ആയിരങ്ങളെത്തി: കേരള ട്രാവൽ മാർട്ടിന് കൊടിയിറങ്ങി ; അടുത്ത കെ ടി എം 2020ൽ
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട്-2018 സമാപിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്ന അവസാന ദിനം ആയിരക്കണക്കിന് പേരാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്.
പ്രളയത്തിനു ശേഷം കെടിഎം പോലൊരു മേള നടത്തുന്നതിന്‍റെ ഔചിത്യം പോലും ചര്‍ച്ച ചെയ്തിരുന്നുവെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെടിഎം നടന്നില്ലായിരുന്നെങ്കില്‍ എങ്ങനെ കേരളത്തിലെ ടൂറിസം മേഖല തിരിച്ചു വരുമായിരുന്നുവെന്ന് അറിയില്ല. അതിനാല്‍ തന്നെ കെടിഎം-2018 കേരള ടൂറിസം ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ടൂറിസം മേഖലയെ പ്രദര്‍ശിപ്പിക്കുന്നതിനപ്പുറം പ്രളയാനന്തര കേരളത്തിന്‍റെ അതിജീവനം കൂടിയാണ് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ ലോകമറിഞ്ഞത്. 66 രാജ്യങ്ങളില്‍ നിന്നായെത്തിയ 545 പ്രതിനിധികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 1090 പ്രതിനിധികളും പൂര്‍ണതൃപ്തരായാണ് കെടിഎം പത്താം ലക്കത്തില്‍ നിന്നും മടങ്ങിയത്.
കേരള ട്രാവല്‍ മാര്‍ട്ടില്‍ വിശ്വാസമര്‍പ്പിച്ചതിന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു ബയര്‍മാര്‍ക്ക് നന്ദി അറിയിച്ചു. ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ടൂറിസം വ്യവസായത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ ഉറപ്പ് നല്‍കി.
കെടിഡിസി എംഡി ആര്‍ രാഹുല്‍, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ്, മുന്‍ പ്രസിഡന്‍റുമാരായ റിയാസ് അഹമ്മദ്, ഏബ്രഹാം ജോര്‍ജ്ജ്, ഇ എം നജീബ്, ജോസ് ഡോമിനിക്, കെടിഎം മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സമാപന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
സ്ഥിരം വേദിയെന്ന സ്വപ്നത്തിന് വിത്തുപാകിയാണ് കെടിഎം-2018 ന് കൊടിയിറങ്ങുന്നത്. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ആവശ്യമെന്ന് സംസ്ഥാന സര്‍ക്കാരും കെടിഎം നേതൃത്വവും വ്യക്തമാക്കി കഴിഞ്ഞു.
പ്രദര്‍ശനത്തിനും വാണിജ്യ കൂടിക്കാഴ്ചകള്‍ക്കുമപ്പുറം സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയെ സമഗ്രമായി അപഗ്രഥിക്കുന്ന നാല് സെമിനാറുകളും മേളയുടെ ഭാഗമായി നടന്നു.
പൊതുസ്വകാര്യ പങ്കാളിത്തമായിരുന്നു മേളയുടെ മുഖ്യ ആകര്‍ഷണം.സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍, പുതിയ ടൂറിസം ഉത്പന്നങ്ങള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹൗസ്ബോട്ടുകള്‍ ആയൂര്‍വേദ റിസോര്‍ട്ടുകള്‍ സാംസ്കാരിക കലാ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സജീവ പ്രാതിനിധ്യമാണ് മേളയില്‍ ഉണ്ടായിരുന്നത്.