കണ്ണൂര്‍ വിമാനത്താവളം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാന്‍ ഒരുങ്ങി ഗതാഗത വകുപ്പ്
എയര്‍പോര്‍ട്ടിനുള്ളിലെ സര്‍വീസ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നാളെ തിരുവനന്തപുരത്ത് നടക്കുന്ന എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി സൗഹാര്‍ദ്ദ നയത്തിന്റെ ഭാഗമായി വിമാനത്താവളത്തിനുള്ളില്‍ സവ്വീസ് നടത്തുന്ന ബസുകളും ഗ്രൗണ്ട് ജീവനക്കാരുടെ വാഹനങ്ങളും ഇലക്ട്രോണിക് വാഹനങ്ങളാക്കുന്ന കാര്യം പരിഗണനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്.
വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമ്പോളുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് എത്ര കമ്പനികള്‍ സര്‍വ്വീസ് നടത്തുമെന്ന കാര്യത്തിലും യോഗത്തില്‍ ധാരണയാകും. അപേക്ഷ നല്‍കിയ കമ്പനികളുടെ പ്രതിനിധികളുമായി എംഡിയുടെ അധ്യക്ഷതയില്‍ ആയിരിക്കും യോഗം.
രാജ്യാന്തര സര്‍വ്വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി കിട്ടിയിട്ടില്ലെങ്കിലും സര്‍വീസ് തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച വിദേശ വിമാന കമ്പനികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കിയാല്‍ അധികൃതര്‍ പറയുന്നത്