Kerala

കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യം:  ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്

 രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യമാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി  ജോര്‍ജ്.
  
അഭൂതപൂര്‍വ്വമായ പ്രതികരണമാണ് കേരള ട്രാവല്‍ മാര്‍ട്ടിനോട് വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം മേഖല കാണിക്കുന്നതെന്ന് കെടിഎം-2018 ന്‍റെ സമാപന ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. കെടിഎമ്മില്‍ പങ്കെടുക്കാന്‍ ലഭിക്കുന്ന അപേക്ഷകളില്‍ പലതും സ്ഥലപരിമിതി കാരണം ഒഴിവാക്കേണ്ട അവസ്ഥയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ സെല്ലര്‍മാരെ ഉള്‍പ്പെടുത്താന്‍ തക്കവിധമുള്ള വേദി അടുത്ത തവണ കണ്ടെത്തുന്ന കാര്യം കെടിഎം സൊസൈറ്റി പരിഗണിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
 
പ്രളയത്തെ തുടര്‍ന്നുണ്ടായിരുന്ന ആശങ്കകള്‍ നീക്കാന്‍ കെടിഎമ്മിലൂടെ സാധിച്ചതും വലിയ നേട്ടമാണെന്ന്റാണി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
 
കെടിഎമ്മിനെത്തിയ ബയര്‍മാരില്‍നിന്ന്  കേരളത്തിന് നേരിട്ട കെടുതികളെക്കുറിച്ച് ഒന്നും മറച്ചുവച്ചില്ല എന്നുള്ളതാണ് ഈ മേളയുടെ പ്രത്യേകതയെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പറഞ്ഞു. മറിച്ച് പ്രളയബാധയില്‍ കേരളത്തിലെ ടൂറിസം വ്യവസായം നല്‍കിയ സംഭാവനകള്‍ അവരെ നേരിട്ട് മനസിലാക്കി കൊടുക്കാനും സാധിച്ചു.  ഇതു വഴി കേരളത്തിലെ ടൂറിസം വ്യവസായത്തിന് ലഭിച്ച സല്‍പ്പേര് ഇവിടെയെത്തിയ അതിഥികള്‍ വഴി ലോകത്തെങ്ങും പ്രചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
മുപ്പത്തയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്നതെന്ന് കെടിഎം പ്രസിഡന്‍റ്  ബേബി മാത്യു പറഞ്ഞു. വിദേശ ബയര്‍മാരുമായി പതിനയ്യായിരത്തോളം കൂടിക്കാഴ്ചകളാണ് നടന്നത്. ആഭ്യന്തര ബയര്‍മാരുമായി  20,000 കൂടിക്കാഴ്ചകള്‍ നടന്നു. 7000 അപേക്ഷകളില്‍ നിന്നാണ് ആയിരത്തറുനൂറോളം  ബയര്‍മാരെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
കേരളത്തിനു പുറത്തുള്ള ടൂറിസം പങ്കാളികള്‍ക്കിടയില്‍ സംസ്ഥാനത്തെക്കുറിച്ചുണ്ടായിരുന്ന ആശങ്കള്‍ അകറ്റാന്‍ കെടിഎമ്മിലൂടെ കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ടൂറിസം ഉപദേശക സമിതിയംഗം  ഏബ്രഹാം ജോര്‍ജ്  ചൂണ്ടിക്കാട്ടി. കേരളത്തിലെ സെല്ലര്‍മാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കാനുള്ള മികച്ച അവസരമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
 
അടുത്ത തവണത്തെ കേരള ട്രാവല്‍ മാര്‍ട്ട് പ്ലാസ്റ്റിക്ക് രഹിതമായിരിക്കുമെന്ന് കെടിഎം സെക്രട്ടറി  ജോസ് പ്രദീപ് പറഞ്ഞു. പരിസര ശുചിത്വമാണ് ഇക്കുറി കെടിഎം-2018ന്‍റെ നയമായി പ്രഖ്യാപിച്ചത്. അതിന്‍റെ ഭാഗമായി തന്നെ പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
പ്രളയബാധിതമായ പത്ത് ഗ്രാമങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരവാദിത്ത ടൂറിസം പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചുവെന്ന് ആര്‍ടി-മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു. ചേന്ദമംഗലം, ആറന്‍മുള എന്നിവ ഉള്‍പ്പെടെയാണിത്. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ പ്രചാരണം നടത്താമെന്ന് 95 വിദേശ പ്രതിനിധികള്‍ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.