മുംബൈയില്‍ നിന്ന് ഗോവയിലേക്കൊരു കപ്പല്‍ യാത്ര
പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബരം നിറഞ്ഞ കപ്പലുകളെക്കുറിച്ചു കേട്ടറിവും ചിത്രങ്ങളില്‍ കണ്ടുള്ള പരിചയവും മാത്രമുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ മനോഹരമായ, അത്യാഡംബരം നിറഞ്ഞ ഒരു കപ്പല്‍. മുംബൈയില്‍ നിന്നും അതിന്റെ യാത്ര നീളുന്നതു ആഘോഷങ്ങളുടെ പറുദീസയായ ഗോവയിലേക്ക്. ഒക്ടോബര് 12 നു നീറ്റിലിറങ്ങിയ, സര്‍വ സൗകര്യങ്ങളും നിറഞ്ഞ ആ കപ്പലിന്റെ പേരു ആന്‍ഗ്രിയ എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര യാത്രാക്കപ്പല്‍ എന്ന ഖ്യാതിയും പേറിയാണ് ആന്‍ഗ്രിയയുടെ യാത്ര.
മറാത്താ നേവിയിലെ ആദ്യത്തെ അഡ്മിറലായിരുന്ന കണ്‍ഹോഞ്ചി ആന്‍ഗ്രേ എന്ന വ്യക്തിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ കപ്പലിനു ആന്‍ഗ്രിയ എന്ന പേരുനല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശിവജി എന്ന പേരിലറിയപ്പെട്ടിരുന്ന വ്യക്തിയാണ് ആന്‍ഗ്രേ. ”ശിവജി സമുദ്ര” എന്നായിരുന്നു അദ്ദേഹത്തെ ആളുകള്‍ ബഹുമാനത്തോടെ വിളിച്ചിരുന്നത്. മുംബൈ തുറമുഖ വകുപ്പിന്റെയും ആന്‍ഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡിന്റേയും സംയുക്ത സംരംഭമാണ് ആഡംബരത്തിന്റെ മകുടോദാഹരണമായ ഈ പടുകൂറ്റന്‍ നൗക.
399 യാത്രികരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലില്‍ എട്ടു ഭക്ഷ്യശാലകളും കോഫി ഷോപ്പും നീന്തല്‍ കുളവും സ്പായും വായനാമുറിയും ഡാന്‍സ് ഫ്‌ലോറുമടക്കം പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങളെല്ലാമുണ്ട്. ഫാമിലി റൂമുകളും സ്യൂട്ടുകളും അതിഥികള്‍ക്കു താമസത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
വിശ്രമമുറികളിലിരുന്നു തന്നെ കടലിന്റെ മനോഹാരിത ആസ്വദിക്കാമെന്ന പ്രത്യേകതയുമുണ്ട്. എട്ടു വിഭാഗങ്ങളിലായി 104 ക്യാബിനുകളാണ് ആന്‍ഗ്രിയയിലുള്ളത്. മനോഹരവും ആഢ്യത്വം തുളുമ്പുന്നതുമായ അകത്തളങ്ങള്‍ ആരെയും ആകര്‍ഷിക്ക തക്കതാണ്.
ഒരു വ്യക്തിക്ക് മുംബൈ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കായി ചെലവാകുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 7000 രൂപയാണ്. 11000 രൂപയാണ് സ്യൂട്ട് റൂമുകള്‍ക്ക് ഈടാക്കുന്നത്. വൈകുന്നേരത്തെ സ്നാക്സും വിഭവസമൃദ്ധമായ രാത്രിഭക്ഷണവും പ്രഭാതഭക്ഷണവും ഉള്‍പ്പെടെയാണ് ഈ നിരക്ക്. കപ്പലിനുള്ളിലുള്ള രണ്ടു റെസ്റ്റോറന്റുകളിലാണ് അതിഥികള്‍ക്കായി രുചികരവും ധാരാളം വിഭവങ്ങള്‍ നിറഞ്ഞതുമായ ഭക്ഷണമൊരുക്കിയിരിക്കുന്നത്. വിവാഹങ്ങളും ഔദ്യോഗിക കൂടികാഴ്ചകളും മറ്റും നടത്തണമെങ്കില്‍ അതിനു പറ്റിയ വിശാലമായ ഹാളുകളും തയ്യാറാണ്.
പതിനാറ് മണിക്കൂറെടുത്താണ് കപ്പല്‍ മുംബൈയില്‍ നിന്നും ഗോവയിലെത്തിച്ചേരുക. ബുധനാഴ്ചകളില്‍ വൈകുന്നേരം അഞ്ചുമണിക്ക് പുറപ്പെടുന്ന കപ്പല്‍ അടുത്ത ദിവസം ഒമ്പതുമണിയോടെ ഗോവയിലെത്തിച്ചേരും. ഇടവിട്ട ദിവസങ്ങളിലായിരിക്കും ഈ കപ്പല്‍ സര്‍വീസ് ഉണ്ടാകുക. ചെലവല്‍പം കൂടുതലെങ്കിലും ഇതുപോലൊരു യാത്ര വേറെവിടെയും ലഭിച്ചെന്നു വരില്ല.