സഞ്ചാരികള്‍ക്ക് ഉണര്‍വേകാന്‍ കടമ്പ്രയാര്‍ മേഖല ഒരുങ്ങുന്നു
സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വുമായി കടമ്പ്രയാര്‍ ടൂറിസം മേഖല ഒരുങ്ങുന്നു. പള്ളിക്കര മനയ്ക്കടവു മുതല്‍ പഴനങ്ങാട് പുളിക്കടവ് വരെയുള്ള കടമ്പ്രയാര്‍ തീരങ്ങള്‍ ഇനി വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും. ബോട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയല്‍ റണ്‍ ഈയാഴ്ച നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഇരുപതോളം പെഡല്‍ ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കുട്ടവഞ്ചികളും തയ്യാറായിക്കഴിഞ്ഞു. ഒരു ടൂറിസ്റ്റ് ബസിലെത്തുന്ന മുഴുവന്‍ പേര്‍ക്കും ഒരേസമയം ബോട്ടിങ് നടത്താനുള്ള സൗകര്യമാണിവിടെ ഒരുക്കുന്നത്. തൂക്കുപാലത്തിന്റെ കൈവരികള്‍കൂടി സ്ഥാപിച്ചാല്‍ അതിന്റെയും ഉപയോഗം സാധ്യമാകും. മറ്റു ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.
കിഴക്കമ്പലം പഞ്ചായത്തിലെ നാലു തോടുകളുടെ സംഗമകേന്ദ്രമായ കടമ്പ്രയാര്‍ 2009-ലാണ് ഇക്കോ ടൂറിസത്തിനായി തുറന്നത്. തനത് പ്രകൃതിവിഭവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആരംഭിച്ച ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. തോടുകള്‍ സംഗമിക്കുന്ന പ്രദേശത്ത് ബണ്ടുകള്‍ നിര്‍മിച്ച് നടപ്പാത ഒരുക്കലായിരുന്നു ആദ്യ നടപടി. പിന്നീട് പുഴയില്‍ ഡ്രഡ്ജിങ് നടത്തി ആഴം വര്‍ധിപ്പിച്ച് ബോട്ടിങ് സൗകര്യം ഒരുക്കലും നടത്തി. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ എറണാകുളം ബോട്ട് ജെട്ടിയിലേക്കും ചിത്രപ്പുഴയിലേക്കും വരെ ജല ഗതാഗത സൗകര്യം ഒരുങ്ങുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ.
എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച ബോട്ടിങ് ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ജലഗതാഗതവും അതിനു പിന്നാലെ ബോട്ടിങ്ങും തുടങ്ങിയാല്‍ കടമ്പ്രയാറിന്റെ തീരത്ത് ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള ഹോട്ടല്‍ സമുച്ചയങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
കടമ്പ്രയാറിന്റെ കരയിലെ മീന്‍പിടിത്തവും ബോട്ട് സഞ്ചാരവും വഴി ആയിരക്കണക്കിന് ടൂറിസ്റ്റുകളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാവുന്ന തരത്തിലാണ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്. കുന്നത്തുനാട് പഞ്ചായത്തിലെ മനയ്ക്കക്കടവില്‍നിന്ന് കടമ്പ്രയാര്‍ ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള തൂക്കുപാലം തുറക്കുമ്പോള്‍ കടമ്പ്രയാര്‍ തീരം സജീവമാകും.