പുത്തന്‍ ടൂറിസം ഉത്പന്നങ്ങള്‍ ജനസൗഹൃദമാകണം: കെടിഎം സെമിനാര്‍
സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയിലെ പുതിയ ഉത്പന്നങ്ങള്‍ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്ന് കേരളത്തിലെ ‘ടൂറിസം മേഖലയിലെ പുതിയ ഉത്പന്നങ്ങളും താത്പര്യങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.
കെടിഎം പ്രസിഡന്‍റ് ബേബി മാത്യു, മുന്‍ പ്രസിഡന്‍റ് റിയാസ് അഹമ്മദ്, മുസിരിസ് പൈതൃക പദ്ധതി എംഡി പി എം നൗഷാദ്, ജടായു ടൂറിസം പദ്ധതി സിഇഒ അജിത് കുമാര്‍ ബലരാമന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു, കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ പ്രതിനിധി ജോസഫ്, തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. മദന്‍കുമാര്‍ എം കെ, ഹോംസ്റ്റേ സംരംഭക രഞ്ജിനി മേനോന്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുത്തത്.
സംസ്ഥാനത്തെ ജനങ്ങള്‍ തന്നെയാണ് പൈതൃകം എന്ന് റിയാസ് കോമു പറഞ്ഞു. ഒന്നാം ലക്കം മുതല്‍ ജനങ്ങളുടെ കഥയാണ് ബിനാലെ പറഞ്ഞത്. അതു കൊണ്ടു തന്നെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിലെ പൊതുസമൂഹം ബിനാലെയെ ഏറ്റെടുത്തതെന്ന് റിയാസ് ചൂണ്ടിക്കാട്ടി. ലാറ്റിന്‍ അമേരിക്കയിലും, ആഫ്രിക്കയുടെ കോണിലിരിക്കുന്നവര്‍ക്കും ഇത് അവരവരുടെ ബിനാലെയെന്ന് തോന്നിപ്പിക്കുന്നു. മനുഷ്യന്‍റെ സഹവര്‍ത്തിത്വത്തിന്‍റെ കഥയാണ് ബിനാലെയ്ക്ക് എന്നും മുന്നോട്ടു വയ്ക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സാംസ്കാരിക പൈതൃകവുമായി ഏറെ അടുത്തുനില്‍ക്കുന്നതാണ് ജടായുപ്പാറ ടൂറിസം പദ്ധതിയെന്ന് അജിത് കുമാര്‍ ബലരാമന്‍ ചൂണ്ടിക്കാട്ടി. കുട്ടിക്കാലത്ത് കേള്‍ക്കുന്ന കഥകളിലൂടെ എല്ലാവര്‍ക്കും പരിചിതമാണ് ഇതിന്‍റെ പശ്ചാത്തലം. ടൂറിസം, തീര്‍ത്ഥാടനം, സാങ്കേതിക വിദ്യ, ദൃശ്യവിരുന്ന് എന്നിവയെല്ലാം സമന്വയിക്കുന്നതാണ് ജടായുപ്പാറ. പ്രകൃതിയ്ക്ക് കോട്ടം വരാത്ത വിധത്തിലാണ് ഈ പദ്ധതി പൂര്‍ത്തിയായിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, ലോകടൂറിസം ഭൂപടത്തിലെ സുപ്രധാന ആകര്‍ഷണമായി ഇതു മാറുമെന്നും അദ്ദേഹം പറഞ്ഞു.
പൈതൃകത്തിലേക്കുള്ള തിരിച്ചു പോക്കാണ് മുസിരിസ് പദ്ധതി സഞ്ചാരികള്‍ക്ക് നല്‍കുന്നതെന്ന് പി എം നൗഷാദ് ചൂണ്ടിക്കാട്ടി. ഒരു പകല്‍ കൊണ്ട് കണ്ടു തീര്‍ക്കാം എന്നുള്ളതാണ് ഈ പദ്ധതിയെ ആകര്‍ഷകമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശങ്ങളിലടക്കം പ്രശസ്തമായതിനൊപ്പം നിരവധി തെറ്റിദ്ധാരണകളും ആയുര്‍വേദത്തെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ടെന്ന് ഡോ. മദന്‍ ചൂണ്ടിക്കാട്ടി. പുതിയ മേഖലകളിലേക്ക് ആയുര്‍വേദം കടന്നു കഴിഞ്ഞു. ഓട്ടിസവും സെറിബ്രല്‍ പാള്‍സി പോലുള്ള രോഗങ്ങള്‍ക്കുമുള്ള ചികിത്സയില്‍ ആയുര്‍വേദം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പ്രസവസംബന്ധിയായ ചികിത്സകളിലും ആയുര്‍വേദത്തിന് ഏറെ ആവശ്യക്കാരുണ്ട്. യോഗ സമര്‍ത്ഥമായി വിപണനം ചെയ്യാന്‍ നമുക്ക് സാധിച്ചെങ്കിലും വ്യക്തികേന്ദ്രീകൃതമായ യോഗാസനങ്ങളിലൂടെ മാത്രമേ യഥാര്‍ത്ഥ ഫലം ലഭിക്കൂവെന്ന കാര്യം ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍റെ നെഫര്‍റ്റിറ്റി എന്ന ഉല്ലാസനൗകയും കേരളത്തിലെ ടൂറിസം മേഖലയില്‍ പ്രധാന ആകര്‍ഷണമാകുമെന്ന് കെഎസ്ഐഎന്‍സി പ്രതിനിധി ശ്രീ ജോസഫ് ടിനു പറഞ്ഞു. ഇവര്‍ ഒരുക്കുന്ന പാക്കേജില്‍ 200 പേര്‍ക്ക് പങ്കെടുക്കാം. രാവിലെ പോയി വൈകീട്ട് തിരിച്ചെത്തുന്ന രീതിയിലാണ് ഇത് ക്രമീകരി്ച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയിലെ ജനകീയപങ്കാളിത്തത്തിന്‍റെ ഉദാഹരണമാണ് ഹോംസ്റ്റേകള്‍ എന്ന് വയനാട്ടിലെ സംരംഭകയായ രഞ്ജിനി മേനോന്‍ പറഞ്ഞു. അന്താരാഷ്ട്ര രംഗത്തെ പല പ്രശസ്തരും കേരളത്തില്‍ വരുമ്പോള്‍ ഹോംസ്റ്റേകള്‍ തെരഞ്ഞെടുക്കുന്നത് സഞ്ചാരികള്‍ക്ക് ഈ മേഖലയിലുള്ള വിശ്വാസം കൊണ്ടാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.