News

കേരളത്തിലെ നിരത്തുകളില്‍ വരുന്നു ഇലക്ട്രിക്ക് ഓട്ടോകള്‍

ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വൈദ്യൂത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. 2022 ഓടേ സംസ്ഥാനത്തെ നിരത്തുകളിലൂടെ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇതിന്റെ തുടക്കമെന്ന നിലയില്‍ വൈദ്യൂത ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ആവിഷ്‌കരിച്ച വൈദ്യുത വാഹനനയത്തിലാണ് തീരുമാനം.

ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് മുപ്പതിനായിരം രൂപയോ വിലയുടെ ശതമാനമോ ഇന്‍സെന്റീവ് നല്‍കാനാണ് തീരുമാനം. വാഹന നികുതിയില്‍ ഇളവ് അനുവദിക്കുന്നതിന് പുറമേ സൗജന്യ പെര്‍മിറ്റും ചാര്‍ജ് ചെയ്യാന്‍ സബ്‌സിഡി നിരക്കില്‍ വൈദ്യൂതിയും നല്‍കും.

നയം പ്രാവര്‍ത്തികമാകുന്നതോടെ കോഴിക്കോട്, തിരുവനന്തപുരം,കൊച്ചി നഗരങ്ങളില്‍ വൈദ്യുതി ഓട്ടോകള്‍ക്ക് മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാരില്‍ ഉണ്ടായിരിക്കുന്ന ധാരണ.രണ്ടുവര്‍ഷത്തിനകം വൈദ്യുതി ഉപയോഗിച്ച് ഓടുന്ന അന്‍പതിനായിരം ഓട്ടോകള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഇലക്ട്രിക് കാറുകള്‍, പരിസ്ഥിതി സൗഹൃദ ടാക്‌സികള്‍ എന്നിവയും നയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.ആയിരം ചരക്കുവാഹനങ്ങള്‍, മൂവായിരം ബസുകള്‍, നൂറ് ബോട്ടുകള്‍ തുടങ്ങിയവയും 2022 ലക്ഷ്യമിട്ടുളള വാഹനനയത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബാറ്ററി നിര്‍മ്മാണം, പവര്‍ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് മോട്ടോറുകള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും കഴിയും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനും നയം കാര്യക്ഷമമായി നടപ്പാക്കാനും സാങ്കേതിക ഉപദേശക സമിതിയെ നിയമിക്കുമെന്നും നയത്തില്‍ പറയുന്നു.