രാജസ്ഥാനില്‍ ഇനി സംഗീതമഴയുടെ ദിനരാത്രങ്ങള്‍; കബീര്‍ സംഗീത യാത്രയ്ക്ക് തുടക്കം
ഇനി രാജസ്ഥാനില്‍ ആറു ദിവസം സംഗീതമഴയുടെ ദിനരാത്രങ്ങള്‍. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് കലാകാരന്‍മാര്‍ ബിക്കാനറിലെത്തി. മനുഷ്യരെന്ന സ്‌നേഹമതമാണ് അനശ്വരം എന്ന് പാടി നടന്ന സൂഫി, കബീര്‍ കലാകാരന്‍മാരും നിരവധി ബാവുള്‍ കലാകാരന്‍മാരും പാട്ടുകള്‍ പാടാനായി രാജസ്ഥാനിലെ നഗര ഗ്രാമ പ്രദേശങ്ങളിലെത്തി.
മനുഷ്യര്‍ നിര്‍മ്മിച്ച ജാതി മതിലുകളാണ് കലഹങ്ങള്‍ക്ക് കാരണമെന്ന് കബീര്‍ യാത്രയ്ക്ക് എത്തിയ കലാകാരന്‍മാര്‍ പറഞ്ഞു.
ഇന്ത്യന്‍ ഫോക്ക്‌ലോര്‍ സംഗീതത്തിനും കബീര്‍ രചനകള്‍ക്കും പ്രാമുഖ്യമുള്ള സംഗീത വിരുന്നാണ് ആറു ദിവസം രാജസ്ഥാനിലെ ഗ്രാമ നഗരങ്ങളിലൂടെ പെയ്തിറങ്ങുന്നത്. ഒപ്പം വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ രുചിക്കാം. രാജസ്ഥാന്റെ വര്‍ണ്ണ വിസ്മയങ്ങളിലൂടെ അലയാം. കോട്ടകളും രാജസ്ഥാന്‍ കൊട്ടാരങ്ങളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും.
അവരുടെ ശില്പചാതുര്യങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. സംഗീതത്തിലും രാജസ്ഥാന്റെ വിസ്മയങ്ങളിലും മനം മയങ്ങാന്‍ 250 യാത്രികരാണുള്ളത്. കൂടുതല്‍ യാത്രികരായാല്‍ സംഘാടനത്തിന് ബുദ്ധിമുട്ടായതിനാല്‍ രജിസ്‌ട്രേഷന്‍ ഒരു മാസം മുമ്പേ നിര്‍ത്തിയെന്ന് സംഘാടകര്‍ വ്യക്തമാക്കി.
രാജസ്ഥാന്‍ പോലീസിന്റെ സഹകരണത്തോടെ നടക്കുന്ന സംഗീത യാത്ര ഇന്നലെ ബിക്കാനറില്‍ തുടങ്ങി 7 ന് ജോധ്പുരില്‍ സമാപിക്കും. മദന്‍ ഗോപാല്‍ സിങ്ങ്, കല്ലു റാം ബന്‍ മാനിയ, ശബ്‌നം വീര്‍മാനി, ഗൗരാദേവീ, മീരാ ബായ്, കബീര്‍ കഫേ എന്നീ പ്രമുഖ സംഗീതജ്ഞരും സംഗീത സംഘങ്ങളും യാത്രയില്‍ പങ്കാളികളാകുന്നു.
കബീര്‍ രചനകളിലെ കരുണ, സ്‌നേഹം, മതസൗഹാര്‍ദം, പ്രകൃതിയോടുള്ള ആദരവ് തുടങ്ങിയവ സമൂഹത്തില്‍ പാടി നടന്ന് അവതരപ്പിക്കയാണ് സംഗീതയാത്രയിലൂടെ ചെയ്യുന്നത്. മത സ്പര്‍ദ്ധ ലഹളകളായി മാറി മനുഷ്യര്‍ തമ്മില്‍ കലഹിക്കുന്ന ഗ്രാമങ്ങള്‍ രാജസ്ഥാനില്‍ ഇപ്പോഴും നില കൊള്ളുമ്പോള്‍ നന്മകളെ ഉണര്‍ത്തി സൗഹാര്‍ദ തണലിലെത്തിക്കാന്‍ കൂടി ഈ സംഗീതയാത്രയിലൂടെ ലക്ഷ്യമിടുന്നതായി സംഘാടകര്‍ പറഞ്ഞു.
പോലീസ് ഇങ്ങനെ ഒരു സംഗീതയാത്രയില്‍ പങ്കാളികളാകുന്നതും അതുകൊണ്ടു കൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഗീത പ്രതിരോധം ചില മാറ്റങ്ങള് ഉണ്ടാക്കി എന്നാണ് രാജസ്ഥാന്‍ പോലീസിന്റെ വിലയിരുത്തല്‍.
ബിക്കാനര്‍, ബാപ്പ് ഗ്രാമം, നച് നാ ഗ്രാമം, ജൈസാല്‍മീര്‍, മതാനിയ ഗ്രാമങ്ങളിലൂടെയുള്ള സംഗീത പ്രയാണത്തിന് ശേഷം ഒക്ടോബര്‍ 7 ന് വിസ്മയങ്ങളുടെ നഗരമായ ജോധ്പുരില്‍ സമാപിക്കും.
ഫേസ് ബുക്ക് ലൈവിലും യുട്യൂബ് ലൈവിലും സംഗീത യാത്ര ലൈവായി ആസ്വദിക്കാന്‍ സൗകര്യം ഉണ്ടെന്ന് കബീര്‍ സംഗീത യാത്രയുടെ മുഖ്യ സംഘാടകന്‍ ഗോപാല്‍ സിംഗ് പറഞ്ഞു.