ജപ്പാനിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട മത്സ്യ മാര്‍ക്കറ്റ് അടച്ചു പൂട്ടി
വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ജപ്പാനിലെ ടോക്കിയോയിലുള്ള പ്രശസ്തമായ സുക്കിജി ഫിഷ് മാര്‍ക്കറ്റ് അടച്ചുപൂട്ടി. ഒക്ടോബര്‍ ആറിനാണ് ഈ ഫിഷ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്.
വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ ഈ മത്സ്യ മാര്‍ക്കറ്റ്. ടോക്കിയോ നഗരത്തിലെ തന്നെ ടോയോസു ഫിഷ് മാര്‍ക്കറ്റിലേക്ക് ഇത് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടിയത്.
ഒക്ടോബര്‍ 11ന് പുതിയ ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങും. 1935ലാണ് സുക്കിജി ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. വളരെ പെട്ടെന്നായിരുന്നു സുക്കിജി ഫിഷ് മാര്‍ക്കറ്റിന്റെ വളര്‍ച്ച. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം സുക്കിജി മാര്‍ക്കറ്റില്‍ ദിവസവും 5 മില്യണ്‍ പൗണ്ട് സീ ഫുഡ് ആണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. അതായത് 28 മില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 206.20 കോടി ഇന്ത്യന്‍ രൂപ) കച്ചവടമാണ് ഇവിടെ നടക്കുന്നത്.
നിരവധി വിനോദസഞ്ചാരികളാണ് ടോക്കിയോയിലെ സുക്കിജി ഫിഷ് മാര്‍ക്കറ്റ് കാണാന്‍ എത്തുന്നത്. മാര്‍ക്കറ്റിനുള്ളിലും, കച്ചവടക്കാരുടെയും, റെസ്റ്റോറന്റുകളുടെയും, മറ്റ് കമ്പനികളുടെയും ഇടയിലൂടെ നടക്കുമ്പോള്‍ വേറിട്ട അനുഭവമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. രാവിലെ നടക്കുന്ന ലേലം വിളിയാണ് ഇവിടെ പ്രധാനപ്പെട്ട ഒരു കാഴ്ച.
വ്യത്യസ്തമായ സീ ഫുഡുകള്‍ കഴിക്കാനുള്ള അവസരവും ഇവിടെ ഉണ്ടായിരുന്നു. സെപ്റ്റംബറില്‍ തന്നെ സഞ്ചാരികള്‍ക്ക് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റെസ്റ്റോറന്റുകളും, ഭക്ഷണ സ്റ്റാളുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി ടൂര്‍ പാക്കേജുകളും ഇവിടെ ഇപ്പോഴും ലഭ്യമാണ്. ഇത് നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന സുക്കിജി ഫിഷ് മാര്‍ക്കറ്റിനെ പോലെ തന്നെ പുതിയ ടോയോസു ഫിഷ് മാര്‍ക്കറ്റിനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.