സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ ഖോര്‍ഫക്കാന്‍ തീരം ഒരുങ്ങുന്നു

യു എ ഇയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖോര്‍ഫക്കാന്‍ തീരത്ത് വന്‍ പദ്ധതി ഒരുങ്ങുന്നു. മലകളും പച്ചപ്പും വിശാലമായ തീരവും ഒരുമിക്കുന്ന ഇടം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട ഇടമാണ്.

ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്‌സ്, ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ആണു പദ്ധതി നടപ്പാക്കുക. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഖോര്‍ഫക്കാനില്‍ രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണു ലക്ഷ്യമിടുന്നതെന്നു ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജാസിം അല്‍ സര്‍കാല്‍ പറഞ്ഞു. അറേബ്യന്‍ മേഖലയിലെ ഏറ്റവും സൗന്ദര്യമുള്ള തീരദേശമേഖലകളില്‍ ഒന്നാണിത്.

പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാത്തവിധമാകും പദ്ധതികള്‍ നടപ്പാക്കുക. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഖോര്‍ഫക്കാന്‍ മാറും. കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ഖോര്‍ഫക്കാനിലെ വാദി ഷിയിലും ടൂറിസം വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. അല്‍ റഫൈസ ഡാം, ഖോര്‍ഫക്കാന്‍-ഷാര്‍ജ റോഡ് പദ്ധതി, ഖോര്‍ഫക്കാന്‍ ടണല്‍ എന്നിവിടങ്ങളിലും നവീകരണം പുരോഗമിക്കുന്നു.

ബീച്ചിന്റെ തെക്കു ഭാഗത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം തുടങ്ങുക. രണ്ടാം ഘട്ടം വടക്കന്‍ മേഖലയിലും. ആംഫി തിയറ്റര്‍, വിശാലമായ നടപ്പാത, കളിക്കളങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള മേഖല, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കച്ചവട സ്ഥാപനങ്ങള്‍, പൂന്തോട്ടം, കുളിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും ഇതര രാജ്യക്കാരും ലോഞ്ചുകളിലും മറ്റുമെത്തി ഗള്‍ഫ് പ്രവാസത്തിനു തുടക്കം കുറിച്ച തീരമാണ് ഖോര്‍ഫക്കാന്‍. തീരക്കടലിലെ പാറക്കെട്ടുകള്‍ മൂലം വലിയ തിരകള്‍ അടിച്ചുകയറില്ലെന്നതാണ് ഇവിടത്തെ പ്രത്യേകത. പ്രവാസത്തിന്റെ കഥ പറഞ്ഞ എം.ടി.വാസുദേവന്‍ നായരുടെ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’, സലിം അഹമ്മദിന്റെ ‘പത്തേമാരി’ തുടങ്ങിയ ചിത്രങ്ങള്‍ ഈ തീരത്ത് ചിത്രീകരിച്ചിട്ടുണ്ട്.