News

സര്‍ക്കാര്‍ അറിയുന്നുണ്ടോ? നടുവൊടിഞ്ഞു കിടപ്പാണ് ടൂറിസം മേഖല

ഭയാനകമാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയുടെ സ്ഥിതി. ആളൊഴിഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും, ബുക്കിംഗോ അന്വേഷണമോ ഇല്ലാതെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രളയശേഷം ശമ്പളം കിട്ടാതെ ആയിരക്കണക്കിന് ജീവനക്കാര്‍, തീരത്തു ഒരേ കിടപ്പ് കിടക്കുന്ന ഹൗസ് ബോട്ടുകള്‍, പ്രതിസന്ധിയിലായി ടാക്സി ഡ്രൈവര്‍മാര്‍, ജീപ്പ് ഡ്രൈവര്‍മാര്‍, അലക്കു തൊഴിലാളികള്‍.. അങ്ങനെ അനുബന്ധ തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍, വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ലാതെ വലയുന്ന വിനോദ സഞ്ചാര സംരംഭകര്‍.. ഇങ്ങനെ വിവരണാതീതമായ ഭീതിദ അവസ്ഥയാണ് കേരളത്തിലെ ടൂറിസം രംഗത്ത്‌.

കേരളത്തിന്‌ വന്‍ വരുമാനം നേടിത്തന്ന ടൂറിസം മേഖല  പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണെന്ന് പറയാം. മദ്യ നിരോധനം, നോട്ട് നിരോധനം, ജിഎസ്ടി, നിപ്പ വൈറസ് ബാധ എന്നിവയൊക്കെ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം മെല്ലെ തലയുയര്‍ത്തി വരുന്നതിനിടെ ഓര്‍ക്കാപ്പുറത്ത് തലയ്ക്കേറ്റ അടിയായി പ്രളയവും തുടര്‍ന്നുള്ള അലര്‍ട്ടുകളും. പ്രളയാനന്തര കേരളത്തില്‍ നിശ്ചലമായത് ടൂറിസം മേഖല മാത്രമാണ്. വിനോദ സഞ്ചാര രംഗവുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് രണ്ടു മാസമാകുന്നു. അനുബന്ധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പട്ടിണിയിലായി. അനക്കമറ്റ ടൂറിസം മേഖലയ്ക്ക് ആശാവഹമായി സര്‍ക്കാര്‍ തലത്തില്‍ നിന്നും പ്രതികരണവുമില്ല.

ടൂറിസം – പൊന്മുട്ടയിട്ട താറാവ്

 

കേരളത്തിലെ വിനോദ സഞ്ചാര രംഗം സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്നു. പോയ വര്‍ഷം 34,000 കോടി രൂപയാണ് വിനോദ സഞ്ചാര മേഖലയില്‍ നിന്ന് ലഭിച്ചത്. ഇതില്‍ എണ്ണായിരം കോടി രൂപയുടെ വിദേശനാണ്യവും പെടും. കേരളത്തിലെ ടൂറിസം മേഖലയില്‍ ജോലിയെടുക്കുന്നവരുടെ എണ്ണം 15 ലക്ഷമാണ്.  എന്നാല്‍ ഈ ആണ്ട് പ്രതിസന്ധി നിറഞ്ഞതായിരുന്നു. ആദ്യ പ്രഹരം നിപ വൈറസ് ബാധയില്‍ നിന്ന്. കോവളത്ത് വിദേശ സഞ്ചാരി ലിഗയുടെ കൊലപാതക വാര്‍ത്ത മറ്റൊരു തിരിച്ചടിയായി. ഈ പ്രതിസന്ധികളില്‍ നിന്ന് കേരള ടൂറിസം കരകയറുന്നതിനിടെയാണ് പ്രളയം എത്തിയത്. ഇതോടെ വിനോദ സഞ്ചാര രംഗം കൂപ്പുകുത്തി.

നിരാശയുടെ നീലക്കുറിഞ്ഞി

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലക്കുറിഞ്ഞിക്കാലത്തിനായി കേരളത്തിലെ വിനോദ സഞ്ചാര മേഖല കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പത്തു ലക്ഷത്തോളം സഞ്ചാരികള്‍ നീലക്കുറിഞ്ഞി കാണാന്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തോരാമഴയില്‍ മൊട്ടുകള്‍ കരിഞ്ഞുണങ്ങി. രാജമലയെ വയലറ്റില്‍ പുതച്ചുള്ള നീലക്കുറിഞ്ഞിക്കാലം ഓര്‍മ മാത്രമായി.  സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച മൂന്നാറിലെയും തേക്കടിയിലേയും സംരംഭകരും ജീപ്പ് ഡ്രൈവര്‍മാരുമൊക്കെ നിരാശയിലായി. സഞ്ചാരികള്‍ ഒഴിഞ്ഞ മൂന്നാറില്‍ തെരുവും ശൂന്യമായി. കടകള്‍ പോലും മിക്കതും തുറക്കുന്നില്ലന്നു ‘ഷോകേസ് മൂന്നാര്‍’ വൈസ് പ്രസിഡന്റ് വി വിനോദ് ചൂണ്ടിക്കാട്ടുന്നു.പൂജ അവധി, ദീപാവലിക്കാലം ഇവയിലാണ് ഇനി പ്രതീക്ഷ. ഇക്കാലത്തും സഞ്ചാരികള്‍ എത്തിയില്ലങ്കില്‍ വായ്പ തിരിച്ചടവ് പോലും സാധിക്കാതെ ഹോട്ടലുകളും റിസോര്‍ട്ടുകളും പൂട്ടേണ്ടി വരുമെന്നും വിനോദ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

ഇതേ അഭിപ്രായമാണ് ‘മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്’ സ്ഥാപക പ്രസിഡന്റ് വിമല്‍ റോയിയും പങ്കുവെച്ചത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ജീവനക്കാരുടെ എണ്ണം പത്തു ശതമാനമാക്കി ചുരുക്കി. നിരക്ക് കുറച്ചിട്ടു പോലും സഞ്ചാരികള്‍ വരുന്നില്ലന്നും വിമല്‍ റോയ് പറഞ്ഞു.

മൂന്നാറിലെ ജീപ്പ് ഡ്രൈവര്‍മാരും പട്ടിണിയിലാണ്. കുറിഞ്ഞി കാണാന്‍ എത്തുന്ന ആളുകളെയെല്ലാം എങ്ങനെ അവിടെയെത്തിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് ഈ ഡ്രൈവര്‍മാര്‍. പക്ഷേപ്രതീക്ഷകള്‍ അപ്പാടെ നിലം പൊത്തിയെന്ന് ‘മൂന്നാര്‍ റൈഡ്’ ഭാരവാഹി ജോബി ഫിലിപ്പ് പറയുന്നു.

അടിയായി അലര്‍ട്ടും

പ്രളയശേഷം മഴയ്ക്ക്‌ മുന്നോടിയായി നല്‍കുന്ന അലര്‍ട്ടുകള്‍ കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവിനു തടയിടുന്നതില്‍ വലിയ പങ്കുണ്ട്. റെഡ് അലര്‍ട്ട്, യെല്ലോ അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ട് എന്നിങ്ങനെ പലതരം അലര്‍ട്ടുകള്‍ പ്രളയശേഷം വ്യാപകമായി. മൂന്നാറിലേക്ക് സഞ്ചാരികള്‍ പോകരുതെന്ന റെഡ് അലര്‍ട്ട് മുഖ്യമന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അലര്‍ട്ട് പിന്‍വലിച്ചതിന് ഈ വാര്‍ത്താ പ്രാധാന്യം ഉണ്ടായതുമില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ സര്‍ക്കാരിന്റെ പണി കഴിയും. എന്നാല്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് പോകരുതെന്ന ട്രാവല്‍ മുന്നറിയിപ്പ് ബ്രിട്ടനും സൌദിയുമൊക്കെ നല്‍കിയതായി അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്)പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയാനന്തര കേരളത്തിന്‌ സഹായം തേടി ദേശീയ മാധ്യമങ്ങളില്‍ ഇപ്പോഴും പരസ്യം പോകുന്നതും വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയാണ്. കേരളം ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടപ്പെന്നാണ് ഇതിലൂടെ പലരും വിശ്വസിക്കുന്നതെന്നും അനീഷ്‌ കുമാര്‍ പറഞ്ഞു.

അലര്‍ട്ടുകള്‍ തീര്‍ക്കുന്ന പ്രതിസന്ധിയാണ് ഇപ്പോഴെന്ന് തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ (ടിഡിപിസി) ജന.സെക്രട്ടറി ജിജു ജയിംസ് പറയുന്നു.തേക്കടിയിലും ആളൊഴിഞ്ഞ നിലയാണ്. ദീപാവലി, ക്രിസ്മസ്,പുതുവര്‍ഷ സീസണിലാണ് ഇനി പ്രതീക്ഷയെന്നും ജിജു ജയിംസ് പറഞ്ഞു.

വിജനമാണ് വയനാട്

ഉത്തര കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വയനാട്ടിലും സഞ്ചാരികള്‍ ഇല്ല. പൂജ-ദസറ അവധിക്കാലത്ത്‌ ബംഗളൂരുവില്‍ നിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികള്‍ വന്ന ഇടമായിരുന്നു വയനാടെന്ന് മഡ്ഡി ബൂട്സ് റിസോര്‍ട്ട് ഉടമ പ്രദീപ്‌ മൂര്‍ത്തി പറയുന്നു. ഇപ്പോള്‍ ബാണാസുര സാഗര്‍ ഡാമും എടക്കല്‍ ഗുഹയും ആളൊഴിഞ്ഞ നിലയിലായി. സഞ്ചാരികള്‍ വരാത്തതിനാല്‍ പല റിസോര്‍ട്ടുകളിലും ജീവനക്കാരെ പിരിച്ചു വിടേണ്ട അവസ്ഥയുണ്ടായെന്നും പ്രദീപ്‌ മൂര്‍ത്തി പറഞ്ഞു.

ആശങ്കയോടെ സംരംഭകര്‍

ടൂറിസം മേഖലയുടെ നിലവിലെ പ്രതിസന്ധിയുടെ ആഴമറിയാന്‍ ഈ രംഗത്തുള്ളവര്‍ അടയ്ക്കുന്ന ജിഎസ്ടിയുടെ കണക്ക് മാത്രം എടുത്താല്‍ മതിയെന്ന് മൂന്നാറിലെ ബ്രാക്ക്നെല്‍ റിസോര്‍ട്ട് ഉടമ മാത്യു ജോര്‍ജ് പറയുന്നു. പ്രളയത്തിനു മുന്‍പ് വരെ തന്‍റെ റിസോര്‍ട്ട് 50,000 രൂപയ്ക്ക് മുകളില്‍ ജിഎസ്ടി അടച്ചിരുന്ന സ്ഥാനത്ത് സെപ്തംബറില്‍ അടച്ചത് ആയിരം രൂപ മാത്രമാണെന്ന് അറിയുമ്പോള്‍ പ്രതിസന്ധി എത്ര ഗുരുതരമെന്ന് ബോധ്യമാകും. ജീവനക്കാര്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി പകുതി ശമ്പളം മാത്രമാണ് നല്‍കുന്നത്. ചില ജീവനക്കാരോട് മറ്റിടങ്ങളില്‍ ജോലി നോക്കാന്‍ പറഞ്ഞതായും മാത്യു ജോര്‍ജ് വിശദീകരിച്ചു.

ആയുര്‍വേദവും ഹൗസ്ബോട്ടും

പ്രതിസന്ധി ആയുര്‍വേദ റിസോര്‍ട്ടുകളെ കാര്യമായി ബാധിച്ചില്ലന്നു ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റി സെക്രട്ടറി സിഎസ് വിനോദ് മണിമംഗലം പറയുന്നു.ചികിത്സക്ക് പതിവായി കേരളത്തില്‍ എത്തുന്നവരാണ് പലരും. യോഗാ -ആയുര്‍വേദ കേന്ദ്രമാണ് കേരളം എന്ന നിലയിലുള്ള പ്രചരണം കേരളത്തിന്‌ കൂടുതല്‍ സഹായകമാവുമെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.

ഹൗസ്ബോട്ടുകള്‍ പ്രതിസന്ധി അതിജീവിച്ചു വരികയാണെന്ന് സ്പൈസ് റൂട്ട് എംഡി ജോബിന്‍ ജോസഫ് പറഞ്ഞു.മുന്‍ വര്‍ഷത്തേക്കാള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നേര്‍ പകുതി കുറവാണ് ഇത്തവണയുണ്ടായതെന്നും ജോബിന്‍ ജോസഫ് ചൂണ്ടിക്കാട്ടി.

 

ഇനിയെന്ത്?

വിനോദ സഞ്ചാര രംഗത്ത്‌ കരിനിഴല്‍ തുടരുകയാണ്. 7000ല്‍പ്പരം കോടി രൂപയുടെ വരുമാന നഷ്ടം മൂന്നു മാസക്കാലയളവില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കുണ്ടായിട്ടുണ്ട്. ടൂറിസം രംഗത്ത്‌ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇത് പറയുമ്പോഴും സര്‍ക്കാര്‍ കാര്യം മുറ പോലെ  എന്നതാണ് സ്ഥിതി. പ്രളയത്തില്‍ തകര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ മൂന്നാറിലെ അടക്കം തകര്‍ന്ന റോഡുകള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല. വായ്പാ തിരിച്ചടവ് മുടങ്ങിയ ടൂറിസം സംരംഭകര്‍ക്ക് തിരിച്ചടവിന് സാവകാശം നല്‍കാനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ല.  കേരളം വിനോദ സഞ്ചാരത്തിനു സജ്ജമെന്ന പ്രചരണം വ്യാപകമായി നടത്താനും കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍ കേരളത്തിലെ വിനോദ സഞ്ചാര വികസനത്തിനുള്ള വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.

 

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ മുന്‍പ് കര്‍ഷക ആത്മഹത്യ എന്ന് കേരളം വായിച്ചതു ടൂറിസം സംരംഭകരുടെ ആത്മഹത്യ എന്ന് വായിച്ചു നടുങ്ങാന്‍ അധിക കാലം എടുക്കില്ല