റെയില്‍വേയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഒറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍
റെയില്‍വേയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി ഒറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍. സബേര്‍ബന്‍, എക്‌സ്പ്രസ് സര്‍വീസുകള്‍, ടിക്കറ്റ് ബുക്കിങ്, സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍, ഏറ്റവും പുതിയ റെയില്‍വേ വിവരങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ കോര്‍ത്തിണക്കി വികസിപ്പിച്ച ‘റെയില്‍ പാര്‍ട്‌നര്‍’ ആപ്ലിക്കേഷന്‍ ദക്ഷിണ റെയില്‍വേ പുറത്തിറക്കി. കൊമേഴ്‌സ്യല്‍ വിഭാഗം വികസിപ്പിച്ച ഇതു പൂര്‍ണമായും റെയില്‍വേയുടെ ഔദ്യോഗിക ആപ് ആണ്.
സ്വകാര്യ കമ്പനികള്‍ തയാറാക്കിയ ആപ്പുകള്‍ മുന്‍പ് റെയില്‍വേ പുറത്തിറക്കിയിരുന്നു. ഇവയുടെ പോരായ്മകളെക്കുറിച്ചു പരാതികള്‍ ഉയര്‍ന്നതോടെയാണ് ഔദ്യോഗിക ആപ് ഒരുക്കാന്‍ കൊമേഴ്‌സ്യല്‍ വിഭാഗം തീരുമാനിച്ചത്. ഒട്ടേറെ ആപ്പുകളിലായി ചിതറിക്കിടന്ന വിവരങ്ങള്‍ ഏകോപിപ്പിച്ചാണിത് ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ സുഹൃത്ത് എന്ന അര്‍ഥത്തിലാണ് ആപ്ലിക്കേഷന് റെയില്‍ പാര്‍ട്‌നര്‍ എന്ന പേരു നല്‍കിയത്. യാത്രക്കാരില്‍നിന്നു നേരിട്ടു വിവരങ്ങള്‍ ശേഖരിക്കും. പരാതികള്‍ നല്‍കാനുള്ള സൗകര്യം മുതല്‍ പാഴ്‌സല്‍ സര്‍വീസ് ബുക്കിങ് വരെ ഇതിലൂടെ ചെയ്യാം.
ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ മാത്രമാണ് നിലവില്‍ ആപ് ലഭിക്കുക. പ്ലേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തശേഷം മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന പ്രത്യേക പാസ്വേഡ് ഉപയോഗിച്ച് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ചെന്നൈ സബേര്‍ബന്‍ വിവരങ്ങള്‍, റിസര്‍വ്ഡ് ട്രെയിന്‍ സമയക്രമം/ അന്വേഷണം, എസ്എംഎസ് സേവനം, റെയില്‍വേ ഫോണ്‍ നമ്പറുകള്‍, പരാതി കോളം എന്നിങ്ങനെ ആറ് പ്രധാന വിഭാഗങ്ങളാണുള്ളത്.