News

കേരളത്തിലെ ഡാമുകൾ സുരക്ഷിതം; വിദഗ്ധ സമിതി റിപ്പോർട്ട് നൽകി

കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ.എ. ജോഷി (ചീഫ് എഞ്ചിനീയര്‍, ജലസേചനം) ബിബിന്‍ ജോസഫ് (ചീഫ് എഞ്ചിനീയര്‍, ഡാം സേഫ്റ്റി, കെ.എസ്.ഇ.ബി) എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

മുല്ലപ്പെരിയാര്‍ ഒഴികെയുളള ഡാമുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ കേരളത്തിലെ ഡാമുകളും ബാരേജുകളും സുരക്ഷിതമാണെന്ന് കമ്മിറ്റി വിലയിരുത്തി.

ഡാമുകളുടെയും ബാരേജുകളുടെയും നിലവിലുള്ള സ്പില്‍വേകള്‍ക്ക് ഇയിടെയുണ്ടായ പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

പെരിങ്ങല്‍ക്കുത്ത് റിസര്‍വോയര്‍ മാത്രമാണ് കവിഞ്ഞൊഴുകിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്.

എല്ലാ ഡാമുകളുടെയും പരമാവധി ജലനിരപ്പ് നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ച് ഹൈഡ്രോളജി പഠനം നടത്തേണ്ടതാണ്. അതോടൊപ്പം എല്ലാ പ്രധാന ഡാമുകളുടെയും പരമാവധി സംഭരണശേഷിയില്‍ (ഫുള്‍ റിസര്‍വോയര്‍ ലവല്‍) ജലം സംഭരിക്കുമ്പോള്‍ ഉണ്ടാകാനിടയുളള പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനങ്ങള്‍ ആവശ്യമാണ്. ഡാമിന്‍റെ സുരക്ഷിതത്വം, ഭൂചലന അവസ്ഥയില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

ഡാമുകളുടെ ഉയരം കൂട്ടുക, സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുക ഡാമില്‍ അടിഞ്ഞുകൂടിയിട്ടുളള ചെളി നീക്കം ചെയ്യുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഡാമിന്‍റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. മേല്‍പറഞ്ഞ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു