News

ബംഗളൂരുവിന് ഒരു ട്രെയിൻ കൂടി; ഹംസഫർ ഫ്ലാഗ് ഓഫ് 20 ന്

ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി റെയിൽവേ മന്ത്രാലയം അനുവദിച്ചു. ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസ്സാണ് അനുവദിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച കത്ത് റെയിൽവേ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു നൽകി. മന്ത്രി കണ്ണന്താനത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതെന്ന് പിയുഷ് ഗോയൽ പറഞ്ഞു.

ഈ മാസം 20-ാം തിയതി മന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

വ്യാഴം, ശനി എന്നി ദിവസങ്ങളിൽ  വൈകിട്ട് 6.50  ന്, കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ  വെള്ളി, ഞായർ ദിവസങ്ങളിൽ  രാവിലെ 10.45  ന് ബാനസ് വാടിയിൽ  എത്തും. അതുപോലെ  വെള്ളി, ഞായർ എന്നി ദിവസങ്ങളിൽ  വൈകീട്ട് 7  മണിക്ക്  ബാനസ് വാടിയിൽ നിന്ന് പുറപ്പെടുന്ന ഹംസഫർ എക്സ്പ്രസ്സ് യഥാക്രമം ശനി, തിങ്കൾ എന്നി ദിവസങ്ങളിൽ  രാവിലെ 9.05  ന് കൊച്ചുവേളിയിൽ എത്തും.