News

നെഹ്രുട്രോഫി വള്ളംകളി നവംബറില്‍; പ്രഖ്യാപനം അടുത്തയാഴ്ച്ച

പ്രളയത്തെ തുടർന്നു മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി നവംബറിൽ നടത്തും. ആർഭാടങ്ങളില്ലാതെ ചെലവു ചുരുക്കിയാകും മത്സരം സംഘടിപ്പിക്കുക. പുതുക്കിയ തീയതി ഒൻപതിനു ചേരുന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ പ്രഖ്യാപിക്കുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു.

കുട്ടനാടിന്റെയും ടൂറിസം മേഖലയുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണു വള്ളംകളി നടത്തുക. നാട്ടുകാരായ പ്രായോജകരെ കണ്ടെത്തും. എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ട‌ാം ശനിയാഴ്ചയാണു നെഹ്റു ട്രോഫി നടക്കാറുള്ളത്. രണ്ടാം ശനിയിൽത്തന്നെ നടത്തണമെന്നാണു പൊതു അഭിപ്രായം. റജിസ്ട്രേഷൻ നേരത്തേ പൂർത്തീകരിച്ചതിനാൽ അത്തരം നടപടികൾക്കു താമസമില്ല.

ചിത്രം: മോപ്പസാംഗ് വാലത്ത്

വള്ളംകളി നടത്താതിരുന്നാൽ ബോട്ട് ക്ലബ്ബുകൾക്കു വൻ നഷ്ടമുണ്ടാകുമെന്നും ടൂറിസം മേഖലയ്ക്ക് ആഘാതമാകുമെന്നും ഹൗസ്ബോട്ട് അസോസിയേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ബോട്ട് ക്ലബുകൾക്കു നഷ്ടപരിഹാരം നൽകാമെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം.ഇക്ബാൽ പറഞ്ഞു