കച്ച് നഹി ദേഖാ തോ കുഛ് നഹി ദേഖാ
രാവിലെ ഏകദേശം ഒന്‍പതു മണിയോടു കൂടി ഫ്‌ളൈറ്റ് അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. വിശ്വ പൈതൃക നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ വരവ്. ജീവിതത്തിലെ അതിപ്രധാനമായ രണ്ടു വര്‍ഷങ്ങള്‍ ചിലവിട്ട ആ നരച്ച നഗരം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ഒരു പഴയ സഹപ്രവര്‍ത്തകന്റെ വീട്ടില്‍ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചതിനുശേഷം ഞാന്‍ സബര്മതിയിലേക്കു തിരിച്ചു .
സബര്‍മതി, ഒരു വലിയ അഴുക്കുചാല്‍ പോലെ നഗരത്തിലെ സകല മാലിന്യങ്ങളെയും വഹിച്ചു കൊണ്ട് മന്ദം ഒഴുകി നീങ്ങി. കുറച്ചു കുട്ടികള്‍ അതില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം ഒന്നും വക വെയ്ക്കാതെ അവിടെ ബാഡ്മിന്റണ്‍ കളിക്കുന്നുണ്ടായിരുന്നു.
അഹമ്മദാബാദിലെ സര്‍ഖേജ് – ഗാന്ധിനഗര്‍ ഹൈവേയില്‍ നിന്നു രാത്രി പത്തര മണിക്കുള്ള പട്ടേല്‍ ട്രാവെല്‍സിന്റെ ബസില്‍ കേറുമ്പോള്‍ മനസ്സ് ആവേശഭരിതമായിരുന്നു. നീണ്ട രണ്ടര വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷമുള്ള സോളോ ട്രിപ്പ്. കച്ഛ് ആണ് ലക്ഷ്യം. അവിടെ ശിശിരകാലത്തു നടക്കുന്ന രണ്‍ ഉത്സവം പ്രശസ്തമാണ് അതില്‍ പങ്കെടുക്കലായിരുന്നു ഈ യാത്രയുടെ ലക്ഷ്യം.
നന്നേ കഷ്ടിയായിരുന്നു അന്നു രാത്രിയിലെ ഉറക്കം. രാവിലെ ആറുമണിയോടു കൂടി ബസ് ഭുജിലെത്തി. ആര്‍ ടി ഓ സര്‍ക്കിളില്‍ ഇറങ്ങിയ ശേഷം ഒരു ഓട്ടോറിക്ഷ പിടിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെ നിന്നാണ് പിക്കപ്പ് പറഞ്ഞിരുന്നത്. രണ്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നവര്‍ക്ക് പിക്കപ്പിനായി കാത്തിരിക്കാന്‍ വേണ്ടി റെയില്‍വേ സ്റ്റേഷന്‍ അങ്കണത്തിനുള്ളിലായി ഒരു പവിലിയന്‍ സജ്ജമാക്കിയിരുന്നു.
വിശ്രമമുറികളും അതിനോടനുബന്ധിച്ചു തന്നെ ഉണ്ടായിരുന്നു. ഒരു പയ്യന്‍ അന്യായ വിലക്ക് ചായ വില്‍ക്കുന്നത് കണ്ടു. അവിടെ വന്നവരില്‍ ഭൂരിഭാഗവും കുടുംബമായി വന്നവരായിരുന്നു. പെണ്‍കുട്ടികള്‍ മാത്രം അടങ്ങുന്ന ഒരു ഗ്രൂപ്പിനെയും അവിടെ കാണാന്‍ ഇടയായി. എട്ടു മണിയ്ക്കാണ് ബസ് വന്നത്. അതില്‍ കേറി ഏറ്റവും പുറകില്‍ പോയി ഇരുന്നു. എട്ടര മണിയ്ക്ക് കച്ഛിലേക്ക് യാത്ര ആരംഭിച്ചു.
മരുഭൂമിയില്‍ അങ്ങിങ്ങായി മുഴച്ചു നില്‍ക്കുന്ന ആവണക്കിന്‍ ചെടിക്കൂട്ടങ്ങളല്ലാതെ വേറെ ഒന്നും കാണാന്‍ കഴിയാതിരുന്നതിനാല്‍ സമയം കൊല്ലാന്‍ ഞാന്‍ ഒരു പുസ്തകം വായിക്കാന്‍ ആരംഭിച്ചു. ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍ എന്ന റിച്ചാര്‍ഡ് ബാഷിന്റെ പ്രസിദ്ധമായ പുസ്തകം . ഒഴുക്കിനെതിരെ നീന്തുന്ന (പറക്കുന്ന) മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തനായ ഒരു കടല്‍കാക്കയെക്കുറിച്ചുള്ള കഥയായിരുന്നു അത്.
നല്ല പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒരു പുസ്തകം. ഒറ്റയിരിപ്പില്‍ അരമണിക്കൂറുകൊണ്ട് അത് വായിച്ചു തീര്‍ത്തു. പോകുന്ന വഴിയ്ക്ക് ഭിരണ്ടിയാര എന്ന ഗ്രാമത്തില്‍ ബസ് നിര്‍ത്തി. ‘മാവ’ എന്നു പേരുള്ള, പാല്‍ കൊണ്ട് ഉണ്ടാക്കുന്ന ഒരു മധുര പലഹാരത്തിനു പ്രശസ്തമാണത്രെ ഈ ഗ്രാമം. അതു കഴിക്കാന്‍ വേണ്ടിയാണ് ഈ നിര്‍ത്തല്‍. ഉണങ്ങിയ ഇലകൊണ്ടു നിര്‍മിച്ച ഒരു പാത്രത്തിലാണ് മാവ കിട്ടിയത്. നല്ല വിശപ്പുണ്ടായിരുന്നതു കൊണ്ട് അത് വേഗം കഴിച്ചു തീര്‍ത്തു. അമ്പോ! എന്തൊരു മധുരം ! മനസ്സ് അപ്പോള്‍ പറഞ്ഞു ‘Welcome to Gujarat’.
ഏതാണ്ട് ഒരു പത്തരയോടു കൂടി ഉത്സവം നടക്കുന്ന വേദിയില്‍ എത്തിച്ചേര്‍ന്നു.
അവര്‍ അതിഥികളെ തിലകക്കുറി അണിഞ്ഞു സ്വീകരിച്ചു. അവിടെ ഒരു കൂട്ടം ഗായകര്‍ ‘ദമാ ദം മസ്ത് കലന്ദര്‍’ അതി സുന്ദരമായി പാടുന്നുണ്ടായിരുന്നു. കുറച്ചു നേരം അത് കേട്ട് ഇരുന്നു.
താല്‍ക്കാലികമായി ഒരുക്കിയ സ്റ്റേജുകള്‍, ഷോപ്പുകള്‍ , ഡൈനിങ്ങ് ഹാള്‍ , ടെന്റുകളുടെ രണ്ടു കൂട്ടങ്ങള്‍ എന്നിവയായിരുന്നു ടെന്റ് സിറ്റി എന്നു വിളിക്കുന്ന ഉത്സവവേദിയുടെ മുഖ്യ സവിശേഷതകള്‍. പ്രധാനകവാടത്തിനടുത്തുള്ള ഒരു ഹോളില്‍ ചെക്കിന്‍ ചെയ്തതിനു ശേഷം എല്ലാവരും അവനവനനുവദിച്ചിട്ടുള്ള ടെന്റിലേക്ക് പോയി.
ഞാന്‍ കുറച്ചു ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍ വാങ്ങിച്ച ശേഷം ടെന്റിലേക്ക് നടക്കാനാരംഭിച്ചു. ചിലര്‍ സൈക്കിളിലും ചിലര്‍ ഗോള്‍ഫ് കാര്‍ട്ടിലും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നുണ്ടായിരുന്നു. സൈക്കിള്‍ വാടകയ്ക്ക് ലഭ്യമാണ്. എന്നാല്‍ ഗോള്‍ഫ് കാര്‍ട്ട് ഒരു സൗജന്യ സേവനമാണ്. ഞാന്‍ ടെന്റ് സിറ്റിയുടെ സൗന്ദര്യം ആസ്വദിച്ച് പതുക്കെ നടന്നു എന്റെ ടെന്റിലെത്തി. ടെന്റ് പൂട്ടാന്‍ പറ്റുന്ന ഒന്നല്ല.
ടെന്റിന്റെ കവാടം തുറന്നു ഞാന്‍ അകത്തേയ്ക്കു കടന്നു. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ടെന്റായിരുന്നു അത്. കട്ടില്‍ , കിടക്ക, കസേര , മേശ മുതലായവ ടെന്റിനകത്തു തന്നെ ഉണ്ട് .റെസ്‌ററ് റൂം ടെന്റിനോടു ചേര്‍ന്നു തന്നെ. കുറച്ചു നേരം ടെന്റിന്റെ ഭംഗി ആസ്വദിച്ച് കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം ഉച്ചഭക്ഷണം കഴിക്കാനായി ഡൈനിങ്ങ് ഹോളില്‍ എത്തിച്ചേര്‍ന്നു. വയനാടുള്ള ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് എന്ന കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു അവിടെ കാറ്ററിങ്ങിനു വന്നിരുന്നത് എന്നത് എന്നില്‍ കൗതുകമുണര്‍ത്തി.
റോട്‌ലി, ദാല്‍, ഖിച്ടി,കഠി മുതലായ ഗുജറാത്തി വിഭവങ്ങള്‍ എല്ലാം കുറേശ്ശെ എടുത്തു കഴിച്ചു. ജലേബി ആണ് ഡിസ്സേര്‍ട്ട് ആയി കഴിച്ചത്. ഛാഷ് എന്നു വിളിക്കുന്ന മോരുംവെള്ളവും കുടിച്ച് കുറച്ചു നേരം മലയാളി പിള്ളേരോട് കുശലം പറഞ്ഞതിനു ശേഷം ടെന്റില്‍ പോയി അല്പസമയം വിശ്രമിച്ചു.
ഏതാണ്ട് നാലരയോട് കൂടി കച്ഛിലെ വെണ്‍മരുഭൂമിയിലേക്കു പോകുന്ന പിക്ക് അപ്പ് ബസ് വന്നു. ഏതാണ്ട് ഒരു അഞ്ചുമണിയോടു കൂടി വെണ്‍മരുഭൂമിയില്‍ എത്തിച്ചേര്‍ന്നു. അനന്തമായി വ്യാപിച്ചു കിടക്കുന്ന ശുഭ്രത. അത് ഒരു അവിസ്മരണീയവും അനിര്‍വ്വചനീയവുമായ അനുഭവം തന്നെയായിരുന്നു.
വെള്ള ആകാശവും വെള്ള ഭൂമിയും തമ്മിലുള്ള സമാഗമത്തിനിടയില്‍ ചക്രവാളം ഒളിച്ചു നടന്നു. അവിടുത്തെ അന്തരീക്ഷം ലവണാംശമുള്ള നാദത്താല്‍ മുഖരിതമായിരുന്നു. ഥാര്‍ മരുഭൂമിയുടെ ഒരു ഭാഗം കൂടിയാണ് ഉത്തര ഗുജറാത്തിലെ കച്ഛ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഉപ്പുപാടം.രണ്‍ ഓഫ് കച്ഛിന്റെ വടക്കേ അതിര്‍ത്തി ഇന്‍ഡ്യയുടെയും പാക്കിസ്ഥാന്റെയും അന്താരാഷ്ട്ര അതിര്‍ത്തി ആണത്രേ.
ഇവിടുത്തെ സൂര്യാസ്തമയവും പൗര്‍ണ്ണമിയും വളരെ പ്രസിദ്ധമാണ്. ഇതു രണ്ടും കാണാന്‍ മാത്രം ദൂരദേശങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. എനിക്ക് സൂര്യാസ്തമയം ആണ് കാണാന്‍ കിട്ടിയത്.
എട്ടു പത്ത് ഒട്ടകങ്ങള്‍ സവാരിക്കായി കാത്തു നില്‍പ്പുണ്ട്. ചിലര്‍ തലപ്പാവ് കെട്ടിക്കൊടുക്കാന്‍ നമ്മളെ വിളിക്കുന്നുണ്ട്. ടെന്റില്‍ നിന്നു മരുഭൂമിയിലേക്കുള്ള ബസില്‍ വെച്ച് പരിചയപ്പെട്ട മുംബൈയില്‍ നിന്നു വന്ന ഒരു ദമ്പതികളും ഞാനും കൂടി തലപ്പാവ് കെട്ടി അങ്ങോട്ടും ഇങ്ങോട്ടും ഫോട്ടോ എടുത്തു കൊടുത്തു.
കുറച്ചു നേരത്തിനുള്ളില്‍ വീണ്ടും കാണാം എന്നു പറഞ്ഞ് ഞാന്‍ പതുക്കെ മരുഭൂമിയിലേക്ക് നടന്നു. കുറച്ചു നേരം അവിടെ ഇരുന്ന് ഉപ്പുകാറ്റ് നന്നായി കൊണ്ട ശേഷം അസ്തമയം കാണാനായി പണിതിട്ടുള്ള ഗോപുരം ലക്ഷ്യമാക്കി നടന്നു. ഒരു അഞ്ചു നില കെട്ടിടത്തിന്റെ ഉയരം വരും സ്റ്റീലില്‍ നിര്‍മിച്ചിട്ടുള്ള ആ ഗോപുരത്തിന്. അതിന്റെ മുകളില്‍ കയറി ഒരു സ്ഥലത്തു സ്ഥാനമുറപ്പിച്ചു. കൃത്യം ആറേ മുക്കാല്‍ മണിയ്ക്ക് ഭൂമി സൂര്യനെ വിഴുങ്ങി. നമ്മളില്‍ ചിലര്‍ ഭക്ഷണശാലകളില്‍ നിന്നും പോരുമ്പോള്‍ അവിടുത്തെ മധുരജീരകം പൊതിഞ്ഞെടുക്കുന്നതു പോലെ ഞാന്‍ കുറച്ച് ഉപ്പ് പൊതിഞ്ഞെടുത്തു.
അധികം താമസിയാതെ ബസ് കയറി ടെന്റ് സിറ്റിയില്‍ തിരിച്ചെത്തി. ഒരു ഇന്‍ഡ്യന്‍ ബാങ്ക് ഏ ടി എമ്മോടു കൂടിയ ഒരു വലിയ ഷോപ്പിംഗ് ഏരിയ അതില്‍ സജ്ജമായിരുന്നു. കുറച്ച് തുണി കൊണ്ട് നിര്‍മിച്ച ബാഗുകളും ഒരു ബാന്ധനി ദുപ്പട്ടയും കുറച്ചു ഓക്‌സിഡൈസ്ഡ് ആഭരണങ്ങളും വാങ്ങിച്ചു. ജിമിക്കി കമ്മലുകളോടുള്ള ഭ്രമം പണ്ടേ ഉള്ളതാണ്.
രാത്രി കഴിക്കാന്‍ സൗത്ത് ഇന്ത്യന്‍ ഭക്ഷണവും നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണവും ഉണ്ടായിരുന്നു. തീരെ ചിന്തിക്കാതെ മസാലദോശ കൗണ്ടറിലേക്ക് ഞാന്‍ നടന്നു. ദോശ എടുത്തു ടേബിളിനു നേരെ നടന്നു നീങ്ങി. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം തമിഴ്‌നാട്ടുകാര്‍ എന്റെ അടുത്തു വന്നിരുന്നു. കോയമ്പത്തൂരില്‍ നിന്നും കമ്പനി ടൂറില്‍ വന്നതാണത്രേ അവര്‍. ഭക്ഷണത്തിനു ശേഷം ഒരു ഗോള്‍ഫ് കാര്‍ട്ടില്‍ കലാപരിപാടികള്‍ നടക്കുന്ന വേദിയില്‍ എത്തിച്ചേര്‍ന്നു.
ജോഡിയാ പാവാ എന്നു പേരുള്ള ഒരു ഇരട്ടക്കുഴല്‍ കൊണ്ടുള്ള ഉപകരണസംഗീതം ആയിരുന്നു ആദ്യത്തെ പരിപാടി. അതു മുഴുവനും തീര്‍ന്നപ്പോള്‍ ഗുജറാത്ത്-രാജസ്ഥാന്‍ മരുഭൂമികളില്‍ കറങ്ങി അടിച്ചു വന്ന ഒരു പ്രതീതിയായിരുന്നു. അതു കഴിഞ്ഞുള്ള പപ്പെറ്റ് ഡാന്‍സ് ഒരു നല്ല ആസ്വാദനാനുഭവം നല്‍കി.
മദ്ധ്യഗുജറാത്തില്‍ ‘സിദ്ധികള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്നുണ്ട്. ഏതാണ്ട് മുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് പോര്‍ച്ചുഗീസുകാര്‍ ജുനാഗഡിലെ നവാബിനു കാഴ്ചവെച്ച അടിമകളായിരുന്നത്രെ അവരുടെ പൂര്‍വ്വികര്‍. ഗോമ എന്നു പേരുള്ള ചെണ്ടയോട് സാദൃശ്യം തോന്നിക്കുന്ന ഒരു വാദ്യോപകരണം കൊണ്ടുള്ള മേളത്തോടു കൂടി അവര്‍ അവരുടെ തനതായ ‘ധമാല്‍’ നൃത്തം അവതരിപ്പിച്ചു.
തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു അത്. ആ ദിവസത്തെ ഏറ്റവും അവസാനത്തെ പരിപാടിയായിരുന്നു ഗുജറാത്തിന്റെ തനതായ നൃത്തരൂപമായ ഗര്‍ബ. ഞാനും അവരുടെ കൂടെ ചേര്‍ന്ന് ചുവടു വെച്ചു.
തിരിച്ച് ടെന്റില്‍ എത്തിയപ്പോഴേക്കും പന്ത്രണ്ടു മണിയായിരുന്നു. ക്ഷീണം കൊണ്ട് പെട്ടെന്നു ഉറങ്ങി. പിറ്റേന്നു രാവിലെ ഒന്‍പതു മണിക്കായിരുന്നു തിരിച്ചു ഭുജിലേക്കു പോകാനുള്ള ബസ്. ഒരു പത്തരയോടു കൂടി ഭുജിലെ സ്വാമിനാരായണ്‍ അമ്പലത്തിലേക്ക് എത്തി. പൂര്‍ണമായും മാര്‍ബിളില്‍ തീര്‍ത്ത സുന്ദരമായ ആ മന്ദിരം രണ്ടായിരത്തി പത്തില്‍ പണി കഴിപ്പിച്ചതാണ്. കുറച്ചകലെ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്വാമിനാരായണ്‍ മന്ദിരം രണ്ടായിരത്തി ഒന്നിലെ ഭൂകമ്പത്തില്‍ ഭാഗികമായി തകര്‍ന്ന സാഹചര്യത്തിലാണ് ഒരു പുതിയ അമ്പലം പണിയണം എന്നവര്‍ തീരുമാനിച്ചത്. ഈ അമ്പലത്തിലെ കൊത്തുപണികള്‍ കാണേണ്ടതു തന്നെയാണ്.
ഒരു ദിവസം മൊത്തം പാക്കേജ് ടൂറിലായിരുന്നു എന്ന ചിന്ത എന്നെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയിരുന്നു. സ്വാമിനാരായണ്‍ അമ്പലം കണ്ടതിനു ശേഷം തിരിച്ച് ബസിലേക്ക് പോകാതെ നേരെ അതിനടുത്തുള്ള ഗവണ്മെന്റ് മ്യൂസിയത്തിലേക്കു വെച്ചു പിടിച്ചു.
ഒരു അവിസ്മരണീയ അനുഭവം തന്നെയായിരുന്നു മ്യൂസിയം. ഭുജിലെ നിരവധി വംശക്കാരുടെ തനതായ കരകൗശല വിദ്യകള്‍ പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു ആ മ്യൂസിയം.
മ്യൂസിയത്തിനു പുറത്തു കടന്നതിനു ശേഷം അടുത്ത ലക്ഷ്യം ഭുജിലെ പ്രശസ്തമായ രണ്ടു കൊട്ടാരങ്ങളായ പ്രാഗ് മഹലും ആയിനാ മഹലും കാണലായിരുന്നു. ഒരു ഓട്ടോ പിടിച്ച് പ്രാഗ് മഹലിലെത്തി. ആയിരത്തി എണ്ണൂറ്റി അറുപത്തിഅഞ്ചില്‍ പണി കഴിപ്പിച്ച ഈ കൊട്ടാരം ഇറ്റാലിയന്‍ ഗോഥിക് മാതൃകയിലുള്ളതാണ്. പ്രാഗ്മല്‍ജി എന്ന ഭുജിലെ രാജാവിന്റെ കൊട്ടാരമായിരുന്നു ഇത്.
അര്‍ദ്ധവൃത്താകൃതിയിലുള്ള ആര്‍ച്ചുകളും റോസ് വിന്‍ഡോ എന്നു വിളിക്കുന്ന വൃത്താകൃതിയിലുള്ള ജനാലകളും ഒരു വാച്ച് ടവറുമടങ്ങുന്ന ഈ കൊട്ടാരം ഇറ്റലിയിലെ പ്രസിദ്ധമായ ബസിലിക്കകളെ ഓര്‍മപ്പെടുത്തി. ഭൂകമ്പത്തില്‍ ഭാഗികമായി തകര്‍ന്ന ഈ കൊട്ടാരത്തിന്റെ പുനഃരുദ്ധാരണത്തിനു മുന്‍കൈ എടുത്തത് അമിതാഭ് ബച്ചനായിരുന്നത്രെ. രണ്ടാം നിലയിലുള്ള ദര്‍ബാര്‍ ഹാള്‍ കാണേണ്ടതു തന്നെയാണ്. പഴയ ഇരിപ്പിടങ്ങളും ഷാന്‍ഡ്‌ലിയറുകളും ഇറ്റാലിയന്‍ ശില്പങ്ങളും പഴയ പ്രൗഢി വിളിച്ചോതുന്നു.
പ്രാഗ് മഹലിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ആയിനാ മഹല്‍ ആയിരത്തി എഴുന്നൂറ്റി അറുപത്തി ഒന്നില്‍ പണികഴിപ്പിച്ചതാണ്.
മാര്‍ബിള്‍ കൊണ്ടുള്ള ചുമരില്‍ ചില്ലുകളും കണ്ണാടികളും പഠിപ്പിച്ചിരിക്കുന്നു. പഴയ പല്ലക്കുകളും രാജാവിന്റെ സംഗീതോപകരണങ്ങളും അവിടുത്തെ പ്രധാന പ്രദര്‍ശന വസ്തുക്കളായിരുന്നു.
കൊട്ടാരം കണ്ടതിനു ശേഷം അതേ ഓട്ടോയില്‍ തന്നെ കയറി ബൈക്ക് റെന്റല്‍ അന്വേഷിച്ചുള്ള യാത്ര തുടങ്ങി. ഏതാനും നിമിഷത്തെ തിരച്ചിലിനൊടുവില്‍ എം കെ ബൈക്ക് റെന്റലില്‍ എത്തിച്ചേര്‍ന്നു. ഭാഗ്യത്തിന് അവരുടെ പക്കല്‍ ഗിയര്‍ ഇല്ലാത്ത ഒരു വണ്ടി ഇരിപ്പുണ്ടായിരുന്നു. അതില്‍ കേറി പെട്രോള്‍ അടിച്ച് ഗൂഗിള്‍ മാപ് ഓണ്‍ ചെയ്ത് മാണ്ട്വിഎന്ന തീരദേശ നഗരത്തെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.
പതിനാറാം നൂറ്റാണ്ടില്‍ കച്ഛിലെ ജഡേജ രാജവംശക്കാരാണ് മാണ്ട്വി പട്ടണം സ്ഥാപിച്ചത്. ആ സമയത്തു പണിത കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇവിടെ ഉണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇവിടുത്തെ വ്യാപാരികള്‍ പൂര്‍വ്വ ആഫ്രിക്ക, മലബാര്‍, പേര്‍ഷ്യന്‍ ഗള്‍ഫ് എന്നീ പ്രദേശങ്ങളുമായി കടല്‍ വഴി കച്ചവട ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നത്രെ. മാണ്ട്വി ബീച്ചും വിജയ വിലാസ് കൊട്ടാരവും ആണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണങ്ങള്‍.
വഴിയില്‍ വെച്ച് ഒരു നായയും പിന്നെ ഒരു കാളയും വട്ടം ചാടിയെങ്കിലും ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല. മാണ്ട്വിയിലേക്കുള്ള ഹൈവേയും ചുറ്റുപാടും തികച്ചും വിജനമായിരുന്നു ! വെയില്‍ തീരെ ഇല്ലാത്ത ഒരു ദിവസമായിരുന്നു അത് എന്നതിനാല്‍ അധികം ആയാസം കൂടാതെ വണ്ടി ഓടിക്കാന്‍ സാധിച്ചു .
അങ്ങനെ സംസ്ഥാന ഹൈവേ നാല്പത്തേഴ് എന്നെ ഭൂജില്‍ നിന്നും അറുപതു കിലോമീറ്ററുകള്‍ക്കപ്പുറമുള്ള മാണ്ട്വി എന്ന ചെറുനഗരത്തില്‍ എത്തിച്ചു. അവിടുത്തെ ആര്‍ദ്രതയുള്ള ഉപ്പുകാറ്റ് കേരളത്തെ ഓര്‍മിപ്പിച്ചു. വഴിയില്‍ ഒരാളോട് വിജയവിലാസ് കൊട്ടാരത്തിലേക്കുള്ള വഴി തിരക്കി. അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് കൊട്ടാരം. പോകുന്ന വഴിയില്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടു. അയാള്‍ പറഞ്ഞതു പോലെ അഞ്ചു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കൊട്ടാരത്തിലേക്കുള്ള ബോര്‍ഡ് കണ്ടു. കൊട്ടാരത്തിന്റെ ഗേറ്റിനു അടുത്ത് സെക്യൂരിറ്റി ഇരിക്കുന്നുണ്ടായിരുന്നു.
അയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് കൊടുത്തതിനു ശേഷം ഞാന്‍ ഉള്ളിലേക്ക് വണ്ടി ഓടിച്ചു. കൊട്ടാരത്തിലേക്കുള്ള വഴി ഒരു മണ്‍വഴിയാണ്. അതിനിരുവശവും മരുഭൂമിയില്‍ മാത്രം കാണപ്പെടുന്ന ഒട്ടകമുള്ളുമരങ്ങള്‍ക്കിടയില്‍ മൂന്നു ഒട്ടകങ്ങള്‍ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. ആ മരത്തിന്റെ വിത്തിന്റെ തൊണ്ട് ഒട്ടകങ്ങള്‍ക്ക് വളരെ ഇഷ്ടമാണെന്നു ഒട്ടകങ്ങളുടെ മേല്‌നോട്ടക്കാരന്‍ പറയുന്നുണ്ടായിരുന്നു. അവിടെ കണ്ട ഭൂമി എല്ലാം കച്ഛിലെ ജഡേജ രാജവംശജരുടെ സ്വകാര്യസ്വത്താണത്രെ. കൊട്ടാരത്തിനു മാത്രമായി ഒരു സ്വകാര്യ ബീച്ചും ഉണ്ട്.
കൊട്ടാരത്തിലേക്കുള്ള പ്രധാന കവാടം കടന്നു വണ്ടി പാര്‍ക്ക് ചെയ്ത് ടിക്കറ്റ് എടുത്ത് പതുക്കെ കൊട്ടാരം ലക്ഷ്യമാക്കി നടന്നു. വടക്കു ഭാഗത്തു നിന്ന് ഞാന്‍ കൊട്ടാരമുറ്റത്തേക്ക് പ്രവേശിച്ചു. അതിമനോഹരമായ ഒരു വലിയ ശില്‍പം കണ്ട പ്രതീതിയായിരുന്നു എന്റെ മനസ്സില്‍. ചെമ്മണല്‍ക്കല്ലില്‍ തീര്‍ത്ത ആ കൊട്ടാരം രജപുത്ര വാസ്തുവിദ്യയുടെയും വിക്ടോറിയന്‍ വാസ്തുവിദ്യയുടെയും ഒരു മികച്ച സങ്കലനമാണ്. ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സഞ്ജയ് ലീലാ ഭന്‍സാലിയുടെ ഹിറ്റ് സിനിമ ഈ കൊട്ടാരത്തിലും ഭുജിലെ പ്രാഗ്മഹലിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
കല്ലിന്റെ ജാലികളും നിറമുള്ള ചില്ലുകളോടു കൂടിയ ജനാലകളും ബംഗാള്‍ ഡോമുകളും ഇതിന്റെ സവിശേഷതകളാണ്. ടെറസില്‍ സ്ഥിതി ചെയ്യുന്ന ഗോപുരം നല്ല കാറ്റു കിട്ടുന്ന സ്ഥലമാണ്. അവിടെ ഇരുന്നു സംഗീതം അഭ്യസിക്കാന്‍ എന്തു രസമായിരിക്കും എന്നു ഞാനോര്‍ത്തു. ചുറ്റുമുള്ള ഉദ്യാനത്തില്‍ ഏതാനും മിനുട്ടുകള്‍ ചെലവഴിച്ചതിനു ശേഷം അവിടെ നിന്ന് ഇറങ്ങി.
തിരിച്ചു അഞ്ചു കിലോമീറ്റര് വണ്ടി ഓടിച്ചു മാണ്ട്വി ടൗണില്‍ എത്തി അവിടുത്തെ വിന്‍ഡ്ഫാം ബീച്ചിലേക്കുള്ള വഴി ചോദിച്ചു. ടൗണില്‍ നിന്ന് ഏതാണ്ട് രണ്ടു കിലോമീറ്റര്‍ തെക്കോട്ടു മാറിയാണ് ബീച്ച്. അവിടെ എത്തി മണലില്‍ കഷ്ടപ്പെട്ടു വണ്ടി പാര്‍ക്ക് ചെയ്തു നേരെ ബീച്ചിലേക്കു നടന്നു. മല്‍സ്യബന്ധനം തീരെ കുറവായതുകൊണ്ട് സാധാരണ ബീച്ചില്‍ പോകുമ്പോള്‍ കിട്ടുന്ന മീന്മണം ഇവിടെ കിട്ടിയില്ല. കുറെയേറെ ഒട്ടകങ്ങള്‍ അവിടെ സവാരിക്കായി കാത്തു നിന്നിരുന്നു.
ബീച്ചില്‍ തിരക്ക് കുറവാണ്. ഗുജറാത്ത് വിന്‍ഡ്ഫാംസ് ലിമിറ്റഡിന്റെ പ്രവര്‍ത്തനരഹിതമായ എട്ടു പത്തു കാറ്റാടി മില്ലുകള്‍ അവിടെ കണ്ടു. മണലില്‍ ഇരുന്നു എത്ര നേരം വിദൂരതയിലേക്ക് കണ്ണും നട്ട് ഇരുന്നു എന്നറിയില്ല. പെട്ടെന്ന് ഒരു ചിറകടി ശബ്ദം കേട്ടുകൊണ്ടാണ് മനോരാജ്യത്തില്‍ നിന്നുണര്‍ന്നത്. നോക്കിയപ്പോള്‍ ഒരു വലിയ പറ്റം കടല്കാക്കകള്‍ എന്റെ ശിരസ്സിനു മുകളില്‍ വലം വെച്ചുകൊണ്ട് പറക്കുന്നു. അതില്‍ ഭാവി ജൊനാഥനും ശിഷ്യന്മാരും ഉണ്ടാകുമെന്നു ഞാനോര്‍ത്തു.
സൂര്യാസ്തമയത്തോടെ തിരിച്ച് വണ്ടി ഓടിക്കാന്‍ തുടങ്ങി. ഏതാണ്ട് ഏഴുമണിയോടെ ഞാന്‍ ഭുജില്‍ തിരിച്ചെത്തി. വണ്ടി തിരിച്ചേല്‍പ്പിക്കാനായി അതിന്റെ കടയില്‍ എത്തിയപ്പോഴേക്കും നല്ലവണ്ണം ക്ഷീണിച്ചിരുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ മറന്നു എന്ന് അപ്പോഴാണ് മനസ്സിലാവുന്നത്. അവിടെ കുറച്ച് നേരം ഇരുന്നു അഹമ്മദാബാദിലേക്കുള്ള അന്നു രാത്രിയിലെ ബസിനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് ഞാന്‍ പുറത്തിറങ്ങി. അടുത്തുള്ള ഹോട്ടലായിരുന്നു ലക്ഷ്യം. രാജ്മഹല്‍ ഹോട്ടലില്‍ കയറി ജൈന രീതിയിലുള്ള പുലാവും ഒരു ലൈം ടീ യും കഴിച്ച് ഒന്പതരയോടു കൂടി അഹമ്മദാബാദ് ബസ് കയറി.
PS: ചരിത്രവും സാംസ്‌കാരിക കൈമാറ്റങ്ങളും ഉറങ്ങുന്ന ഗുജറാത്ത് അപൂര്‍വങ്ങളായ ഭൂപ്രകൃതികളും ജീവജാലങ്ങളും നിറഞ്ഞ ഒരു സ്ഥലം കൂടിയാണ്. അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു സ്ഥലം തന്നെയാണ് രണ്‍ ഓഫ് കച്ഛ്. അവര്‍ പറയുന്നത് വളരെ ശരിയാണ്. “कच्छ नहीं देखा तो कुछ नहीं देखा। “(കച്ഛ് കണ്ടിട്ടില്ലെങ്കില്‍ ഒന്നും കണ്ടിട്ടില്ല).