Kerala

നവകേരള നിർമ്മാണത്തിൽ കൈ കോർത്ത് ആസ്റ്റർ

ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തിലൂടെ കടന്ന് പോയ കേരളത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍. നവകേരള നിര്‍മ്മാണത്തിനായി 15 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് പ്രഖ്യാപിച്ച 15 കോടി രൂപയില്‍ നിന്ന് രണ്ടര കോടി രൂപ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡിറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും പ്രളയത്തില്‍ നശിച്ച പ്രദേശങ്ങളിലെ വീടുകള്‍ നന്നാക്കുന്നതിനുമുള്ള ആംസ്റ്റര്‍ ഹോംസ് പദ്ധതിക്കാണ് ബാക്കി തുക വിനിയോഗിക്കുക.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഡോ ആസാദ് മൂപ്പന്‍ പദ്ധതി പ്രഖ്യാപനം നടത്തിയത്. പുനര്‍നിര്‍മ്മാണ പദ്ധതയിലൂടെ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവരില്‍ സ്വന്തമായി ഭൂമി കൈവശമുള്ളവര്‍ക്ക് വ്യക്തിഗതമായി തന്നെ വീട് നിര്‍മ്മിച്ചു നല്‍കുമെന്നും, സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥലം ലഭ്യമാകുമെങ്കില്‍ വീടുകള്‍ നഷ്ടപ്പെട്ട ഒരു കൂട്ടം പേര്‍ക്ക് ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും, വിദഗ്ദ്ധരുടെ വിലയിരുത്തലിലൂടെ ഭാഗികമായി നാശം സംഭവിച്ച വീടുകള്‍ക്ക് പരമാവധി ഒന്നര ലക്ഷം രൂപ വരെ നല്‍കും, പ്രളയദുരന്തത്തില്‍ അകപ്പെട്ട ആസ്റ്റര്‍ ജീവനക്കാര്‍ക്കും പദ്ധതിയുടെ ഭാഗമായി സഹായം ലഭ്യമാകുമെന്ന് ഡോ ആസാദ് മൂപ്പന്‍ പറഞ്ഞു.

പൂര്‍ണമായി വീടുകള്‍ നശിച്ച് പോയവര്‍ക്കും ഭാഗികമായി നഷ്ടപ്പെട്ടവര്‍ക്കും www.astervoulteers.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം.അതാത് പ്രദേശത്തെ എം എല്‍ എ പഞ്ചായത്ത് പ്രസിഡന്റ് വില്ലേജ് ഓഫീസര്‍ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ഇത് കൂടാതെ കൊച്ചിആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിംസ്, വയനാട് ആസ്റ്റര്‍ വിംസ് എന്നിവടങ്ങളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളിലും അപേക്ഷകള്‍ സ്വീകരിക്കും. പദ്ധതി പ്രഖ്യാപന ചടങ്ങില്‍  ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡിറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ , ആസ്റ്റര്‍ സി ഇ ഒ ഹരീഷ് പിള്ള, ആര്‍ക്കിടെക്റ്റ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു