പെടേണ്ട; പുതിയ ആപ്പുമായി റെയില്‍വേ

ട്രെയിന്‍ യാത്രക്കിടെ ഉണ്ടാകുന്ന ദുരനുഭവങ്ങളില്‍ തല്‍ക്ഷണം പരാതി പറയാനുളള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കിടെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ സംവിധാനം ഒരുക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നത്.

നിലവില്‍ ട്രെയിന്‍ യാത്രക്കിടെ സംഭവിക്കുന്ന മോഷണം, പീഡനം ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങളില്‍ അടുത്ത റെയില്‍വേ സ്റ്റേഷന്‍ എത്തുമ്പോള്‍ പരാതി നല്‍കാനെ സംവിധാനമുളളൂ. പകരം ട്രെയിനില്‍ വച്ചുതന്നെ പരാതി നല്‍കാനുളള സംവിധാനമാണ് റെയില്‍വേ ഒരുക്കാന്‍ പോകുന്നത്. മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കാനുളള സംവിധാനം യാഥാര്‍ത്ഥ്യമാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

നിലവില്‍ മധ്യപ്രദേശില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്.

മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കി ക്ഷണനേരത്തിനുളളില്‍ റെയില്‍വേ പൊലീസിന്റെ സേവനം ലഭ്യമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇത്തരം പരാതികളെ സീറോ എഫ്‌ഐആര്‍ എന്ന് കണക്കാക്കി നടപടി സ്വീകരിക്കും. അതായത് ഏത് പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ആണോ സംഭവം നടന്നത്, അത് കണക്കാക്കാതെ നടപടി സ്വീകരിക്കുമെന്ന് സാരം. കൂടാതെ അന്വേഷണത്തിന് ഉടന്‍ ഉത്തരവ് നല്‍കുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്താനാണ് റെയില്‍വേ ഒരുങ്ങുന്നത്.

നിലവില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ദുരനുഭവങ്ങള്‍ ഉണ്ടായാല്‍ അടുത്ത റെയില്‍വേ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. പരാതി നല്‍കാനായി പ്രത്യേക ഫോം പൂരിപ്പിച്ചും നല്‍കണം. എന്നാല്‍ തുടര്‍ നടപടികള്‍ വൈകുന്നതായാണ് പരാതി. ഇത് കണക്കിലെടുത്താണ് പുതിയ സംവിധാനം ഒരുക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നത്.