Kerala

വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍

നിരത്തുകളില്‍ ഗതാഗത നിയമം ലംഘിക്കുക എന്നത് സര്‍വസാധാരണമായ കാര്യമാണ് അതു കൊണ്ട് തന്നെ ഓരോദിവസവും അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ക്യാമറാക്കണ്ണില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ കുടുങ്ങില്ലെന്ന് കരുതിയാവും പലരും ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നത്.

എന്നാല്‍ അതിനുള്ള വെള്ളം അങ്ങ് വാങ്ങി വച്ചോളൂ എന്നാണ് ഇത്തരം ഡ്രൈവര്‍മാരെയും വാഹന ഉടമകളെയും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരക്കാരെ കുടുക്കാന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ (എ.എന്‍.പി.ആര്‍.) ക്യാമറകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമായി അപകടത്തിനും അതിവേഗത്തിനും സാധ്യതയുള്ളയിടങ്ങളിലായിരിക്കും ഇവ സ്ഥാപിക്കുക. ചുവപ്പുസിഗ്നല്‍ മറികടക്കുന്ന വാഹനങ്ങള്‍ കണ്ടെത്താനും ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവരെ തിരിച്ചറിയാനുമാണ് ഈ ക്യാമറകള്‍ സ്ഥാപിക്കുന്നത്.

180 കോടി രൂപ ചെലവിട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് പദ്ധതിരേഖ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സേവനദാതാക്കളെ കണ്ടെത്തുന്നതിന് ടെന്‍ഡറിനുള്ള അനുമതിനല്‍കി.

റോഡുകളുടെ അവസ്ഥ, റോഡുകളുടെ വിവരങ്ങള്‍ തുടങ്ങിയവയും വാഹനയാത്രക്കാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ പൂര്‍ണമായും ഡിജിറ്റലായ നിയന്ത്രണസംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നോഡല്‍ ഏജന്‍സിയായി ഏഴംഗസംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചു.

ഈ ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ കുറ്റക്കാരെ കണ്ടെത്താനും ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങളുടെയും വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി തന്നെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെത്താനും സഹായിക്കും. പിഴയടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡിജിറ്റലാകും. പിഴയിനത്തില്‍ ലഭിക്കുന്ന തുക സര്‍ക്കാരുമായി പങ്കുവയ്ക്കണമെന്ന മാനദണ്ഡംകൂടി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗതാഗതനിയന്ത്രണത്തിന് നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും ഗതാഗതനിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാനും വാഹനാപകടനിരക്ക് കുറയ്ക്കാനുമൊക്കെ പുതിയ പദ്ധതി സഹായകമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.