മൂന്നാറും തേക്കടിയും പോകാം ചൊവ്വാഴ്ച മുതൽ: അനിശ്ചിതകാല യാത്രാ നിരോധനം പിൻവലിച്ചു
നീലക്കുറിഞ്ഞി കാണാൻ പോകാം. ചൊവ്വാഴ്ച മുതൽ . മൂന്നാർ, തേക്കടി അടക്കം ഇടുക്കി ജില്ലയിലെ ഏതു വിനോദ സഞ്ചാര കേന്ദ്രത്തിലും ഒക്ടോബർ 9 മുതൽ പോകാമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി. നേരത്തെ ഏർപ്പെടുത്തിയ അനിശ്ചിതകാല യാത്രാ നിരോധനത്തിൽ ജില്ലാ കലക്ടർ ഭേദഗതി വരുത്തി.
മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മാസം 5 മുതൽ 8 വരെ മാത്രമാണ് സഞ്ചാരികൾക്കുള്ള നിരോധനമെന്ന് ജില്ലാ കലക്ടറുടെ അറിയിപ്പിലുണ്ട്.
പ്രളയക്കെടുതിയിൽ നിന്ന് ഇടുക്കിയിലെ ടൂറിസം കര കയറുന്നതിനിടെയാണ് വീണ്ടും കനത്ത മഴ എത്തിയത്. കാലാവസ്ഥ പ്രവചനത്തെത്തുടർന്ന് ഇടുക്കിയിൽ ജില്ലാ കലക്ടർ വിനോദ സഞ്ചാര നിരോധനം പ്രഖ്യാപിച്ചിരുന്നു.
അനിശ്ചിതകാല നിരോധനം ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്നതിനാൽ ടൂറിസം സെക്രട്ടറി റാണി ജോർജിന്റെ ഇടപെടലിനെത്തുടർന്നാണ് പുതിയ തീരുമാനം.