Kerala

ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി

അഗസ്ത്യാര്‍കൂടവും തിരുവനന്തപുരം നഗരവും അറബിക്കടലുമെല്ലാമടങ്ങുന്ന പ്രകൃതിയുടെ ചാരുത കണ്ടാസ്വദിക്കാനാകുന്ന ശാസ്താപാറ തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകുന്നു. ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

മൂന്ന് മണ്ഡപങ്ങളും, കവാടവും, പടിക്കെട്ടുകളും, ഇരിപ്പിടങ്ങളും, കുടിവെള്ള വികരണ സൗകര്യങ്ങളും, സംരക്ഷണ വേലിയും അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. നിലവിലെ സ്നാക് ബാറും, ടോയ് ലെറ്റുകളും നവീകരിക്കുകയും ചെയ്യും.

ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. പതിമൂന്നര ഏക്കറോളം സ്ഥലമാണ് ശാസ്താംപാറയിലെ ടൂറിസം കേന്ദ്രത്തിലുള്ളത്. അഡ്വഞ്ചര്‍ സ്പോര്‍‍ട്സ് സെന്‍ററായി ശാസ്താംപാറയെ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഐ ബി സതീഷ് എംഎല്‍എ പറഞ്ഞു.

ഏറെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന കാട്ടാക്കട മണ്ഡലത്തിനും, ശാസ്താംപാറയ്ക്കും ശാപമോക്ഷമായി പുതിയ വികസന പദ്ധതി മാറുമെന്നും ഐ ബി സതീഷ് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കേയാണ് ശാസ്താംപാറയെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച് അവശ്യ സൗകര്യങ്ങള്‍ ഒരുക്കുകയും, സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത്.