ഇലക്ട്രിക് ഓട്ടോറിക്ഷയുമായി ബജാജ്
രാജ്യത്തെ മുചക്രവാഹന വിപണിയിലെ കുലപതികളായ ബജാജിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. പൂര്‍ണമായും മൂടികെട്ടിയ ഇ-റിക്ഷ പുണെയിലെ ഒരു റോഡില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വാഹനത്തിന്റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ചിത്രങ്ങള്‍ പ്രകാരം നിലവിലെ ബജാജ് ഓട്ടോറിക്ഷകള്‍ക്ക് സമാനമായ രൂപഘടനയിലാണ് ഇലക്ട്രിക് ഓട്ടോ. അടുത്ത വര്‍ഷത്തോടെ ആദ്യ ഇ-റിക്ഷ ബജാജില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്തകാലത്ത് ട്രിയോ എന്ന പേരില്‍ ഇ-റിക്ഷ മഹീന്ദ്രയും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലുമായിരുന്നു മഹീന്ദ്രയുടെ പ്രദര്‍ശനം.