കേരളം മനോഹരം ,മനമലിഞ്ഞ് ടൂർ ഓപ്പറേറ്റർമാർ

പ്രളയദുരിതത്തില്‍ നിന്ന് കരകയറിയ കേരളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍. കേരള ട്രാവല്‍ മാര്‍ട്ടിനോട് അനുബന്ധിച്ച് എത്തിയ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാരാണ് വയനാട് ഇടുക്കി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്.


ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍ക്ക് ജില്ലാ അധികാരികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്.

വയനാട് സന്ദര്‍ശനത്തിനെത്തിയത് 14 വിദേശ രാജ്യങ്ങളില്‍ നിന്ന് 51 ടൂര്‍ ഓപ്‌റേറ്റര്‍മാരാണ്. രണ്ട് ദിവസത്തെ പര്യടനത്തില്‍ ഇവര്‍ ആദ്യ ദിനം സന്ദര്‍ശിച്ചത് എടയ്ക്കല്‍ ഗുഹ, അമ്പലവയല്‍, ഫാന്റം റോക്ക്,അമ്പെയ്ത്ത് കേന്ദ്രം, കളിമണ്‍ പാത്ര നിര്‍മാണശാല എന്നീയിടങ്ങളാണ്. തുടര്‍ന്ന് ഗ്രാമീണ ജീവിതം മനസിലാക്കുന്നതിന് ആദിവാസി കോളനികളില്‍സന്ദര്‍ശനം നടത്തി. രണ്ടാം ദിനത്തില്‍ പൂക്കോട് തടാകം കുറുവാദ്വീപ്, സൂചിപ്പാറ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തും.

ഇടുക്കി സന്ദര്‍ശിക്കാനെത്തിയത് ഇരുന്നൂറ് പേരടങ്ങുന്ന ട്രാവല്‍ ഏജന്‍സി സംഘമാണ്. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടുന്ന അംഗങ്ങളുണ്ടായിരുന്നു.

ഇടുക്കി സന്ദര്‍ശനത്തിനെത്തിയ ടാവല്‍ ഏജന്‍സി സംഘത്തിനെ തേക്കടി ഡെസ്റ്റിനേഷന്‍ പ്രെമോഷന്‍ കൗണ്‍സില്‍, വ്യാപാര വ്യവസായ ഏകോപന സമിതി, തേക്കടി ഹോം സ്റ്റേ അസോസിയേഷന്‍, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഏകോപന സമതിയായ ടൂറിസം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃതത്തിലാണ് സ്വീകരണ പരിപാടികള്‍ ഒരുക്കിയത്.

തേക്കടി സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രാവല്‍ ഏജന്‍സികള്‍ക്ക് സ്വീകരണ റാലി, സാംസ്‌കാരിക പരിപാടികള്‍, ജീപ്പ് സവാരി , ജീപ്പ് സവാരി, ഫാം ടൂര്‍ അടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.

തുടര്‍ന്ന് ഇടുക്കിയിലെ ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളള്‍ സംഘം സന്ദര്‍ശിച്ചു. ഇടുക്കി ജലാശയത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനായി തുടര്‍ന്നവര്‍ അഞ്ചുരുളി, കാല്‍വരി മൗണ്ട് പ്രദേശങ്ങളിലെത്തി.

അയ്യപ്പന്‍കോവില്‍ തൂക്കുപ്പാലം, ചെങ്കര കുരിശുമല, ഫാം ടൂറിസം മേഖലകള്‍, കാപ്പിത്തോട്ടങ്ങള്‍ എന്നീ ഇടങ്ങള്‍ കണ്ട് സംഘം ഇടുക്കിയുടെ വ്യത്യസ്ത രുചി വൈവിധ്യങ്ങള്‍ പരീക്ഷിച്ചു.

രണ്ടാം ദിനത്തില്‍ തേക്കടി തടാകത്തിലെ ബോട്ട് സവാരി, ആനസവാരി, ആദിവാസി നൃത്തം, ചെണ്ടമേളം എന്നിവ ആസ്വദിക്കും.