തിരുവനന്തപുരം ഏകദിനം: ടിക്കറ്റ് വില്‍പ്പന 17 മുതല്‍
- നവംബര്‍ 1ന് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്റൗട്ടോ എടുത്ത് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം
1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ പങ്ക് കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.
30ന് ഉച്ചക്ക് ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ ഇരു ടീമുകളും തിരുവനന്തപുരത്തെത്തും. 31 രാവിലെ വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമും സ്പോര്‍ട്ട്സ് ഹബ്ബില്‍ പരിശീലനം നടത്തും. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്.
മത്സരത്തിന്റെ ഒരുക്കങ്ങള്‍ ദൃുതഗതിയില്‍ നടന്ന് വരികയാണ്. കെസിഎ ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പിച്ച് നിര്‍മാണം അവസാന ഘട്ടത്തിലാണ്. സ്പോര്‍ട്ട്സ് ഹബ്ബില്‍ പുതുതായി കോര്‍പ്പറേറ്റ് ബോക്സുകള്‍ നിര്‍മിച്ചു. കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. മത്സരത്തിന്റെ സംഘാടക സമിതി പേട്ട്രണ്‍ കൂടിയായ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ കളി കാണാനെത്തും.
കുടുംബശ്രീ,ജയില്‍ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാകും മത്സരദിനം സ്റ്റേഡിയത്തിലെ ഭക്ഷണ വിതരണം. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും.
റിഡ്ജ് മീഡിയ ആന്റ് ഇവന്റ്സാണ് മത്സരത്തിന്റെ മാര്‍ക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. അനന്തപുരി ഹോസ്പിറ്റല്‍സാണ് മെഡിക്കല്‍ പാര്‍ട്ട്ണര്‍.
സംഘാടക സമിതി മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉത്ഘാടനം ചെയ്യ്തു.
തിരുവനന്തപുരം; ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന്റെ സംഘാടക സമിതി ദേവസ്വം- സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉത്ഘാടനം ചെയ്യ്തു. കഴിഞ്ഞ നവംബറില്‍ നടന്ന ടി20 മത്സരം അവിസ്മരണീയമാക്കിയതിനാലാണ് ഏകദിനത്തിനായി തിരുവനന്തപുരം സ്റ്റേഡിയത്തെ വീണ്ടും തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. അതിന് കേരള ക്രിക്കറ്റ് അസോസിയേഷനെ അനുമോദിക്കുന്നതായി മന്ത്രി പറഞ്ഞു. ഭാവിയില്‍ തിരുവനന്തപുരം ടെസ്റ്റ് ക്രിക്കറ്റ് വേദിയായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മത്സര വരുമാനത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിലൂടെ കെസിഎ സംസ്ഥാന പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും തിരുവനന്തപുരത്തെ മത്സരത്തിനുണ്ടാകും.
സ്പോര്‍ട്ട്സ് ഹബ്ബിന് സത്പേരുണ്ടാക്കിയത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന് ഏകദിനത്തിന്റെ ഉപദേശക സമിതി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ വി.ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെസിഎ സ്വരൂപിച്ച 50 ലക്ഷം രൂപ ശനിയാഴ്ച്ച മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ചടങ്ങില്‍ കെസിഎ ട്രഷറര്‍ കെ.എം. അബ്ദുറഹിമാന് പ്രഖ്യാപിച്ചു. കെസിഎ നേരത്ത 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
കെസിഎ പ്രസിഡണ്ട് സജന് കെ.വര്‍ഗീസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോര്പ്പറേഷന് വിദ്യാഭ്യാസ-കായിക സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് സുദര്ശനന്, ബിസിസിഐ അംഗം ജയേഷ് ജോര്‍ജ്, കെസിഎ ജോയിന്റ് സെക്രട്ടറി രജിത്ത് രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. കെസിഎ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായര്‍ സ്വാഗതവും ട്രഷറര്‍ കെ.എം അബ്ദുറഹിമാന് നന്ദിയും പറഞ്ഞു.