News

ഓസ്‌ട്രേലിയയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത് കഥകളി ചിത്രം; കലാരൂപത്തിന്റെ നാടു തിരഞ്ഞ് ഓസ്ട്രേലിയക്കാര്‍:അറിയൂ ഈ ചിത്രകാരിയെ..

അങ്ങ് ഓസ്‌ട്രേലിയയിലെ ഒരു സ്ഥലത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ കഥകളി ചിത്രം. ചിത്രം കണ്ടവരൊക്കെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെ കേരളത്തിനും അത് നേട്ടമായി.


മെല്‍ബണിലെ ഡാംഡനോംഗിലെത്തുന്നവരെ സ്വീകരിക്കാനാണ്‌ കഥകളി വേഷത്തിലെ ശ്രീകൃഷ്ണനും രുഗ്മിണിയും പ്രധാന തൂണില്‍ ഉണ്ടാവുക. ഡാംഡനോംഗിലെ ഇന്ത്യന്‍ പ്രസിംക്ടിന്റെ തൂണുകളിലൊന്നില്‍ ചിത്രകാരി യോഗേശ്വരി ബിജു വരച്ചതാണ് ചിത്രം.

സിറ്റി ഓഫ് ഗ്രെറ്റർ ഡാംഡനോംഗ് കൗൺസിൽ സംഘടിപ്പിക്കുന്ന പബ്ലിക് ആർട് പ്രൊജക്റ്റിന്റെ ഭാഗമായാണ് ലിറ്റിൽ ഇന്ത്യ പ്രസിംക്ടിന്റെ കവാടത്തിലുള്ള തൂണില്‍ യോഗേശ്വരിയുടെ ചുവര്‍ ചിത്ര രചന.

ഡാംഡനോംഗിൽ നിരവധി മലയാളികളുമുണ്ട്. കേരളത്തെ പ്രതിനിധാനം ചെയ്യുന്നതിനാണ് കഥകളി ചിത്രം തെരഞ്ഞെടുത്തതെന്ന് യോഗേശ്വരി ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

ലിറ്റിൽ ഇന്ത്യ പ്രിസിംക്ടിനുവേണ്ടി ചിത്രങ്ങൾ ഒരുക്കുന്നതിനായി വിക്ടോറിയയിലെ കലാകാരന്മാരിൽ നിന്നും നഗരസഭ താത്പര്യ പത്രംക്ഷണിച്ചിരുന്നു.

ഇതേത്തുടർന്നാണ് ഈ അവസരം തന്നെ തേടിയെത്തിയതെന്ന് യോഗേശ്വരി പറയുന്നു. പെയിന്റിംഗിന്റെ ഡിസൈൻ, പ്രമേയം എന്നിവ കണക്കിലെടുത്താണ് കൗൺസിൽ അപേക്ഷ പരിഗണിച്ചത്

കേസി സിറ്റി കൗൺസിലിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന യോഗേശ്വരിയുടെ താത്പര്യം കേരള മ്യൂറൽ പെയ്ന്റിങിലാണ്.  ചെന്നൈയിലാണ് യോഗേശ്വരി പഠിച്ചതും വളര്‍ന്നതും. ഭര്‍ത്താവ് ബിജു  രാമകൃഷ്ണന്‍ ചാലക്കുടി മോതിരക്കണ്ണി സ്വദേശിയാണ്. രണ്ടു മക്കളുണ്ട്. ഇപ്പോള്‍ മെല്‍ബണില്‍  താമസിക്കുന്ന ഇരുവര്‍ക്കും ചാലക്കുടിയില്‍ വീടുണ്ട്.

കേരള സംസ്കാരവും കലയും ഓസ്‌ട്രേലിയൻ പൊതു സമൂഹത്തിന് മുന്നിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന യോഗേശ്വരിയുടെ ചിത്രം അടുത്ത അഞ്ചു വർഷം ഇതേ തൂണിലുണ്ടാകും.